''ആ ഹാൻഡ്ബാളിന് ഞാൻ മാപ്പുപറയില്ല'', ഘാനക്ക് ലോകകപ്പ് ക്വാർട്ടർ നിഷേധിച്ച സംഭവത്തിൽ സുവാരസ്
text_fields2010 ലോകകപ്പിൽ കളി അവസാന വിസിലിന് കാത്തുനിൽക്കെയായിരുന്നു അന്ന് ഘാന അർഹിച്ച ഗോൾ സുവാരസ് കൈകൊണ്ട് തടുത്തിട്ടത്. ഗോളിയെ കീഴടക്കിയ പന്ത് വലക്കണ്ണികളിലേക്ക് പറക്കുമ്പോഴായിരുന്നു ഗോൾലൈനിൽനിന്ന സുവാരസ് കൈകൊണ്ട് തട്ടി മാറ്റിയത്. സുവാരസിന് ചുവപ്പുകാർഡ് നൽകി പുറത്താക്കിയ റഫറി ഘാനക്ക് അനുകൂലമായി പെനൽറ്റി അനുവദിക്കുന്നു. കിക്കെടുത്ത ഘാന താരത്തിന്റെ ഷോട്ട് പക്ഷേ, ക്രോസ്ബാറിൽ തട്ടി പുറത്തേക്ക്. തലയിൽ കൈവെച്ചു നിന്ന ഘാന താരങ്ങൾക്കു മുന്നിൽ താരരാജാവിന്റെ പരിവേഷത്തോടെ സുവാരസും സംഘവും ക്വാർട്ടറിലേക്ക്.
ഉറുഗ്വായ്ക്കെതിരെ അത് ഗോളായിരുന്നെങ്കിൽ ഘാന കളി ജയിച്ച് നോക്കൗട്ടിലെത്തുമായിരുന്നു. അത് സംഭവിച്ചില്ലെന്നു മാത്രമല്ല, സുവാരസിന്റെ ഹാൻഡ്ബാളിൽ കടന്ന ഉറുഗ്വായ് സെമി വരെ മുന്നേറുകയും ചെയ്തു. ഡച്ചുകാർക്കുമുന്നിലായിരുന്നു സെമിയിൽ അന്ന് ടീം പൊട്ടിയത്.
12 വർഷം മുമ്പത്തെ ഓർമകൾ വീണ്ടും സജീവമാക്കിയാണ് നിർണായക മത്സരത്തിൽ ഘാനയും ഉറുഗ്വായിയും മുഖാമുഖം വരുന്നത്. മൂന്നു പോയിന്റുമായി രണ്ടാമതുള്ള ഘാനക്ക് ഇന്ന് ജയിക്കാനായാൽ പഴയ കണക്കുകൾക്ക് മധുരപ്രതികാരമാകും. ഒപ്പം നോക്കൗട്ട് പ്രവേശനവും. സമനിലയായാൽ പോലും സാധ്യത കൂടുതൽ. മറുവശത്ത്, ദക്ഷിണ കൊറിയ കരുത്തരായ പോർച്ചുഗലിനെ രണ്ടു ഗോളിനെങ്കിലും തോൽപിക്കണം.