ഖത്തർ ലോകകപ്പ്; മരുഭൂമിയിലെ മുത്തുകളാണ് ഈ എട്ട് കളിമുറ്റങ്ങൾ
text_fieldsകടലാഴങ്ങളിലെ ഒളിഞ്ഞിരിക്കുന്ന ചിപ്പികൾ കണ്ടെത്തി, അവക്കുള്ളിൽനിന്ന് അമൂല്യങ്ങളായ മുത്തുകൾ ശേഖരിക്കുന്നതായിരുന്നു അറേബ്യൻ പെനിൻസുലയിലെ ഖത്തർ എന്ന കൊച്ചുരാജ്യത്തിന്റെ ആദ്യകാല ഖ്യാതി. എണ്ണയും പ്രകൃതിവാതകവും ഈ മണ്ണിനെ സമ്പന്നമാക്കും മുമ്പേ പ്രകൃതിയിലെ ഏറ്റവും വിസ്മയകരമായ മുത്തുകളുടെ കലവറയായിരുന്നു ഖത്തർ. ആ ശേഖരത്തിൽനിന്ന് മുത്തുകൾ വാരിക്കൂട്ടാനായി ദോഹ തീരത്ത് നങ്കൂരമിട്ട പായ്വഞ്ചികളായിരുന്നു ഈ മണ്ണ് തേടിയെത്തിയ ആദ്യസഞ്ചാരികൾ. ആ കാലമെല്ലാം പിന്നിട്ട്, കാൽപന്തു മഹോത്സവവുമായി ഖത്തർ ലോകത്തെ വീണ്ടും വരവേൽക്കുമ്പോൾ ആരാധകർക്കു മുമ്പാകെ മരുഭൂച്ചിപ്പിയിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരുകൂട്ടം മുത്തുകൾ തയാറാണ്.
തെക്ക് അൽ വക്റയിൽനിന്ന് വടക്കോട്ട് സഞ്ചരിച്ചാൽ അൽ ഖോർ വരെ 75 കിലോമീറ്റർ ദൂരം. ഈ ദൂരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച എട്ട് അത്ഭുത ചിപ്പികളിലേക്കാണ് ഖത്തർ കായികലോകത്തെ ക്ഷണിക്കുന്നത്. പന്തുരുളാനൊരുങ്ങുന്ന ലോകകപ്പ് ഫുട്ബാളിലെ ഏറ്റവും അതിശയകരമായ കാഴ്ചയും ഈ കളിമുറ്റങ്ങളാവും.
അറബ് മണ്ണിന്റെ സംസ്കാരവും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ഇത്രമേൽ ശിൽപചാതുരിയോടെ മറ്റെവിടെയും ചേർത്തുവെച്ചിട്ടുണ്ടാവില്ല. മറ്റൊരു ലോകകപ്പിലെ കളിമുറ്റങ്ങൾക്കും ഇത്ര കഥപറയാനുമുണ്ടാവില്ല.
എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനൊരുക്കിയിരിക്കുന്നത്. അവയിൽ ഒരെണ്ണം മാത്രമേ, പഴയത് മുഖംമിനുക്കിയിട്ടുള്ളൂ. 2006 ഏഷ്യൻ ഗെയിംസിന് വേദിയായ ഖത്തറിന്റെ കളിമുറ്റം ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. ശേഷിച്ചവയിൽ ആറെണ്ണം തീർത്തും പുതിയതായി മരുഭൂമിയിൽ പൊങ്ങിയുയർന്നപ്പോൾ, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിലവിലെ കളിമുറ്റം പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു.
1. ലുസൈൽ സ്റ്റേഡിയം; സ്വർണക്കൂടാരം
2022 ഡിസംബർ 18 രാത്രിയിൽ, ഇവിടെ ജയിക്കുന്നത് ആരെന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. വിശ്വമേളയുടെ ഫൈനലിന് വേദിയാവുന്ന മണ്ണ് എന്നനിലയിൽ ഖത്തർ ലോകകപ്പ് ചരിത്രമെഴുതുന്നിടം. ലുസൈൽ സ്റ്റേഡിയം എന്നപേരിൽ തന്നെയുണ്ട് ഈ കളിമുറ്റത്ത് ഖത്തർ ഒളിപ്പിച്ചുവെച്ച വിസ്മയങ്ങൾ. സ്മാർട്ട് ഖത്തറിന്റെ ഭാവിനഗരിയാവാൻ ഒരുങ്ങുന്ന ലുസൈലിന്റെ തിലകക്കുറിയാണ് സ്വർണക്കൂടാരം പോലെ വാനിൽ ഉയർന്നുനിൽക്കുന്ന ലുസൈൽ സ്റ്റേഡിയം.
രൂപഭംഗിയിലും നിർമാണ സാങ്കേതികത്വത്തിലും എൻജിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ദോഹയിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഈ കളിമുറ്റം. ലോകപ്രശസ്ത ആർക്കിടെക്ട് കമ്പനിയായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്. എച്ച്.ബി.കെ, ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപറേഷൻ എന്നിവയുടെ സംയുക്ത സംരംഭമായാണ് സ്റ്റേഡിയനിർമാണം പൂർത്തിയാവുന്നത്.
2017 ഏപ്രിലിൽ നിർമാണം ആരംഭിച്ച ലുസൈൽ സ്റ്റേഡിയം ഏറ്റവും ഒടുവിലായി ലോകകപ്പിന് സജ്ജമായ സ്റ്റേഡിയമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ലുസൈൽ സൂപ്പർകപ്പിന് വേദിയായാണ് 80,000 പേർക്ക് ഇരിപ്പിടസൗകര്യമുള്ള സ്റ്റേഡിയം കായികലോകത്തിന് സമർപ്പിച്ചത്.
അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ നിർമാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനർ റാന്തൽ വിളക്കും മധുരസ്മരണകളുയർത്തുന്ന അതിന്റെ നേർത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന പാനപാത്രത്തിന്റെ ആകൃതിയിലാണ് ലുസൈൽ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ലോകകപ്പാനന്തരം ലുസൈൽ നഗരത്തിന്റെ കമ്യൂണിറ്റി ഹബ്ബായി സ്റ്റേഡിയം മാറും. സ്കൂളും കളിക്കളവും ആശുപത്രിയും വിനോദവുമെല്ലാം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ മറ്റൊരു ഏടായി.
2. അൽ ബെയ്ത് സ്റ്റേഡിയം; കളിക്കൂടാരം
ദോഹയിൽനിന്ന് ഏറ്റവും അകലെയുള്ള കളിമുറ്റമാണ് അൽ ബെയ്ത് സ്റ്റേഡിയം. ദൂരക്കാഴ്ചയിൽ അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയൊരു ടെന്റ് പോലെ തോന്നിപ്പിക്കുന്നു. അരികിലെത്തുന്തോറും വിസ്മയമായിമാറുന്ന നിർമാണം. ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് ഈ കളിമുറ്റം. മീൻപിടുത്തവും മുത്തുവാരലും ഉപജീവനമാക്കിയ ആദ്യകാല അറബ് ബദൂ ഗോത്രവർഗക്കാർ താമസിച്ചിരുന്ന കടലോരനഗരമാണ് അൽഖോർ.
മരുഭൂസഞ്ചാരികളായ അറബികൾ രാപ്പാർത്തിരുന്ന ടെന്റുകളുടെ മാതൃക, സ്റ്റേഡിയം നിർമിതിയിലേക്ക് അപ്പടി പകർത്തി. ബെയ്ത് അൽ ഷാർ ടെന്റുകളുടെ മാതൃകയാണ് സ്റ്റേഡിയം നിർമിതിക്കായി സ്വീകരിച്ചത്. വലിച്ചുകെട്ടിയ ടെന്റുകളും മുന്നിൽ പുകയുന്ന നെരിപ്പോടും അറബ് കൂജകളുമെല്ലാമുണ്ട്. 60,000 ഇരിപ്പിടശേഷിയിൽ ഫിഫ അറബ് കപ്പോടെ അൽ ബെയ്ത് കൺതുറന്നു. ഇത്തവണ നവംബർ 20ന് ഉദ്ഘാടനമത്സര വേദികൂടിയാണ് ഇവിടം. അൽഖോറിൽ പാർക്കും പൂന്തോട്ടങ്ങളുമായി പരന്നുകിടക്കുന്ന പച്ചപ്പിനുള്ളിലാണ് ഈ കളിച്ചെപ്പ് വിശ്വപോരാളികളെ കാത്തിരിക്കുന്നത്.
ആഡംബര ഹോട്ടൽ സ്യൂട്ടും ബാൽക്കണിയിൽ റൂമുകളുമെല്ലാമൊരുക്കിയാണ് മരുഭൂമിയിൽ കളിക്കൊട്ടാരം ഒരുക്കിയത്. ലബനാൻ ആർകിടെക്ട് കമ്പനിയായ ദാർ അൽ ഹൻദാഷ് ആണ് രൂപകൽപന. ഗൾഫാർ അൽ മിസ്നദിന്റെ നേതൃത്വത്തിൽ നിർമാണം. ലോകകപ്പിനുശേഷം, 32,000 സീറ്റുകളായി കുറച്ച്, ഫൈവ് സ്റ്റാർ ഹോട്ടലും ഷോപ്പിങ് മാളും സ്പോർട്സ് സെൻററുമായി മാറും. ഒഴിവാക്കുന്ന സീറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റേഡിയങ്ങൾക്കും ആതുരാലയങ്ങൾക്കും കൈമാറും.
3. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം; കായിക തലസ്ഥാനം
ഖത്തറിന്റെ കായിക തലയെടുപ്പാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. 1975ൽ നിർമാണം പൂർത്തിയാക്കിയ ഇവിടമായിരുന്നു ആദ്യ കളിമുറ്റം. 2006 ഏഷ്യൻ ഗെയിംസ് മുതൽ ഒരുപിടി കായികമത്സരങ്ങൾക്ക് വേദിയായ ഇടം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിഫ ക്ലബ് ലോകകപ്പ്, പാൻ അറബ് ഗെയിംസ്, ഏഷ്യാകപ്പ് ഫുട്ബാൾ അങ്ങനെ ഒരുപിടി മത്സരങ്ങളുടെ അലയൊലികൾ ഇന്നും തങ്ങിനിൽക്കുന്ന കൂടാരമാണ് ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം.
ലോകകപ്പിനായി അത്യാധുനിക സംവിധാനങ്ങളോടെ പുതുക്കിപ്പണിതെങ്കിലും രൂപഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 45,000 ഇരിപ്പിടശേഷിയുമായാണ് ഖത്തർ ലോകകപ്പിലെ പ്രധാന വേദിയായ ഇവിടം ഒരുങ്ങുന്നത്. സ്റ്റേഡിയത്തോടനുബന്ധിച്ച് തയാറാക്കിയ 3-2-1 സ്പോർട്സ് ആൻഡ് ഒളിമ്പിക്സ് മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കായികകേന്ദ്രമാണ്.
4. അൽ തുമാമ സ്റ്റേഡിയം; തൊപ്പിക്കുള്ളിലെ വിസ്മയം
ദോഹക്ക് മുകളിലൂടെ വിമാനം താഴ്ന്ന് പറക്കുമ്പോൾ, കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ അറബ് കൗമാരക്കാരുടെ തലപ്പാവ് കമിഴ്ത്തിവെച്ചതായി കാണാം. അതാണ്, അൽ തുമാമ സ്റ്റേഡിയം എന്ന ലോകകപ്പിന്റെ മറ്റൊരു വിസ്മയച്ചെപ്പ്. അറബ് കൗമാരക്കാർ അണിയുന്ന ഗഫിയ എന്ന തലപ്പാവിന്റെ മാതൃക, സ്റ്റേഡിയം നിർമിതിയിലേക്ക് പകർത്തിയപ്പോൾ അതിശയിച്ചുപോയത് ലോകമെങ്ങുമുള്ള കളിപ്രേമികളും സംഘാടകരുമാണ്.
കണ്ടുശീലിച്ച ഫുട്ബാൾ മൈതാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമായ ആശയമായിരുന്നു ഇത്. ഖത്തർ ആർക്കിടെക്ടായ ഇബ്രാഹിം ജെയ്ദയായിരുന്നു ഈ രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹം അവതരിപ്പിച്ച ആശയം സംഘാടകർക്കും ഇഷ്ടമായി. അങ്ങനെ, ദോഹക്കുള്ളിൽ തന്നെ ഏറ്റവും അരികിലായി അൽ തുമാമ കൺതുറന്നു. ദോഹ സിറ്റിയിൽനിന്ന് 12 കിലോമീറ്റർ ദൂരം.
40,000 ഇരിപ്പിടമുള്ള സ്റ്റേഡിയം ലോകകപ്പിനുശേഷം, 20,000ത്തിലേക്ക് ചുരുങ്ങും. സ്റ്റേഡിയത്തിന്റെ മുകൾനില ലോകപ്രശസ്ത സ്പോർട്സ് മെഡിസിൻ കേന്ദ്രമായ 'ആസ്പെറ്റാർ സ്പോർട്സ് ക്ലിനിക്കിന്റെ ബ്രാഞ്ചും പഞ്ചനക്ഷത്ര ഹോട്ടലുകളുമായി മാറും.
5. സ്റ്റേഡിയം 974; കണ്ടെയ്നർ മാജിക്ക്
974 എന്നത് ഖത്തറിന്റെ ഡയലിങ് കോഡാണ്. എന്നാൽ, ഇവിടെ അതൊരു സ്റ്റേഡിയത്തിന്റെ പേര് കൂടിയാണ്. കണ്ടെയ്നർ മാജിക് എന്ന് ലോകം ഇതിനകം വിളിച്ച സ്റ്റേഡിയത്തിന്റെ നിർമിതിക്കായി ഉപയോഗിച്ച കണ്ടെയ്നറുകളുടെ എണ്ണം കൂടിയാണ് 974. സ്റ്റേഡിയ നിർമിതിയിൽ സമാനതകളില്ലാത്ത പരീക്ഷണമായിരുന്നു ലോകകപ്പിനായി കോർണിഷിനോട് ചേർന്ന് സംഘാടകർ ഒരുക്കിയത്.
എൻജിനീയറിങ് വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റേഡിയം. 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിനുശേഷം പൂർണമായും പൊളിച്ചുകളയുന്ന സ്റ്റേഡിയം എന്ന പ്രത്യേകത ഇതിനു മാത്രമുള്ളതാണ്. പരിസ്ഥിതിസൗഹൃദവും സുസ്ഥിരതയും മുദ്രാവാക്യമാക്കുന്ന ആതിഥേയരുടെ ഏറ്റവും ഉദാത്തമായ മാതൃക.
ഡ്രസിങ് റൂം മുതൽ വി.വി.ഐ.പി കോർപറേറ്റ് ബോക്സും വരെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് കണ്ടെയ്നറുകൾ ഉപയോഗിച്ച്. കളിക്കാഴ്ചക്കൊപ്പം ഈ സ്റ്റേഡിയത്തിന്റെ എൻജിനീയറിങ് വൈവിധ്യവും കാഴ്ചക്കാർക്ക് അത്ഭുതമാകും. 40,000 ഇരിപ്പിടമാണ് ഒരുക്കിയത്. 2021ൽ ഫിഫ അറബ് കപ്പോടെ ഉദ്ഘാടനംചെയ്ത സ്റ്റേഡിയം ലോകകപ്പിനുശേഷം പൂക്കളങ്ങളും പാർക്കുകളുമായി പുതിയൊരു പൂന്തോട്ടമായി മാറും.
6. എജുക്കേഷൻ സിറ്റി സ്റ്റേഡിയം; മരുഭൂമിയിലെ വജ്രം
രൂപഭംഗികൊണ്ട് മരുഭൂമിയിലെ വജ്രം എന്നാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ വിളിക്കുന്നത്. ഡയമണ്ടിന്റെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ രൂപകൽപന. ആകെയുള്ള 40,000 സീറ്റ് ലോകകപ്പ് മത്സരത്തിന് ശേഷം 20,000 ആയി ചുരുക്കും. 20,000 സീറ്റുകള് വികസിതരാജ്യങ്ങളിലെ കായികപദ്ധതികൾക്കായി കൈമാറും. ഊര്ജകാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിന്റെ രൂപഘടന.
ദോഹ നഗരത്തില്നിന്ന് 13 കിലോമീറ്റര് അകലെ ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്താണ് എജുക്കേഷന് സിറ്റി സ്റ്റേഡിയം നിർമിച്ചത്. ലോകകപ്പാനന്തരം പകുതിയോളം സീറ്റുകൾ വിവിധ രാജ്യങ്ങളിലെ കളിയിടങ്ങളിലേക്ക് മാറ്റപ്പെടും. നിരവധി വിദേശ സർവകലാശാല കേന്ദ്രങ്ങളുടെ ആസ്ഥാനം കൂടിയായ എജുക്കേഷൻ സിറ്റിയുടെ അടയാളമായി ഈ ഡയമണ്ട് സ്റ്റേഡിയം മാറും.
7. അഹ്മദ് ബിൻ അലി സ്റ്റേഡിയം; മുഖം മിനുക്കി റയ്യാൻ കളിമുറ്റം
ലോകകപ്പ് ആതിഥേയത്വം ലഭിക്കുംമുമ്പേ ഖത്തറിലുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് അൽ റയ്യാനിലെ അഹ് മദ് ബിൻ അലി സ്റ്റേഡിയം. ഖത്തർ സ്റ്റാർസ് ലീഗിലെ കരുത്തരായ അൽ റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ട്. ലോകകപ്പിനായി കൂടുതൽ മോടിയോടെ പുതുക്കിപ്പണിതാണ് ഈ കളിമുറ്റം കാണികളെ വരവേൽക്കുന്നത്.
2016ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ രണ്ടുവർഷം മുമ്പ് പൂർത്തിയാക്കി, 2020ലെ അമീർ കപ്പ് ഫൈനലോടെ അഹ് മദ് ബിൻ അലി സ്റ്റേഡിയം വീണ്ടും മത്സര സജ്ജമായി. 40,000 സീറ്റിങ് കപ്പാസിറ്റിയോടെ അണിഞ്ഞൊരുങ്ങിയ സ്റ്റേഡിയം ലോകകപ്പാനന്തരം ഇരിപ്പിടങ്ങളുടെ എണ്ണം നേരത്തേപോലെ പകുതിയിലേക്ക് ചുരുങ്ങും. മറ്റുവേദികളെ പോലെ തന്നെ എടുത്തുമാറ്റുന്ന സീറ്റുകളും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റേഡിയങ്ങളായി പുനർസൃഷ്ടിക്കപ്പെടും.
8. അൽ ജനൂബ് സ്റ്റേഡിയം; വക്റയിലെ അത്ഭുതം
കടലുകളാൽ ചുറ്റപ്പെട്ട നാട്ടിലെ, പഴമക്കാർ ലോകത്തിന്റെ പല അറ്റങ്ങളിലേക്ക് സഞ്ചരിച്ച പായക്കപ്പലിനെ ഒരു സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ് അൽ വക്റയിൽ. വിദേശങ്ങളിലേക്ക് കച്ചവടത്തിനും മത്സ്യബന്ധനത്തിനും മുത്തുവാരലിനുമായി സഞ്ചരിച്ച അറബികളുടെ യാത്രാ ഉപാധിയെ കടൽതീരനഗരിയായ അൽ വക്റയിൽ സ്റ്റേഡിയമാക്കി മാറ്റി.
അതാണ് അൽ ജനൂബ് സ്റ്റേഡിയം. നിർമാണവിസ്മയങ്ങളിലെ മറ്റൊരു ഏടായി സഹ ഹദിദിയുടെ ഈ രൂപകൽപനയെ വിശേഷിപ്പിക്കാം. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയൊരുക്കിയ ഇറാഖ് -ബ്രിട്ടീഷ് ആർക്കിടെക്ടായ സഹ ഖത്തറിൽ പന്തുരുളുമ്പോഴേക്കും ഓർമയായി എന്നതാണ് ഈ ഉത്സവത്തിനിടയിലെ നൊമ്പരം. 2019ൽ ഉദ്ഘാടനം ചെയ്യപ്പെട്ട അൽ ജനൂബ് സ്റ്റേഡിയം 40,000 കാണികൾക്കാണ് ഇരിപ്പിടമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

