ഓറഞ്ച് വസന്തം രണ്ടാം റൗണ്ടിലേക്ക്..
text_fieldsതീര്‍ത്തും ഏകപക്ഷീയമായ മാച്ചെന്ന് തോന്നിപ്പിക്കും വിധം വലിയ നീക്കങ്ങളൊന്നും കാണാത്ത മത്സരം. നെതര്‍ലാൻഡ്സും ഖത്തറും തമ്മിലുള്ള അവസാനഗ്രൂപ് മത്സരം ആവേശകരമാവുമെന്ന വിചാരമുണ്ടാവാന്‍ കാരണം ഈ ലോകകപ്പിന്റെ ചില ചിത്രങ്ങള്‍ കൂടിയായിരുന്നു.
പല പ്രമുഖടീമുകളും അട്ടിമറികള്‍ നടത്തുന്നു, സ്വന്തം തട്ടകത്തിലെ അവസാനമത്സരത്തില്‍ ഖത്തര്‍ പ്രകടിപ്പിക്കാവുന്ന തന്ത്രകുതന്ത്രങ്ങള്ക്കപ്പുറത്തെ പോരാട്ടവീര്യം, പിന്നെ ഒരു തോല്‍വി പിണഞ്ഞാല്‍ ഇഷ്ടടീമായ നെതര്‍ലാന്റ്സ് പുറത്താകുമെന്ന ഭീതി അങ്ങനെ പലവിധകാരണങ്ങള്‍ ഈ കളിയുടെ കാഴ്ചക്കാരനാക്കി.
മെംഫിസ് ഡീപെയും, ഗോക്പെയും ആദ്യ ഇലവനില്‍ വന്നതിലൂടെ മൂന്ന് പോയന്റാണ് ലൂയി വാന്‍ഗാലിന്റെ ലക്ഷ്യമെന്നത് വ്യക്തമായിരുന്നു. ആക്രമണമേഖലയില് കുറേക്കൂടി ക്രിയാത്മകമായ നീക്കങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും നിര്‍വഹണതലത്തില്‍ അതൊന്നും കാണാനാവാത്തത് ഹോളണ്ടിന്റെ വിഭവപരിമിതിയെ തുറന്ന് കാണിക്കുന്നതാണ്.
ആ ലൂപ് ഹോളുകളെ ഖത്തറിന് ഉപയോഗപ്പെടുത്താനുമായില്ല. വാന്ഗാലിയന് തിയറികളില്‍ ഡെയോങും, ഡെംഫ്രൈസും, ഗോക്പെയും ടീമിന്റെ അവലംബമായി തുടരുന്നുവെങ്കിലും വരും മത്സരങ്ങളില്‍ കൂടുതല്‍ പരുവപ്പെട്ട് സെറ്റായി മാറുമെന്നതിന്റെ സൂചനകള്‍ കാണിക്കുന്നതും , പ്രതിരോധം കൂടുതല്‍ ശക്തമായി തുടരുന്നുവെന്നതുമാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ആതിഥേയത്വത്തില്‍ ഏതൊരു ലോകകപ്പിനോടും കിടപിടിക്കുന്ന ഖത്തര്‍ ലോകകപ്പിലെ മത്സരഫലങ്ങളെടുത്താല് ഏറ്റവും താഴെനില്ക്കുന്ന ടീമായാണ് ഈ ലോകകപ്പില്‍ നിന്ന് അവര്‍ വിടവാങ്ങുന്നത്. അക്രം അഫീഫും സംഘവും സാധ്യമായ എല്ലാ വിധത്തിലും ഇന്നത്തെ മത്സരത്തില്‍ നിലനില്ക്കാന് ശ്രമിച്ചിരുന്നു. പലനീക്കങ്ങളും ഹോളണ്ട് ബോക്സില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഫലത്തിലായില്ല.
മധ്യനിരയില്‍ സെകന്റ് ബോളുകള്‍ വിന് ചെയ്യാനും , ശാരീരികമേന്മകളെ ഉപയോഗിച്ച് ആക്രമണങ്ങള്‍ക്ക് പ്രതിരോധത്തില്‍ തട വെക്കാനും അവര്‍ക്കായത് ഒരു പരിധി വരെ ഈ മത്സരഫലത്തോട് യോജിക്കുന്നതായിരുന്നു. ഇനി പ്രീക്വാര്‍ട്ടര്‍ ഫൈനലാണ് ഹോളണ്ടിന് മുമ്പിലെ കടമ്പ. അമേരിക്കയോ, വെയില്‍സോ ആയാലും നല്ല രീതിയില്‍ പരീക്ഷിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

