പരിക്ക് ഭേദമായില്ല; സാദിയോ മാനേക്ക് ഖത്തർ ലോകകപ്പ് കളിക്കാൻ ഭാഗ്യം കനിയണം
text_fieldsദോഹ: കാലിനേറ്റ പരിക്ക് ഇനിയും ഭേദമാകാതെ തുടരുന്നതിനാൽ ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗാളിന്റ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ സൂപർ താരം സാദിയോ മാനേ ഇറങ്ങില്ല. തുടർ മത്സരങ്ങളിൽ ഇറങ്ങണമെങ്കിൽ പരിക്ക് ഭേദമായാൽ മാത്രം പോരാ, ടീം നോക്കൗട്ടിലെത്തുക കൂടി വേണം.
ബുണ്ടസ്‍ലിഗ ക്ലബായ ബയേൺ മ്യൂണിക്കിനായി കളിക്കുന്നതിനിടെ ഒരാഴ്ച മുമ്പാണ് പരിക്കുമായി മൈതാനത്ത് വീണത്. 30 കാരന് ശസ്ത്രക്രിയ ആവശ്യമില്ലെങ്കിലും വിശ്രമം വേണമെന്ന് സെനഗാൾ കോച്ച് അലിയൂ സിസെ പറഞ്ഞു.
അടുത്ത തിങ്കളാഴ്ചയാണ് ടീമിന്റെ ലോകകപ്പിലെ ആദ്യ അങ്കം. അതും യൂറോപ്യൻ കരുത്തരായ പറങ്കിപ്പടക്കെതിരെ. നവംബർ 25ന് ഖത്തറും നാലു നാൾ കഴിഞ്ഞ് എക്വഡോറുമാണ് ഗ്രൂപ് എയിലെ അടുത്ത എതിരാളികൾ.
സാദിയോ മാനേ ഇല്ലാതെ കളിച്ച് തുടർമത്സരങ്ങളിൽ താരത്തിനൊപ്പം മുന്നേറുകയാണ് ലക്ഷ്യമെന്ന് സെനഗാൾ ഫുട്ബാൾ ഫെഡറേഷൻ വക്താവ് അബ്ദൂലയ് സോ പറഞ്ഞു.
ആഫ്രിക്കൻ കപ്പ് ഫൈനലിൽ ഈജിപ്തിനെതിരെ മുഴുസമയത്തും അധിക സമയത്തും തീരുമാകാനാതെ വന്നതോടെ ഷൂട്ടൗട്ടിൽ നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടീമിനെ വൻകരയുടെ ചാമ്പ്യന്മാരാക്കിയ വീരനായകനാണ് സാദിയോ മാനെ. അതിനാൽ, പരിക്ക് ഉടൻ മാറി ടീമിനൊപ്പം താരവും എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

