ജർമനിയെ പുറത്താക്കി ജപ്പാനെ പ്രീക്വാർട്ടറിലെത്തിച്ച ആ ഗോൾ എങ്ങനെ ഗോളായി?
text_fieldsറഷ്യക്കു പിന്നാലെ ഖത്തറിലും ലോകകപ്പിൽനിന്ന് ജർമനി നേരത്തെ മടങ്ങിയതിന്റെ കാരണമായി ആരാധകർ ചൂണ്ടിക്കാട്ടുന്നത് സ്‍പെയിനിനെതിരെ ജപ്പാൻ അടിച്ച രണ്ടാം ഗോളാണ്. അക്ഷരാർഥത്തിൽ കളംഭരിച്ച് സ്‍പെയിൻ നിറഞ്ഞാടിയ കളിയിൽ മൂന്നു മിനിറ്റ് ഇടവേളകളിലായിരുന്നു ജപ്പാന്റെ രണ്ടു ഗോളുകൾ. ഒരു ഗോളിന് പിന്നിട്ടുനിന്ന ടീം ആദ്യ ഗോളിൽ സമനില പിടിക്കുകയും തൊട്ടുപിറകെ വീണ്ടും വെടിപൊട്ടിച്ച് ജയം പിടിക്കുകയുമായിരുന്നു.
അൽവാരോ മൊറാറ്റയിലൂടെ തുടക്കത്തിൽ ലീഡ് പിടിച്ച സ്‍പെയിനെ ഞെട്ടിച്ച് ഇടവേള കഴിഞ്ഞയുടനാണ് ജപ്പാൻ ഗോൾ എത്തുന്നത്. സ്പാനിഷ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ആദ്യ ഷോട്ട് ഗോളി ഉനയ് സൈമൺ തടുത്തിട്ടെങ്കിലും തിരിച്ചെത്തിയത് ജപ്പാൻ താരം റിറ്റ്സു ഡോവന്റെ കാലുകളിൽ. അവസരമേതും നൽകാതെ പായിച്ച ബുള്ളറ്റ് ഷോട്ട് വലയിലെത്തി. സമനിലയിലായതോടെ ഊർജം ഇരട്ടിയാക്കിയ ജപ്പാൻ പിന്നെയും ആക്രമണം തുടർന്നു. ഇരച്ചെത്തിയ ജപ്പാൻ സേനയുടെ മിന്നൽനീക്കങ്ങളിൽ തെല്ലു പരിഭ്രമിച്ചുപോയ സ്പാനിഷ് പ്രതിരോധത്തെ കടന്നായിരുന്നു വിവാദ ഗോൾ. ബോക്സിൽ ഇടതുവിങ്ങിലൂടെ എത്തിയ പന്ത് വലയിലെത്തിക്കാൻ രണ്ടു ജപ്പാൻ താരങ്ങൾ ഓടിയെത്തുന്നു. പുറത്തേക്ക് വര കടന്നെന്നു തോന്നിച്ച ഘട്ടത്തിൽ വീണുകിടന്ന് കവോരു മിറ്റോമ പന്ത് പോസ്റ്റിലേക്ക് മറിച്ചുനൽകുന്നു. ജപ്പാൻ ഗോളിക്കും പ്രതിരോധ താരത്തിനുമിടയിൽ ചാടിപ്പിടിച്ച തനാകയുടെ ചെറിയ സ്പർശത്തിൽ പന്ത് വലയിൽ.
ലൈൻ റഫറി കൊടി ഉയർത്തിയ പന്തിൽ റഫറി ഗോൾ അനുവദിച്ചില്ല. ഓഫ്സൈഡാകാമെന്നു തോന്നിച്ചെങ്കിലും വല കുലുക്കുംമുമ്പ് പുറത്തുപോയ പന്താണോയെന്ന 'വാർ' പരിശോധനയാണെന്ന് പിന്നീട് മനസ്സിലായി. പ്രാഥമിക കാഴ്ചയിൽ ബോക്സിന്റെ ഇടതുമൂലയിൽ പന്ത് ശരിക്കും വര കടന്ന് പുറത്തുപോയിടത്തുനിന്നാണ് ഗോളാകുന്നത്. എന്നാൽ, പന്തിന്റെ അടി ഭാഗം മാത്രമല്ല, അരികുകളും വര കടക്കണമെന്നാണ് രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ (ഐ.എഫ്.എ.ബി) ചട്ടം. ഉരുണ്ട പന്തിന്റെ അടി ഭാഗം കടന്നാലും കുറച്ചുഭാഗം വൈകിയാകും പുറത്തെത്തുക. ഇതാണ് ജപ്പാന് തുണയായത്.
സ്വാഭാവികമായും ഈ നിയമപ്രകാരം ജപ്പാന് ഗോൾ അനുവദിക്കാൻ 'വാർ' നിർദേശിച്ചു. വിഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതോടെ 'വാർ' പരിശോധനകൾ കളിയെ കൊല്ലുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ ആഘോഷിച്ചു. ഗാരി നെവിൽ ഉൾപ്പെടെ മുൻനിര താരങ്ങൾ പോലും ഇതിൽ സംശയം പ്രകടിപ്പിച്ചു രംഗത്തെത്തി. 'വാർ കളിയെ ഇല്ലാതാക്കുന്നു'വെന്നായിരുന്നു വിമർശനം.
എന്നാൽ, ഗോൾലൈനിലെ കാമറ പരിശോധിച്ചപ്പോൾ പന്തിന്റെ വളരെ ചെറിയ അംശം വരയിൽതന്നെയാണെന്നു കണ്ടെത്തിയതാണ് സ്വീകരിച്ചതെന്ന് ഫിഫ പറയുന്നു.