Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഇവൻ എൻസോ; അർജന്റീനയുടെ...

ഇവൻ എൻസോ; അർജന്റീനയുടെ പുത്തൻ താരോദയം

text_fields
bookmark_border
ഇവൻ എൻസോ; അർജന്റീനയുടെ പുത്തൻ താരോദയം
cancel

ദോഹ: ഒരൊറ്റ മത്സരം. കണ്ണഞ്ചിക്കുന്നൊരു ഗോൾ... എൻസോ ഫെർണാണ്ടസ് എന്ന താരോദയത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് അർജന്റീന. മെക്സികോക്കെതിരായ മത്സരത്തിന്റെ 57ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയശേഷം എൻസോ മത്സരത്തിൽ ചെലുത്തിയ സ്വാധീനമാണ് ആ 21കാരനിൽ പ്രതീക്ഷയർപ്പിക്കാൻ അർജന്റീനയെ പ്രേരിപ്പിക്കുന്നത്. ജിയോവാനി ലോ ചെൽസോ പരിക്കേറ്റ് പുറത്തായതോടെ അന്ധാളിപ്പിലായ മധ്യനിരയുടെ താളം വീണ്ടെടുക്കാൻ അർജന്റീനക്കുള്ള ആയുധം കൂടിയാവുകയാണ് എൻസോ. 21 വയസ്സിന്റെ ഇളമയിലും ഈ അർജന്റീനക്കാരൻ ഭാരിച്ച ചുമതലകൾ കൈയാളാൻ കെൽപുള്ളവനാണെന്നതാണ് ശ്രദ്ധേയം. 2006 മുതൽ 13 വർഷം റിവർ േപ്ലറ്റിന്റെ അക്കാദമിയിൽ കളി പഠിച്ചു വളർന്നവൻ. 2022 മുതൽ പോർചുഗലിലെ മുൻനിര ക്ലബായ ബെൻഫിക്കയുടെ മധ്യനിരയിൽ തേരുതെളിക്കുന്നു.

സെൻട്രൽ മിഡ്ഫീൽഡിൽ ഡീപ് സീറ്റഡ് േപ്ലമേക്കിങ് റോളിലാണ് ഫെർണാണ്ടസിനെ ബെൻഫിക്ക വിന്യസിക്കുന്നത്. എന്നാൽ, സാഹചര്യമനുസരിച്ച് തരാതരം പോലെ മാറ്റി പ്രയോഗിക്കാൻ കഴിയുന്നൊരു വജ്രായുധം കൂടിയാണവൻ. ആക്രമണത്തിന് ഗതിവേഗം കൂട്ടണോ? അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ എൻസോ റെഡി. കളിയുടെ ടെംപോ നിർണയിക്കാനും പൊസഷൻ ഗെയിമിൽ അതിനനുസരിച്ച് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാനും അറിയുന്ന താരം. കുറുകിയ പാസും കിറുകൃത്യമായ ലോങ് പാസുകളും ലോബുകളുമൊക്കെ വഴങ്ങുന്ന പാദങ്ങൾ. മധ്യനിരയിലെ 'യുദ്ധ'ങ്ങൾ ജയിക്കാൻ കെൽപുള്ളവൻ. മികച്ച ഉൾക്കാഴ്ചയും ഉയർന്ന കൃത്യതയും. നല്ല പാസിങ് റേഞ്ചും സ്പേസ് സൃഷ്ടിച്ചെടുക്കാനുള്ള മിടുക്കുമുണ്ട്.

ശാരീരിക ചലനങ്ങളിലെ ഫ്ലക്സിബിലിറ്റി പ്രതിരോധത്തിന്റെ സൂചിക്കുഴകളിലൂടെ കടന്നുകയറാൻ എൻസോയെ സഹായിക്കുന്നു. ഇടുങ്ങിയ സ്‍പേസുകളിൽനിന്ന് പന്ത് സ്വീകരിക്കാനും അത് തുണക്കുന്നു. എല്ലാറ്റിലുമുപരി മെക്സികോക്കെതിരെ കണ്ടതുപോലെ ഡെയ്ഞ്ചറസ് ടെറിട്ടറിയിലേക്ക് ഡ്രിബ്ൾ ചെയ്തു കയറാനുള്ള പാടവമാണ് വേറിട്ടുനിർത്തുന്നത്. അതിവേഗമുള്ള കുറുകിയ പാസുകൾ പഠിച്ചെടുത്തത് സാൻമാർട്ടിനിലെ തെരുവുകളിൽനിന്നും റിവർേപ്ലറ്റിന്റെ അക്കാദമിയിൽനിന്നുമാണ്.

അറ്റാക്കിങ്ങിൽ മാത്രമല്ല, ഡിഫൻസിലും ആള് പുലിയാണ്. പന്തു തട്ടിയെടുക്കാനും എതിരാളികളുടെ മുന്നേറ്റങ്ങൾ തടയാൻ കൃത്യമായ പൊസിഷനുകളിൽ നിലയുറപ്പിക്കാനും എൻസോക്കറിയാം. മധ്യനിരയിൽ എതിരാളികളുടെ കരുനീക്കങ്ങളുടെ കണ്ണിമുറിക്കാനും മിടുക്കുണ്ട്. ഒന്നാന്തരം ഡ്രിബ്ലർ ആയതിനാൽ സെൻട്രൽ മിഡ്ഫീൽഡിൽനിന്ന് എവിടേക്ക് വേണമെങ്കിലും പാസുകൾ ഉതിർക്കാം. അർജന്റീന ആഗ്രഹിക്കുന്ന തരത്തിലൊരു മിഡ്ഫീൽഡറായി എൻസോ വളരുമെന്നതിന്റെ സൂചനകൾ സമ്മാനിക്കുകയായിരുന്നു മെക്സികോക്കെതിരായ മത്സരം. പിതാവ് റൗളിന് റിവർേപ്ലറ്റിന്റെ മുൻ ഉറുഗ്വാ താരം എൻസോ ഫ്രാൻസിസ്കോലിയോടുള്ള ആരാധനയാണ് എൻസോയെന്ന പേരിന് വഴിയൊരുക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaqatar world cupenzo fernandez
News Summary - This is Enzo; Argentina's new dawn
Next Story