ലോകകപ്പ് ഓർമകൾക്കായി സ്‍പെഷൽ ഖത്തർ റിയാൽ
text_fieldsദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്‍റെ ഓർമകൾ മായാതെ സൂക്ഷിക്കാൻ സ്‍പെഷ്യൽ ഖത്തർ റിയാൽ പുറത്തിറക്കി സെൻട്രൽ ബാങ്ക്. ലോകകപ്പ് വർഷത്തെ സൂചിപ്പിക്കുന്ന 22 റിയാലിന്റെ കറൻസിയാണ് ബുധനാഴ്ച നടന്ന ചടങ്ങിൽ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്.
ലോകകപ്പ് ലോഗോയും, ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെയും ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന്റെയും ചിത്രങ്ങൾ പതിച്ചും മനോഹരമാക്കിയ 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്. ഒപ്പം, 10 വ്യത്യസ്ത നാണയങ്ങളും ബാങ്ക് ഉപഭോക്താക്കൾക്കായി പുറത്തിറക്കി.
ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി എന്നിവരുമായി സഹകരിച്ചാണ് ഖത്തർ സെൻട്രൽ ബാങ്ക് സ്മരണികയാവുന്ന കറൻസി തയാറാക്കിയത്. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർ ചേർന്ന് ലോകകപ്പ് കറൻസിയും നാണയവും പുറത്തിറക്കി.
ലോകകപ്പ് റിയാൽ വാങ്ങാം
ലോകകപ്പ് സ്‍പെഷലായ '22 റിയാൽ' റിയാൽ ബാങ്കുകളിൽ നിന്നും പണവിനിമയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാം. എന്നാൽ, 75 റിയാലാണ് ഈ കറൻസിയുടെ തുക. അതേസമയം, വിപണി മൂല്യം 22 റിയാൽ തന്നെയായിരിക്കും.