തുനീഷ്യൻ വിപ്ലവം; ഫ്രഞ്ച് പടയെ അട്ടിമറിച്ചിട്ടും കണ്ണീർമടക്കം; പ്രീ-ക്വാർട്ടർ കാണാതെ പുറത്ത്
text_fieldsദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ മൂന്നാം ജയം തേടിയിറങ്ങിയ മുൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് തുനീഷ്യയുടെ തേരോട്ടം. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പട തുനീഷ്യൻ കരുത്തിനു മുന്നിൽ കീഴടങ്ങിയത്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് എതിരാളികളെ നിസ്സാരമായി കണ്ടതാണ് തിരിച്ചടിയായത്. അട്ടിമറി ജയം നേടിയെങ്കിലും തുനീഷ്യക്ക് പ്രീ ക്വാർട്ടർ യോഗ്യത നേടാനായില്ല. ആസ്ട്രേലിയ ഡെന്മാർക്കിനെ തോൽപിച്ചതോടെ തുനീഷ്യ ഗ്രൂപിൽ മൂന്നാമതായി. മത്സരത്തിന്‍റെ 58ാം മിനിറ്റിൽ ഇസ്സാ ലൈദൗനിയുടെ അസിസ്റ്റിൽ വഹ്ബി ഖസ്‌രിയാണ് തുനീഷ്യയുടെ വിജയം ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ പകരക്കാരനായിറങ്ങിയ ഗ്രീസ്മാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തി. മൈതാനത്തിന്‍റെ മധ്യത്തിൽനിന്നുള്ള തുനീഷ്യയുടെ നീക്കമാണ് ഗോളിൽ കലാശിച്ചത്. ഫ്രഞ്ച് താരത്തിൽനിന്ന് ലൈദൗനി പന്ത് തട്ടിയെടുത്ത് ഖസ്‌രിക്ക് കൈമാറി. പന്തുമായി മുന്നേറിയ താരം രണ്ടു ഫ്രഞ്ച് പ്രതിരോധ താരങ്ങളെയും വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് തട്ടിയിട്ടു.
ഈസമയം പന്ത് തടയാനായി മുന്നോട്ടു കയറിയെത്തിയ പകരക്കാരൻ ഗോൾകീപ്പർ മന്ദാദയെ നിസ്സഹായനായിരുന്നു. ആദ്യമായാണ് ഖസ്‌രിക്ക് ഫസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കുന്നത്. ഖത്തർ ലോകകപ്പിലെ തുനീഷ്യയുടെ ആദ്യ ഗോൾ കൂടിയാണിത്. പ്രമുഖ താരങ്ങളെ ബെഞ്ചിലിരുത്തിയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. ഇത് മത്സരത്തിലും പ്രകടമായിരുന്നു. കളത്തിൽ തുനീഷ്യയുടെ ആധിപത്യമായിരുന്നു.
ഒടുവിൽ കാവ്യനീതി പോലെ രണ്ടാം പകുതിയിൽ തുനീഷ്യ മത്സരത്തിൽ ലീഡ് നേടി. 63ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ, അഡ്രിയൻ റാബിയോട്ട്, വില്യം സാലിബ എന്നിവരെ ഫ്രഞ്ച് പരിശീകലൻ ദിദിയൻ ദെഷാംപ്സ് കളത്തിലിറക്കി. ഗോൾ മടക്കാനുള്ള ഫ്രാൻസിന്‍റെ നീക്കങ്ങൾ മത്സരം ആവേശത്തിലാക്കി. പിന്നാലെ ഗ്രീസ്മാനെയും ഡെംബെലെയും കളത്തിലിറക്കി ഫ്രാൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. എന്നാൽ, തുനീഷ്യൻ പ്രതിരോധത്തെ ഭേദിക്കാനായില്ല.
89ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെയുള്ള എംബാപ്പെയുടെ മുന്നേറ്റം ഗോളി വിഫലമാക്കി. ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസ്സിങ്ങിലും ഫ്രാൻസ് മുന്നിട്ടുനിന്നെങ്കിലും ഗോളെന്ന് തോന്നിക്കുന്ന നീക്കങ്ങൾ കാര്യമായുണ്ടായില്ല. അതേസമയം, തുനീഷ്യ തുടരെ തുടരെ ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു. ഷോട്ട് ഓൺ ടാർജറ്റിൽ തുനീഷ്യ രണ്ടു തവണ തൊടുത്തു. എന്നാൽ, ഫ്രാൻസിന്‍റെ കണക്കിൽ ഒന്നുമില്ലായിരുന്നു.
പ്രീ ക്വാർട്ടറിലേക്ക് നേരത്തെ ടിക്കറ്റെടുത്ത ഫ്രഞ്ച് പട തുനീഷ്യക്കെതിരെ പ്രമുഖരെ ബെഞ്ചിലിരുത്തിയാണ് കളത്തിലിറങ്ങിയത്. ഡെന്മാർക്കിനെതിരെ കളിച്ചിരുന്ന സൂപ്പർതാരം കിലിയൻ എംബാപ്പെ, ഗ്രീസ്മാൻ, ജിറൗദ്, ഡെംബെലെ തുടങ്ങിയവരെയൊന്നും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. വിജയം അനിവാര്യമായിരുന്നു തുനീഷ്യ ഫസ്റ്റ് ഇലവനെ തന്നെ കളത്തിലിറക്കി. എട്ടാം മിനിറ്റിൽ തുനീഷ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി.
പോസ്റ്റിന്‍റെ ഇടതുമൂലയിൽനിന്നുള്ള വഹ്ബി ഖസ്‌രിയുടെ ഫ്രീകിക്ക് നാദെർ ഗന്ദ്രി മനോഹരമായി വലയിലെത്തിച്ചു. പിന്നാലെ തുനീഷ്യൻ താരങ്ങളും ആരാധകരും ആഘോഷത്തിലമർന്നു. പിന്നാലെയുള്ള ഓഫ്സൈഡ് അവരെയെല്ലാം പൊടുന്നനെ നിരാശരാക്കി. 25ാം മിനിറ്റിൽ ഫ്രാൻസിന്‍റെ മികച്ച മുന്നേറ്റം. തുനീഷ്യൻ ബോക്സിലേക്ക് മുന്നേറിയ യൂസഫ് ഫോഫാന പന്ത് കിംഗ്സ്ലി കോമന് കൈമാറിയെങ്കിലും അവസരം മുതലെടുക്കാനായില്ല.
ആദ്യശ്രമത്തിൽ പന്ത് കൃത്യമായി കണക്ട്റ്റ് ചെയ്യാനാകാത്ത താരത്തിന്‍റെ രണ്ടാമത്തെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 30ാം മിനിറ്റിൽ പോസ്റ്റിന്‍റെ ഇടതു വിങ്ങിൽനിന്നുള്ള ഇസ്സാ ലൈദൗനിയുടെ ക്രോസിന് അനിസ് ബെൻ സ്ലിമാൻ തലവെച്ചെങ്കിലും നേരെ ഫ്രാൻസ് ഗോളിയുടെ കൈകളിലേക്ക്.
35ാം മിനിറ്റിൽ പോസ്റ്റിന്‍റെ 35 വാരെ അകലെ നിന്നുള്ള ഖസ്‌രിയുടെ ഒരു കിടിലൻ ഹാഫി വോളി ഫ്രാൻസ് ഗോളി തട്ടിയകയറ്റി. 42ാം മിനിറ്റിൽ തുനീഷ്യ സുവർണാവസരം നഷ്ടപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

