'ഇത് മെസ്സിയുടെ അവസാന ലോകകപ്പാകില്ല'; ആരാധകർക്ക് പ്രതീക്ഷ നൽകി അർജന്റീന പരിശീലകൻ
text_fieldsഅർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കില്ലെന്ന പ്രതീക്ഷ പങ്കുവെച്ച് ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി. സി.എൻ.എൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ഇത് മെസ്സിയുടെ അവസാന ലോകകപ്പാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം കളിക്കളത്തിൽ സന്തോഷവാനാണ്, ലോകത്തെ വലിയൊരു വിഭാഗം ആളുകളെ അദ്ദേഹം ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ അവനെ സംരക്ഷിക്കുകയും നമുക്ക് ആവശ്യമുള്ളതുപോലെ കൊണ്ടുപോകുകയും ചെയ്താൽ, കൂടുതൽ മത്സരങ്ങളിൽ ഇറങ്ങാൻ സാധ്യതയുണ്ട്. കാരണം ഫുട്ബാൾ ലോകം അത് ആഗ്രഹിക്കുന്നു'', സ്കലോണി പറഞ്ഞു.
ഇത് തന്റെ അവസാന ലോകകപ്പാകുമെന്ന് കഴിഞ്ഞ മാസം നൽകിയ അഭിമുഖത്തിൽ മെസ്സി വെളിപ്പെടുത്തിയിരുന്നു. നവംബർ 20ന് അരങ്ങേറുന്ന ഖത്തർ ലോകകപ്പ് താരത്തിന്റെ അഞ്ചാം ലോകകപ്പാണ്. ഇതുവരെ ആറ് ഗോളുകൾ നേടിയിട്ടുണ്ട്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിനടുത്തെത്തിച്ചെങ്കിലും ഫൈനലിൽ ജർമനിയോട് പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പിൽ ഗോൾഡൻ ബാൾ പുരസ്കാരവും മെസ്സിയെ തേടിയെത്തി.
യു.എസ്.എ, കാനഡ, മെക്സികൊ എന്നീ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കുന്ന 2026ലെ ലോകകപ്പിൽ ബൂട്ടണിയുകയാണെങ്കിൽ 39 വയസ്സാകും. നവംബർ 22ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ ആദ്യ മത്സരം. മെക്സികൊ, പോളണ്ട് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

