ഇന്ന് അൽ ബിദ്ദയിൽ ടെസ്റ്റ് ഇവൻറ്; ഹയ്യാ കാർഡുള്ളവർക്ക് അഞ്ചുമുതൽ പ്രവേശനം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശക്കളരിയാവാൻ ഒരുങ്ങുന്ന അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്ക് കാൽപന്ത് ആരാധകർക്ക് സ്വാഗതം. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കളിയുത്സവത്തിന് വിരുന്നൊരുക്കാൻ കാത്തിരിക്കുന്ന ഫാൻ ഫെസ്റ്റിവൽ വേദിക്ക് ഇന്ന് ടെസ്റ്റ് ഡേയാണ്.
40,000 പേർക്ക് ഒരേസമയം കളികാണാൻ അവസരമൊരുക്കുന്ന അൽ ബിദ്ദയിലെ ഫാൻ ഫെസ്റ്റിവൽവേദി നിർമാണങ്ങളെല്ലാം പൂർത്തിയായി ലോകകപ്പിനെ വരവേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. അതിന് മുന്നോടിയായാണ് ടെസ്റ്റ് ഇവൻറ് സംഘടിപ്പിക്കുന്നത്. ഹയ്യാ കാർഡുള്ളവർക്കായിരിക്കും പരീക്ഷണ പരിപാടിയിലേക്ക് പ്രവേശനം. ലോകകപ്പിന് മുമ്പായി ഫെസ്റ്റിവൽ വേദിയുടെ അവസാന റിഹേഴ്സൽ കൂടിയാണിത്. 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് തലേദിനം തന്നെ ഫാൻഫെസ്റ്റിവൽ വേദി ആരാധകർക്കായി തുറന്നുനൽകും. ശേഷം, ഫൈനൽ ദിനമായ ഡിസംബർ 18 വരെ കാണികളുടെ പ്രധാന ആഘോഷവേദി കൂടിയാണ് അൽ ബിദ്ദ പാർക്ക്.
വിവിധ കലാവിരുന്നുകൾ ഒരുക്കിയാണ് 16 ബുധനാഴ്ച ഫാൻ ഫെസ്റ്റവലിലെ ടെസ്റ്റ് റൺ സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ചോടെ ഗേറ്റുകൾ തുറന്നുനൽകും. രാത്രി 10 വരെയാണ് ഷോ. ഏഴുമുതൽ ലഘുപാനീയങ്ങളും മറ്റും വിതരണം ചെയ്യുന്ന കൗണ്ടറുകളും തുറക്കം. രാത്രി 9.30 വരെയായിരിക്കും ഓർഡറുകൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക കലാകാരന്മാർകൂടി അണിനിരക്കുന്ന ഡി.ജെ, മൈക്കൽ ജാക്സൻ ഷോ എന്നിവയാണ് തയാറാക്കിയത്. രാത്രി 11 വരെ മാത്രമേ സന്ദർശകർക്ക് ബിദ്ദ പാർക്കിൽ നിലനിൽക്കാൻ അനുവദിക്കൂ. ദോഹ മെട്രോ പുലർച്ച മൂന്നു വരെ സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

