യു.എസ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൾ ലോകകപ്പ് റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ചു
text_fieldsലോകകപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്സിലിരിക്കുന്ന ഗ്രാന്‍റ് വാൾ
ദോഹ: പ്രമുഖ അമേരിക്കൻ സ്പോർട്സ് മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാൾ (48) ലോകകപ്പ് ഫുട്ബാൾ മത്സര റിപ്പോർട്ടിങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അർജന്റീനയും നെതർലൻഡ്സും തമ്മിലുള്ള മത്സരം കവർ ചെയ്യുന്നതിനിടെയാണ് ഗ്രാന്റ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അർജന്റീന- നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ ശനിയാഴ്ച പുലർച്ചെയാണ് ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മത്സരം അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്സിലിരിക്കെയാണ് ഗ്രാന്റ് വാൾ കുഴഞ്ഞു വീണത്. ഗ്രാന്റ് വാളിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
ഫുട്ബാൾ മത്സര റിപ്പോർട്ടിങ്ങിൽ യു.എസിലെ മാധ്യമപ്രവർത്തകരിൽ പ്രമുഖനായ ഗ്രാന്റ് വാൾ, സി.ബി.എസ് സ്പോർട്സിൽ നിരവധി കോളങ്ങൾ എഴുതിയിട്ടുണ്ട്.1994ലെ ലോകകപ്പ് ഫുട്ബാൾ മത്സരമാണ് അദ്ദേഹം ആദ്യമായി കവർ ചെയ്തത്. 1996ൽ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിൽ ജോലിയിൽ പ്രവേശിച്ച വാൾ അവിടെ 20 വർഷത്തോളം സേവനമനുഷ്ടിച്ചു.
യു.എസ് ഫുട്ബാളിന്റെ ഉയർച്ച ലേഖനങ്ങളിലൂടെ രേഖപ്പെടുത്തിയ അദ്ദേഹം, ഡേവിഡ് ബെക്കാമിന്‍റെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവിനെ കുറിച്ച് പുസ്തകം എഴുതുകയും ചെയ്തു. ഹൈസ്കൂളിൽ നിന്ന് ഉദിച്ചുയർന്ന ബാസ്കറ്റ്ബാൾ താരം ലെബ്രോൺ ജയിംസിനെ കുറിച്ചുള്ളതാണ് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രാന്റ് വാളിന്‍റെ ആദ്യ കവർ സ്റ്റോറി. ഖത്തറിലേത് ഗ്രാന്റ് വാൾ റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ ഫുട്ബാൾ ലോകകപ്പാണ്.
വാളിന്‍റെ നിര്യാണത്തിൽ യു.എസ് സോക്കർ ഫെഡറേഷൻ അനുശോചിച്ചു. വാളിന്‍റെ മരണവാർത്ത ഹൃദയം നുറുങ്ങുന്നതാണെന്ന് സോക്കർ ഫെഡറേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. ഫുട്‌ബാളിനോടുള്ള വാളിന്‍റെ അഭിനിവേശം യു.എസിന്‍റെ കായിക മേഖലയോടുള്ള പ്രതിബദ്ധതയും മനോഹര കായികയിനത്തോടുള്ള താൽപര്യവും ആദരവും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ കായികയിനങ്ങൾക്കുള്ള ശക്തിയിൽ വാളിനുള്ള വിശ്വാസം ഏവർക്കും പ്രചോദനമായിരുന്നുവെന്നും അത് നിലനിൽക്കുമെന്നും സോക്കർ ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
ഗ്രാന്റ് വാഹ് ലിന്‍റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത ഭാര്യ ഡോ. സെലിൻ ഗൗണ്ടർ, മരണവാർത്ത അറിഞ്ഞതിലുള്ള ഞെട്ടലിലാണെന്ന് വ്യക്തമാക്കി. ഭർത്താവിന് എല്ലാ പിന്തുണയും നൽകിയ ഫുട്ബാൾ കുടുംബത്തിനും ദുഃഖത്തിൽ പങ്കുചേർന്ന സുഹൃത്തുക്കൾക്കും സെലിൻ നന്ദി രേഖപ്പെടുത്തി. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊറോണ വൈറസ് ടാസ്‌ക്‌ഫോഴ്‌സിൽ സേവനം ചെയ്ത പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റാണ് ഡോ. സെലിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

