Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഅഞ്ചാം ലോകകപ്പിലും...

അഞ്ചാം ലോകകപ്പിലും കിരീടമില്ലാതെ മടക്കം; ക്രിസ്റ്റ്യാനോക്കു മുന്നിൽ ഇനിയെന്ത്?

text_fields
bookmark_border
അഞ്ചാം ലോകകപ്പിലും കിരീടമില്ലാതെ മടക്കം; ക്രിസ്റ്റ്യാനോക്കു മുന്നിൽ ഇനിയെന്ത്?
cancel

ലോകകപ്പിൽ കപ്പുയർത്തി ചരിത്രം തൊട്ടുമടങ്ങാമെന്ന കാലങ്ങളായുള്ള സ്വപ്നം പാതിവഴിയിൽ നിർത്തി പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ തിരിച്ചുകയറിയിരിക്കുന്നു. പ്രായം 37ലെത്തിയ താരം ഇനിയൊരു ലോകകപ്പിൽ കൂടി ടീമിനൊപ്പമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു അവസാന കളികളിലെ സാന്നിധ്യം. പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഏറെനേരം പകരക്കാരുടെ ബെഞ്ചിലിരുന്ന ശേഷമായിരുന്നു കോച്ച് ക്രിസ്റ്റ്യാനോക്ക് അവസരം നൽകിയത്. ഇളമുറക്കാർ കൂടുതൽ കരുത്തുനേടുന്ന മുന്നേറ്റത്തിൽ ഇനി അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന സൂചന പക്ഷേ, ദേശീയ ടീമിൽ മാത്രമൊതുങ്ങില്ലെന്നാണ് പുതിയ വർത്തമാനങ്ങൾ.

ശതകോടികൾക്ക് സൗദി ക്ലബ് താരത്തെ വിലക്കെടുക്കുന്നുവെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും ഖത്തറിൽ ലോകകപ്പ് കൊടിയിറങ്ങിയ ശേഷമാകും അന്തിമ തീരുമാനം. മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് പടിയിറങ്ങി മറ്റൊരു ക്ലബിലേക്ക് ചുവടുമാറ്റം നടക്കാതിരിക്കുന്നത് താരത്തിനുമേൽ സമ്മർദം ഇരട്ടിയാക്കും. പോർച്ചുഗലിൽ ഇതിഹാസ പദവിയുമായി ആരാധകരേറെയുണ്ട് താരത്തിന്. എന്നാൽ, പ്രായമേറെ ചെന്നിട്ടും പഴയ ഊർജത്തോടെ പന്തുതട്ടുകയും റെക്കോഡുകൾ പലത് സ്വന്തമാക്കുകയും ചെയ്ത താരത്തെ വലിയ വില നൽകി ഏറ്റെടുക്കാൻ യൂറോപ്യൻ ലീഗുകളിൽ വമ്പന്മാർ തയാറാകുന്നില്ലെന്നാണ് സൂചന.

ലോകകപ്പിന് തൊട്ടുമുമ്പാണ് ക്ലബിനെതിരെയും കോച്ചിനെതിരെയും നിശിത വിമർശനമുന്നയിച്ച് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിടുന്നത്. ക്ലബുമായി വഴിപിരിയാൻ തീരുമാനമെടുത്ത ശേഷമായിരുന്നു ടെലിവിഷൻ അഭിമുഖത്തിലെ പരാമർശങ്ങൾ. കോച്ച് ടെൻഹാഗിനൊപ്പം ഇനി തുടരാനാകില്ലെന്നതുൾപ്പെടെ വാക്കുകൾ ലോകമെങ്ങും തീയായി പടർന്നതോടെ ക്ലബ് അതിവേഗം കരാർ അവസാനിപ്പിക്കുന്നതായി തീരുമാനിച്ചു.

അതിനു ശേഷം മുൻനിര ക്ലബുകളിൽ ചിലത് താരത്തെ നോട്ടമിട്ടതായി തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ലോകകപ്പ് കഴിഞ്ഞ ശേ​ഷമേ അതേ കുറിച്ചും സ്ഥിരീകരണമാകൂ. പോർച്ചുഗലിന്റെ ആദ്യ ഗ്രൂപ് പോരാട്ടത്തിൽ ഘാനക്കെതിരെ ഗോൾ നേടിയതോടെ അഞ്ചു ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ഏക താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. എന്നാൽ, പിന്നീടുള്ള രണ്ടു കളികളിലും താരം ഫോം കണ്ടെത്താനാകാതെ ഉഴപ്പി. ദക്ഷിണ കൊറിയക്കെതിരായ കളിയിൽ പിൻവലിച്ചതിനെ തുടർന്ന് കോച്ചുമായി ഉടക്കിയതും വാർത്തയായി. നോക്കൗട്ടിലെ രണ്ടു കളികളിലും താരത്തിന് ആദ്യ ഇലവനിൽ ഇടം നൽകാൻ കോച്ച് സാന്റോസ് വിസമ്മതിക്കുകയും ചെയ്തു. 2008നു ശേഷം ആദ്യമായാണ് താരം ദേശീയ ടീമിൽ തുടക്കം മുതൽ ഇറങ്ങാതിരിക്കുന്നതെന്ന റെക്കോഡും സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ പിറന്നു. കളി 6-1നാണ് പോർച്ചുഗൽ ജയിച്ചത്. പകരമിറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രികുമായി കളിയിലെ താരമാകുകയും ചെയ്തു. മൊറോക്കോക്കെതിരെയും ഇറങ്ങിയില്ലെങ്കിലും ടീം ആദ്യ പകുതിയിൽ തന്നെ പിറകിലായതോടെ ​ഇടവേള കഴിഞ്ഞ് വൈകാതെ ക്രിസ്റ്റ്യാനോയെ കോച്ച് തിരിച്ചുവിളിച്ചു. മനോഹരമായ നീക്കങ്ങൾ പലതു പിറന്നെങ്കിലും ഗോളിനരികെ അവ നഷ്ടമായി. മൊത്തം 10 ടച്ചുകൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. അതിൽ രണ്ടെണ്ണം ഗോൾ ലക്ഷ്യമാക്കി പറന്നതും.

കളി കഴിഞ്ഞയുടൻ എതിർനിരയിലെ ഒന്നുരണ്ട് താരങ്ങൾക്ക് കൈകൊടുത്ത് തിരിച്ചുനടന്ന താരം അതിവേഗം മൈതാനത്തിനു പുറത്തേക്ക് നീങ്ങി. ഒരു കാമറാമാനും ഒരു ആരാധകനുമായിരുന്നു ഈ സമയം താരത്തെ അനുഗമിച്ചത്.

ടീമിൽ സൈഡ് ബെഞ്ചിലാകുമ്പോഴും നാട്ടിൽ ആരാധകരേറെയാണെന്നത് ക്രിസ്റ്റ്യാനോക്ക് തുണയാകുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റക്കു നയിച്ച് 2016ലെ യൂറോകപ്പിൽ ടീമിന് കിരീടമുത്തം നൽകിയ നായകന്റെ റൊണാൾഡോ7 കുപ്പായമണിഞ്ഞായിരുന്നു നിരവധി പേർ ശനിയാഴ്ച രാത്രി മൈതാനത്തെത്തിയത്. അവരെ തൃപ്തിപ്പെടുത്താൻ ദേശീയ നിരയിൽ ഇനിയും താരസാന്നിധ്യമായി ക്രിസ്റ്റ്യാനോ ഉണ്ടാകുമോ എന്നതാണ് അവശേഷിക്കുന്ന വലിയ ചോദ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoPortugalWorld Cup Dream
News Summary - Tearful Cristiano Ronaldo Departs With World Cup Dream In Tatters
Next Story