പത്തിനപ്പുറം പറുദീസ: ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ഇനി പത്തു ദിനം; വരവേറ്റ് ഖത്തർ
text_fieldsലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി ഒരുങ്ങുന്ന ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിനു പുറത്തു സ്ഥാപിച്ച കിരീടമാതൃക -ബൈജു കൊടുവള്ളി
ദോഹ: ജീവൻതുടിക്കുന്ന ചിത്രങ്ങളായി ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഹാരി കെയ്നും തലയുയർത്തി നിൽക്കുന്ന ദോഹ നഗരം ഇനി പത്തുനാളിനപ്പുറം പന്തുകളിയുടെ പോരിശയേറിയ പറുദീസ. തിരയടങ്ങിയ അറേബ്യൻ ഉൾക്കടലോരത്ത് കാൽപന്തിന്റെ ആവേശക്കടൽ തീർത്ത് ദോഹ കോർണിഷിൽ ആരാധകത്തിരയിളക്കം. പത്തു പകലിരവുകൾ പെയ്തുതീരുമ്പോൾ കളിയുടെ മാഹമേളക്ക് പന്തുരുണ്ടു തുടങ്ങും.
തിളച്ചുമറിയുന്ന ഫുട്ബാൾ ആവേശത്തിലേക്ക് ആദ്യ ടീമായി ജപ്പാന്റെ ബ്ലൂ സാമുറായ്സ് ചൊവ്വാഴ്ച പുലർച്ച ദോഹയിൽ പറന്നിറങ്ങി. ലയണൽ മെസ്സിയും സംഘവും എത്തും മുമ്പേ കോച്ച് ലയണൽ സ്കലോണിയുടെ നേതൃത്വത്തിൽ പരിശീലകരും മെഡിക്കൽ സംഘവും എത്തി. രണ്ടാമത്തെ ടീമായി കോൺകകാഫ് ചാമ്പ്യന്മാരായ അമേരിക്ക വ്യാഴാഴ്ച ദോഹയിലെത്തും. രണ്ടും ദിനം കഴിഞ്ഞ് യൂറോപ്പിലെയും മറ്റും ലീഗ് ഫുട്ബാൾ സീസണുകൾ അവസാനിക്കുന്നതോടെ സൂപ്പർ ടീമുകളും താരങ്ങളുമെല്ലാം എത്തുന്നതോടെ ഖത്തർ ലോകത്തിന്റെ ഹൃദയഭൂമിയായി മാറും.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലയണൽ മെസ്സിയുടെ അർജന്റീന 16ന് അബൂദബിയിൽനിന്നും നേരിട്ട് ദോഹയിലെത്തും. ഏഷ്യൻ മണ്ണിലൂടെ തങ്ങളുടെ ആറാം കിരീടത്തിനായി കാത്തിരിക്കുന്ന ബ്രസീൽ കിക്കോഫ് വിസിൽ മുഴങ്ങുന്നതിന് തലേദിനമായ 19നാണ് എത്തുന്നത്. പത്തുദിനം ശേഷിക്കെ, ഇനിയുള്ളത് നാടുറങ്ങാത്ത രാവും പകലും.