തീൻരാത്
text_fieldsദോഹ സൂഖ് വാഖിഫിലെ ഹോട്ടൽ
ദോഹ: പഴക്കമേറെയുള്ള കെട്ടിടങ്ങൾ പാരമ്പര്യത്തിന്റെ പ്രൗഢി ഒട്ടുംമങ്ങാതെ അതേപടി നിലനിർത്തിയിരിക്കുന്നു. കൗതുകമാർന്ന ഉൽപന്നങ്ങളുടെ വിപുല ശേഖരങ്ങളോടെ ചെറു കടമുറികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി രാവിനെ പകലാക്കി കാത്തിരിക്കുന്നുണ്ട്.
ഉന്തുവണ്ടിക്കാരും തുർക്കിയ ചായയും ഇസ്താംബുൾ ഐസ്ക്രീമും ഇറാനി റൊട്ടിയും മുത്തുവാരലിന്റെ വിശേഷവുമായി രാവും പകലും സജീവമാകുന്ന സൂഖ് വാഖിഫ്. അത്യാധുനിക നിർമിതികളാൽ ലോകനഗരമായി മാറിയ ദോഹയുടെ ഹൃദയഭാഗത്തു തന്നെയാണ് ഖത്തറിന്റെ പഴമയും പാരമ്പര്യവും അതേപടി കൊത്തിവെച്ച സൂഖ് വാഖിഫ് എന്ന പഴയ അങ്ങാടിയുമുള്ളത്.
വിശ്വമേളക്ക് പന്തുരുളും മുമ്പേ ഈ നാടിന്റെ രുചിമേളത്തിലേക്ക് കിക്കോഫ് കുറിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ബൂട്ടുകെട്ടിയിറങ്ങുന്നത് സൂഖ് വാഖിഫിലൂടെയാവും. 120ഓളം രാജ്യക്കാർ പ്രവാസികളായുള്ള ഖത്തറിന്റെ ഭക്ഷ്യരുചിക്കുമുണ്ട് ജനങ്ങളുടേത് പോലെ വൈവിധ്യം.
മലബാറിലെയും കോട്ടയത്തെയും ആലപ്പുഴയിലെയും രുചിക്കൂട്ട് മുതൽ ദക്ഷിണേന്ത്യൻ, വടക്കേ ഇന്ത്യൻ, ബംഗ്ലാദേശ്, അഫ്ഗാൻ, തുർക്കിഷ്, അറേബ്യൻ, ഇറാൻ, ഫിലിപ്പീൻ, ഇറ്റാലിയൻ, യൂറോപ്യൻ എന്നു തുടങ്ങി വൈവിധ്യമാർന്ന രുചികളുടെ മേളം.
രാജ്യത്തിന്റെ ഓരോ തെരുവിനുമുണ്ട് ഏതെങ്കിലുമൊരു രാജ്യത്തിന്റെ ഭക്ഷ്യരുചിയുടെ കഥപറയാൻ. അറേബ്യൻ രുചി വൈവിധ്യമായ അൽ ഫഹം, മന്തി ഉൾപ്പെടെയുള്ളവ മലയാളി സ്വന്തം മണ്ണിലേക്ക് ഇറക്കുമതി ചെയ്തതാണെങ്കിൽ സ്വന്തം രുചിയെ തുർക്കിഷ് വിഭവങ്ങളിലൂടെ അറബ് നാടിനും മലയാളികൾ പരിചയപ്പെടുത്തുന്നുണ്ട്.
അത്തരത്തിൽ ശ്രദ്ധേയമാണ് സൂഖ് വാഖിഫിലും കടലോരത്തോടു ചേർന്ന വക്റ സൂഖിലുമായി പ്രശസ്തമായ 'ദാനതുൽ ബഹ്ർ'. കടലോരത്തു നിന്നുമെത്തുന്ന മലയാളികൾക്കും പുതുമയുള്ള പേരാവും തുർക്കിഷ് മത്സ്യങ്ങളായ സീബാസും സീബ്രയും ഉൾപ്പെടെയുള്ള മത്സ്യങ്ങൾ. ഫ്രഷ് മത്സ്യത്തെ തിരഞ്ഞെടുത്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ രുചികരമായ 'ബി.ബി.ക്യു' തയാറാക്കി തീൻ മേശയിലെത്തിക്കുമ്പോൾ ഒപ്പം ആരാധകരായി പലനാട്ടുകാർ മാറുന്നു.
'ലോകകപ്പിന്റെ ഭാഗമാവാൻ വിവിധ രാജ്യങ്ങളിൽ നിന്നും കാണികളെത്തിത്തുടങ്ങിയതോടെ തങ്ങളുടെ സ്പെഷൽ ഡിഷിന്റെ ആരാധകരും ഏറിയെന്ന് സൂഖ് വാഖിഫിലെ കടയിലിരുന്ന് കോഴിക്കോട് സ്വദേശി ബഷീർ പറയുന്നു.
നേരത്തേ മലയാളികളും ഫിലിപ്പീനോകളും അറബികളുമായിരുന്നു പതിവ് സന്ദർശകരെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റലി, ഫ്രഞ്ച്, മലേഷ്യ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും വന്നു തുടങ്ങിയതായി ലോകകപ്പിന്റെ മേളപ്പെരുക്കത്തിനിടെ ബഷീർ പറയുന്നു.
തുർക്കിഷ് നോൺ വെജ് വിഭവങ്ങൾ, സിറിയ, ഈജിപ്ഷ്യൻ, ലബനാൻ തുടങ്ങി വൈവിധ്യമാർന്ന അറബ് വിഭവങ്ങളും ദോഹയിലെ മുൻതസ, നജ്മ, മൻസൂറ, നുഐജ തുടങ്ങിയ സ്ട്രീറ്റുകളിലെ റസ്റ്റാറൻറുകളിൽ തീറ്റപ്രിയരെ കാത്തിരിപ്പുണ്ട്. ഇന്ത്യൻ, കേരള ഉൾപ്പെടെ 3,000 ത്തിലധികം റസ്റ്റാറൻറുകൾ ഖത്തറിലുണ്ട്.
വൻകിട ബ്രാൻഡുകളുടെ റസ്റ്റാറൻറുകളുടെയും ഫുഡ് കിയോസ്‌ക്കുകൾ ഫാൻ സോണുകളിലും കാർണിവൽ വേദി ദോഹ കോർണിഷിലും ഉണ്ടാകും. സ്റ്റാർ ഹോട്ടലുകളിലെ റസ്റ്റാറൻറുകളിലും അതിഥികൾക്കായി സ്‌പെഷൽ ലോകകപ്പ് മെനു തയാറായി.
ടേസ്റ്റി ഫാൻ സോൺ
ഫിഫ ഫാൻ സോണിൽ വിളമ്പുന്നത് കളി മാത്രമല്ല, പലനാടുകളിലെ വൈവിധ്യമാർന്ന രുചികളും കൂടിയാണ്. ഫാൻ സോണുകളിലും ലോകകപ്പ് ആഘോഷ വേദികളിലും ആഫ്രിക്കൻ, ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെ തനത് വെജ്, നോൺ-വെജ് വിഭവങ്ങളാണ് ഒരുക്കുന്നത്.
പല രാജ്യങ്ങളിലെ ആരാധകർക്കായി റസ്റ്റാറൻറ്, കഫേ, ഫാൻ സോണുകളിലെ ഭക്ഷ്യവിൽപനശാലകളിൽ വ്യത്യസ്ത ഭക്ഷണ-പാനീയങ്ങൾ ലഭിക്കുന്നതാണ്. ലോകകപ്പ് രുചികളിൽ താരമാവുക ഫാസ്റ്റ് ഫുഡുകൾ തന്നെയാകും.