ബ്രസീലിനെതിരെ ഗോൾ നേടിയ കാമറൂൺ താരം വിൻസെന്റ് അബൂബക്കർ മലപ്പുറത്ത് സെവൻസ് കളിച്ചിരുന്നോ? വാസ്തവമറിയാം
text_fieldsഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരങ്ങളിലൊന്നിൽ ബ്രസീലിന് ഈ ലോകകപ്പിലെ ആദ്യ തോൽവി സമ്മാനിച്ച് കാമറൂണിനായി ഗോൾ നേടി ഹീറോ ആയ വിൻസന്റ് അബൂബക്കറാണിപ്പോൾ താരം. കളി അവസാന വിസിലിനരികെ നിൽക്കെ 93ാം മിനിറ്റിലായിരുന്നു കാമറൂൺ നടത്തിയ പ്രത്യാക്രമണത്തിൽ വിൻസെന്റ് അബൂബക്കറിന്റെ മിന്നും ഗോൾ എത്തുന്നത്. വലതുവിങ്ങിൽനിന്ന് നീട്ടി ലഭിച്ച ക്രോസിൽ താരം തലവെക്കുമ്പോൾ ബ്രസീൽ ഗോളി എഡേഴ്സണ് ഒന്ന് ശ്രമിക്കാൻ പോലുമായില്ല. ആഘോഷം കൊഴുപ്പിച്ച് ജഴ്സി ഊരിയെറിഞ്ഞ താരത്തെ പിന്നീട് റഫറി കാർഡ് നൽകിയ പുറത്താക്കിയതും വാർത്തയായി. മുമ്പും കാർഡ് ലഭിച്ചതിനാൽ രണ്ടാം മഞ്ഞയും ചുവപ്പും കണ്ടാണ് താരം മടങ്ങിയത്. എന്നാൽ, ചുവപ്പുകാട്ടുംമുമ്പ് താരത്തെ അനുമോദിക്കാനും റഫറി മറന്നില്ല.
വിൻസന്റ് അബൂബക്കറിന്റെ ഗോൾ ആഘോഷവും കാർഡും വാർത്തയായതിനു പിന്നാലെ മലയാളക്കരയിൽ ഇതുവെച്ച മറ്റു കഥകളും പറന്നുനടക്കാൻ തുടങ്ങി. താരം മലപ്പുറത്തെ സെവൻസ് ക്ലബുകളിൽ കളിച്ച താരമാണെന്നായിരുന്നു വാർത്തകൾ. കൊടുവള്ളിയിലും മറ്റും കളിച്ചെന്ന തരത്തിൽ ചിത്രങ്ങൾ വരെ പ്രചരിച്ചു. എന്നാൽ, സൂപർ സ്റ്റുഡിയോ ഉൾപ്പെടെ ക്ലബുകൾ തന്നെ ഇതു നിഷേധിച്ച് രംഗത്തെത്തി.
എന്നല്ല, ഇന്ത്യയിൽ കളിക്കാനായി ഒരിക്കൽ പോലും എത്താത്ത താരമാണെന്ന വസ്തുതകളും പുറത്തെത്തി. ചെറുപ്രായത്തിൽ നാട്ടിലെ 'കോട്ടൺ സ്പോർട്' ക്ലബിൽ പന്തു തട്ടി തുടങ്ങിയ താരം 2010ൽ യൂറോപിലെത്തിയ കളിക്കാരനാണ്. അതിവേഗമാണ് കാൽപന്ത് മൈതാനങ്ങളിൽ സാന്നിധ്യമുറപ്പിച്ചത്. പോർട്ടോ അടക്കം യൂറോപിലെ മുൻനിര ക്ലബുകളിൽ തന്നെയായിരുന്നു മത്സരങ്ങളേറെയും. ഏറ്റവുമൊടുവിൽ സൗദിയിലെ അൽനസ്ർ ക്ലബിൽ കളിച്ചുവരുന്നു. 2010 മുതൽ കാമറൂണിനൊപ്പം ദേശീയ ജഴ്സിയിലും ഇറങ്ങുന്നുണ്ട്.
മലയാളക്കരയിൽ ഫുട്ബാളിനായി എത്തുന്ന താരങ്ങളിൽ കാമറൂണിൽനിന്ന് ആരും ഉണ്ടാകാറില്ലെന്നും ഇത് വ്യാജവാർത്തയാണെന്നും ക്ലബ് അധികൃതർ വിശദീകരിക്കുന്നു.