കാണികൾക്ക് വിരുന്നായി കടൽകൊട്ടാരം
text_fieldsഎം.എസ്.സി വേൾഡ് യൂറോപ
ദോഹ: ''ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയാവുന്നതിനിടയിലാണ് 2016ൽ ആ ആശയം ഉദിക്കുന്നത്. വിശ്വമേളക്കെത്തുന്ന 12 ലക്ഷത്തോളം കാണികൾക്കായി ഖത്തർ ഹോട്ടലുകളും അപ്പാർട്മെന്റുകളും സജ്ജമാക്കുന്നതിനിടെ ദോഹ തുറമുഖത്ത് ക്രൂസ് കപ്പലുകളെ ഫ്ലോട്ടിങ് ഹോട്ടലുകളാക്കിയുള്ള താമസസൗകര്യം എന്ന ആശയം ബന്ധപ്പെട്ടവരുടെ മുന്നിൽവെച്ചു.
പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ഏറെ പരിഗണ നൽകുന്ന ലോകകപ്പ് സംഘാടകർക്ക് പുതുമയുള്ള പരീക്ഷണം ബോധ്യപ്പെട്ടു. അങ്ങനെ, എം.എസ്.സി വേൾഡിന്റെ മൂന്ന് ഫ്ലോട്ടിങ് കപ്പലുകൾ ലോകകപ്പ് താമസങ്ങളുടെ ഭാഗമായി ചരിത്രം കുറിച്ചു'' -ആശയം പിറന്ന് ആറു വർഷത്തിനു ശേഷം ദോഹ തുറമുഖ തീരത്ത് നങ്കൂരമിട്ട എം.എസ്.സി വേൾഡ് യൂറോപ കപ്പലിനുള്ളിൽനിന്നും പേരു വെളിപ്പെടുത്തരുത് എന്ന മുഖവുരയോടെ ആ മലയാളി പറഞ്ഞുതീർത്തു.
92 വർഷത്തെ ചരിത്രമുള്ള ലോകകപ്പിൽ കാണികൾക്ക് കപ്പൽ വാസത്തോടെ വ്യത്യസ്തമായൊരു കളിയനുഭവം എന്ന ആശയം സാക്ഷാത്കരിക്കപ്പെടുമ്പോൾ അതിനു പിന്നിലുമൊരു മലയാളിയുണ്ടെന്നതും അഭിമാനകരമാണ്.
ലോകകപ്പ് ഫുട്ബാൾ പോരാട്ടങ്ങളെ വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തറിന്റെ നടുമുറ്റത്തായാണ് എം.എസ്.സി വേൾഡ് യൂറോപയെന്ന കടൽകൊട്ടാരം നങ്കൂരമിട്ടത്. ലോകകപ്പ് വേദിയായ റാസ് അബുഅബൂദിലെ സ്റ്റേഡിയം 974ൽനിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിൽ ദോഹ തുറമുഖത്തിന് നെറ്റിപ്പട്ടം ചാർത്തിയ പോലെ ക്രൂസ് കപ്പലുകളിലെ രാജാവ് നിലയുറപ്പിച്ചിരിക്കുന്നു.
333 മീറ്റർ നീളത്തിൽ ഈ തുറമുഖച്ചാലിനെ മുഴുവനായി കൈയടക്കിയിട്ടുണ്ട്. 68 മീറ്റർ ഉയരത്തിൽ 22 ഡെക്കുകളിലായി കൂറ്റനൊരു കെട്ടിടം. സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോഴേക്കും കപ്പൽ ദീപപ്രഭയാൽ വെട്ടിത്തിളങ്ങും. ആകെയൊരു ഉത്സവാന്തരീക്ഷം പകർന്ന് ലോകകപ്പ് വേദിയിൽ താരപരിവേഷത്തിലാണ് എം.എസ്.സി വേൾഡ് യൂറോപ തലയുയർത്തി നിൽക്കുന്നത്.
സ്റ്റേഡിയങ്ങളും ദോഹ കോർണിഷും ഫ്ലാഗ് പ്ലാസയും മറ്റും കാണാനെത്തുന്നവർ തുറുമുഖ തീരത്തുനിന്നും കപ്പലിന്റെ പശ്ചാത്തലത്തിലൊരു ചിത്രവും പകർത്തി മടങ്ങുന്നു.ഞായറാഴ്ചയായിരുന്ന കപ്പലിന്റെ ഔദ്യോഗിക പേരിടൽ ചടങ്ങ്. അതിനും രണ്ടുദിനം മുമ്പായാണ് ദോഹയിലെ ഏതാനും മാധ്യമ പ്രവർത്തകർക്ക് കപ്പലിലേക്ക് ക്ഷണം ലഭിക്കുന്നത്.
ക്രൂസ് കപ്പലുകൾ ദോഹ തീരത്തെത്തുന്നത് പുതുമയല്ലെങ്കിലും ഒരു ലോകകപ്പിന്റെ ഭാഗമാവുന്ന കപ്പൽ എന്ന നിലയിലാണ് ഈ കടൽകൊട്ടാരം ആകർഷകമാവുന്നത്. ലോകോത്തര ക്രൂസ് കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള യൂറോപ വേൾഡ് രണ്ടാഴ്ച മുമ്പാണ് ഫ്രാൻസിലെ സെന്റ് നസയർ ഹാബർ ഷിപ്‍യാർഡിൽനിന്നും നീറ്റിലിറങ്ങിയത്.
യൂറോപ്പിലെയും അമേരിക്കയിലെയും തെക്കനമേരിക്കയിലെയുമെല്ലാം വിനോദസഞ്ചാരികളും മറ്റും ആദ്യ യാത്രയിൽതന്നെ ദോഹയിലേക്ക് ബോർഡിങ് ചെയ്തിരുന്നു. ദോഹയിൽ നങ്കൂരമിട്ട് ആദ്യ ദിനങ്ങളിൽ അതിഥികളായി നിരവധി പേരെത്തി. വിവിധ രാഷ്ട്രങ്ങളുടെ ഉന്നത വ്യക്തികളും റോയൽ ഫാമിലി അംഗങ്ങളും ഉൾപ്പെടെ വി.വി.ഐ.പി താമസക്കാർ.
ഞായറാഴ്ച ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിക്കായിരുന്നു കപ്പലിന്റെ പേരുവിളിച്ച് ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം. പ്രൗഢഗംഭീരമായി നടന്ന ചടങ്ങുകൾക്കു ശേഷം, ലോകകപ്പിനെത്തുന്ന കാണികൾക്കായി ക്രൂസ് കപ്പലിന്റെ വാതിലുകൾ തുറന്നു നൽകി.
2600ലേറെ വരുന്ന കാബിനുകളിൽ 6700ഓളം പേർക്ക് എം.എസ്.സി വേൾഡ് യൂറോപയിൽതന്നെ താമസിക്കാം. മറ്റു രണ്ടു കപ്പലുകളായ എം.എസ്.സി പോഷ്യ, എം.എസ്.സി ഒപേറ എന്നിവയും കാണികൾക്ക് കളിക്കാഴ്ചകൾക്കൊപ്പം ആഡംബര താമസവും ഒരുക്കാനായി ദോഹ തുറമുഖത്ത് എത്തുന്നുണ്ട്. മൂന്നു കപ്പലുകളിലുമായി 13,000ത്തോളം കാണികൾക്ക് താമസമൊരുക്കാൻ കഴിയും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള കാണികൾക്ക് അത്യാഡംബര താമസത്തിനൊപ്പം സ്റ്റേഡിയത്തിലെത്തി കളികാണാൻ യാത്രസൗകര്യവുമുണ്ട്. വലിയ നീന്തൽ കുളങ്ങൾ, വിശാലമായ തീൻമുറികൾ, കൊച്ചുകുട്ടികൾ മുതൽ കൗമാരക്കാർക്കും മുതിർന്നവർക്കുമായുള്ള കളിസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും. ലോഞ്ച്, സീ പബ്, തിയറ്റർ, കോഫി ബാർ തുടങ്ങി എല്ലാ ആഡംബരങ്ങളും കാത്തുവെച്ചാണ് കടൽകൊട്ടാരം ലോകകപ്പിന് ആതിഥ്യമായി മാറുന്നത്.