'ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണരുതായിരുന്നു' -ജോർജീന റോഡ്രിഗസ്
text_fieldsദോഹ: മൊറോക്കോയ്ക്ക് എതിരെയുള്ള ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്ത കോച്ചിന്റെ തീരുമാനത്തിനെതിരെ താരത്തിന്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലാണ് ജോർജിന കോച്ച് ഫെർണാണ്ടോ സാന്റോസിനെതിരെ വിമർശനമുന്നയിച്ചത്.
'ഇന്ന് നിങ്ങളുടെ സുഹൃത്തും കോച്ചും മോശം തീരുമാനമെടുത്തു. ആ സുഹൃത്തിനോട് നിങ്ങൾക്ക് ആദരവിന്റെയും പ്രശംസയുടെയും വാക്കുകളുണ്ട്. നിങ്ങൾ കളിയിലേക്ക് വന്നപ്പോൾ എല്ലാം മാറുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഒരുപാട് വൈകിപ്പോയിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അദ്ദേഹത്തിന്റെ ശക്തമായ ആയുധത്തെ നിങ്ങൾ വില കുറച്ചു കാണരുതായിരുന്നു. അർഹതയില്ലാത്ത ഒരാൾക്കു വേണ്ടി നിങ്ങൾക്ക് നിലകൊള്ളാനാകില്ല. ജീവിതം പാഠങ്ങൾ സമ്മാനിക്കുന്നു. ഇന്ന് നമ്മൾ തോറ്റു, പാഠം പഠിച്ചു' - എന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നേരത്തെ, റൊണാൾഡോയുടെ സഹോദരി എൽമ അവീറോയും സാന്റോസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തോൽവിക്ക് കാരണക്കാരായ ആളുകളുടെ പട്ടികയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു അവരുടെ പരിഹാസം. ടീമിനെ സംബന്ധിച്ച് സങ്കടകരമാണിത്. എന്നാൽ തലയുയർത്തി പോകുക. ദൈവത്തിന് എല്ലാമറിയാം- അവർ പറഞ്ഞു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സാന്റോസ് ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെതിരെ വിജയിച്ച അതേ സംഘത്തെയാണ് ക്വാർട്ടറിൽ ആഫ്രിക്കൻ ടീമിനെതിരെയും അദ്ദേഹം അണിനിരത്തിയത്. 51-ാം മിനിറ്റിലാണ് സബ് ആയി താരം കളത്തിലേക്കു വന്നത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും റോണോക്ക് കളിയിൽ ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഏകപക്ഷീയമായ ഒരു ഗോൾ വിജയത്തിന്റെ ബലത്തില്‍ മൊറോക്കോ സെമിഫൈനലിൽ പ്രവേശിച്ചു.
അതേസമയം, തന്റെ തീരുമാനത്തിൽ ദുഃഖമില്ല എന്നാണ് സാന്റോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഇല്ല. അങ്ങനെ ചിന്തിക്കുന്നില്ല. ദുഃഖമില്ല. ദുഃഖമേയില്ല. സ്വിറ്റ്‌സർലാൻഡിനെതിരെ കളിച്ച മികച്ച ടീമായിരുന്നു അത്. റൊണാൾഡോ മഹാനായ കളിക്കാരനാണ്. ആവശ്യമായ സമയത്ത് അദ്ദേഹം കളത്തിൽ വന്നു. അതുകൊണ്ടു തന്നെ എനിക്ക് ദുഃഖമില്ല' - സാന്റോസ് പറഞ്ഞു.
കളി കഴിഞ്ഞ ശേഷം കണ്ണീരോടെ ഏകനായാണ് ക്രിസ്റ്റ്യാനോ കളത്തിൽനിന്ന ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ കൂടെ പോർച്ചുഗീസ് താരങ്ങളാരും ഉണ്ടായിരുന്നില്ല. എന്നാൽ ചില മൊറോക്കൻ താരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതു കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

