ആവേശപോരിൽ സ്വിറ്റ്സർലൻഡ്; സെർബിയയെ കീഴടക്കി പ്രീ ക്വാർട്ടറിൽ
text_fieldsദോഹ: ഗ്രൂപ്പ് എച്ചിൽ നിർണായക വിജയവുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ജയിക്കുന്നവർക്ക് മുന്നേറാമായിരുന്ന മത്സരത്തിൽ സെർബിയയെ 3-2നാണ് സ്വിറ്റ്സർലൻഡ് വീഴ്ത്തിയത്.
ബ്രസീലിനും സ്വിറ്റ്സർലൻഡിനും ആറു പോയന്റ് വീതമാണ്. ഗോൾ ശരാശരിയുടെ മുൻതൂക്കത്തിലാണ് ബ്രസീൽ ഗ്രൂപ് ജേതാക്കളായത്. ആവേശകരമായ സ്വിറ്റ്സർലൻഡ്-സെർബിയ കളിയിൽ ആദ്യ പകുതിയിലായിരുന്നു നാലു ഗോളുകൾ. 20ാം മിനിറ്റിൽ ഷർദാൻ ഷെക്കീരിയുടെ ഗോളിൽ മുന്നിൽ കടന്ന സ്വിറ്റ്സർലൻഡിനെതിരെ അലക്സാണ്ടർ മിട്രോവിച് (26), ഡുസാൻ വ്ലാഹോവിച് (35) എന്നിവരുടെ ഗോളുകളിൽ സെർബിയ തിരിച്ചടിച്ചു.
എന്നാൽ, 44ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ ഗോളിൽ ഒപ്പമെത്തിയ സ്വിസ് സംഘത്തിന് 48ാം മിനിറ്റിൽ റെമോ ഫ്രൂയിലറിലൂടെ വിജയഗോളുമെത്തി. പിന്നീട് സമനിലക്കായി സെർബിയ ആഞ്ഞുപൊരുതിയെങ്കിലും കാര്യമുണ്ടായില്ല. പ്രീ ക്വാർട്ടറിൽ പോർചുഗലാണ് സ്വിസ് പടയുടെ എതിരാളികൾ.