Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightസെസ്നിക്ക് സ്തുതി...

സെസ്നിക്ക് സ്തുതി സൗദിക്ക് പോളിഷ് 'ഷോക്ക്'

text_fields
bookmark_border
സെസ്നിക്ക് സ്തുതി സൗദിക്ക് പോളിഷ് ഷോക്ക്
cancel
camera_alt

പെനാൽറ്റി കിക്ക് തടുത്ത ​ പോളണ്ട് ​ഗോൾകീപ്പർ വൊ​സീ​ച് സെ​സ്നിയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

ദോഹ: ഇക്കുറിയും കളംനിറഞ്ഞു കളിച്ചു സൗദി. പോളിഷ് പട പേടിച്ചരണ്ട് പിന്നിലൊളിക്കുകയും ചെയ്തു. പക്ഷേ, അർജന്റീനക്കെതിരെ തുണച്ച ഭാഗ്യം പോളണ്ടിനെതിരായ കളിയിൽ അറേബ്യക്കാർക്കൊപ്പമുണ്ടായില്ല. പെനാൽറ്റിയടക്കം പാഴാക്കിയപ്പോൾ, ജയിക്കാമായിരുന്ന കളി സുന്ദരമായി തോറ്റു. ഒന്നല്ല, രണ്ടു ഗോളുകൾക്ക്. അന്നത്തെ 'മുഹമ്മദ് അൽ ഉവൈസ്' ഇക്കുറി പോളണ്ടിന്റേതായിരുന്നു.

16 ഷോട്ടുകൾ ഗോളിലേക്ക് പായിച്ചിട്ടും വൊസീച് സെസ്നിയെന്ന വന്മല പെനാൽറ്റികിക്കടക്കം തടഞ്ഞിട്ട് കരുത്തുകാട്ടിയപ്പോൾ ഗ്രൂപ് 'സി'യിലെ തങ്ങളുടെ നിർണായക മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സൗദിയെ വീഴ്ത്തി പോളണ്ട് പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി.

റയ്യാനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 64 ശതമാനം സമയവും പന്ത് കൈവശംവെച്ചിട്ടും തുരുതുരാ അവസരങ്ങൾ തുറന്നെടുത്തിട്ടും ഒരുതവണപോലും പന്ത് ഗോൾലൈൻ കടത്താൻ സൗദിക്കു കഴിഞ്ഞില്ല. ജയിച്ചിരുന്നെങ്കിൽ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പായിരുന്ന സൗദിക്ക് ഇനി മെക്സികോക്കെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം.

വെള്ളക്കന്തൂറയണിഞ്ഞ്, പച്ചപ്പതാക പുതച്ച ഗാലറിയിൽ ഏറക്കുറെ മുഴുവനുമെന്നോണം സൗദി ആരാധകരായിരുന്നു. ഓരോ നീക്കത്തിനും ഇടിമുഴക്കം പോലെ പെയ്ത ആരവങ്ങളുടെ പിന്തുണയിൽ തുടക്കം മുതൽ സൗദി ആഞ്ഞുകയറിക്കൊണ്ടിരുന്നു. അർജൻറീനക്കെതിരെ കാഴ്ചവെച്ച പോരാട്ടവീര്യം 'വൺമാച്ച് വണ്ടർ' അല്ലെന്നു തെളിയിക്കുന്നതായിരുന്നു സൗദിയുടെ തുടർമുന്നേറ്റങ്ങൾ.

മത്സരത്തിൽ വ്യക്തമായ ആധിപത്യം കാട്ടുകയും ഒട്ടേറെ അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്ത അറേബ്യൻ സംഘം പക്ഷേ, ഫിനിഷിങ്ങിൽ തികഞ്ഞ പരാജയമായി. 39ാം മിനിറ്റിൽ പീറ്റർ സീലിൻസ്കിയും 82ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് കളിഗതിക്കെതിരെ പോളണ്ടിന്റെ ഗോളുകൾ നേടിയത്.

ലീഡിലേക്ക് സീലിൻസ്കി

സൗദി തകർത്തുകളിക്കുന്നതിനിടയിലും പ്രത്യാക്രമണങ്ങളിലായിരുന്നു പോളണ്ടിന്റെ പ്രത്യാശ. 39ാം മിനിറ്റിൽ അതു പുലരുകയും ചെയ്തു. വലതു വിങ്ങിൽനിന്ന് മുളപൊട്ടിയൊരു നീക്കം. മാറ്റി കാഷാണ് ഗോളിന് വിത്തിട്ടത്. താഴ്ന്നു പറത്തിയിട്ടൊരു ക്രോസിനെ ലെവൻഡോവ്സ്കി ഗോളി അൽ ഉവൈസിന്റെ തലക്കുമുകളിലൂടെ വലയിലേക്ക് ഉയർത്തിയിടാനാണ് ശ്രമിച്ചത്.

പന്ത് പക്ഷേ, ഉയർന്നു ബോക്സിനുള്ളിൽ വീണു. വീണ്ടും ഓടിയെടുത്ത് ലെവൻഡോവ്സ്കി പന്ത് സീലിൻസ്കിക്ക് നൽകി. ആറു വാര അകലെനിന്ന് സീലിൻസ്കി തൊടുത്ത ഷോട്ടിന് സൗദി ഡിഫൻസിന് മാത്രമല്ല, അർജന്റീനയെ തടഞ്ഞുനിർത്തിയ ഉവൈസിനും മറുപടിയുണ്ടായില്ല.

പെനാൽറ്റി പാഴാക്കി ദൗസരി

13ാം മിനിറ്റിൽ മുഹമ്മദ് കന്നോയുടെ ഗോളെന്നുറച്ച ശ്രമം തട്ടിമാറ്റിയാണ് വൊസീച് സെസ്നി തന്റെ അതിമിടുക്കിലേക്ക് ആദ്യസൂചന നൽകിയത്. തുടർന്നും സൗദിയുടെ നീക്കങ്ങളെ തടഞ്ഞിട്ട യുവന്റസ് ഗോൾകീപ്പർ, സൗദിക്ക് സമനില കൈവരിക്കാൻ ലഭിച്ച സുവർണാവസരത്തെ ഇടതുകൈകൊണ്ട് തട്ടിമാറ്റിയിട്ട് പോളണ്ടിന്റെ ഹീറോയായി.

ആദ്യപകുതിയുടെ അവസാന മിനിറ്റിൽ സാലിഹ് അൽ ശഹ്‍രിയെ ബോക്സിൽ ക്രിസ്റ്റ്യൻ ബീലിക് വീഴ്ത്തിയതിനാണ് റഫറി വാറിന്റെ സഹായത്തോടെ പെനാൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടിയത്. ഇളകിമറിഞ്ഞ ഗാലറി ആഹ്ലാദനിമിഷങ്ങൾക്ക് കാത്തുകാത്തിരിക്കുന്നതിനിടയിൽ അൽ ബ്രികാൻ കിക്കെടുക്കാൻ ഒരുങ്ങിയെത്തിയതായിരുന്നു. എന്നാൽ, സൗദി അവസാന നിമിഷം ആളെ മാറ്റി.

സ്പോട്ടിൽനിന്ന് കിക്കുതിർക്കാൻ അർജന്റീനക്കെതിരെ ഗോൾ നേടി ഹീറോയായ അൽ ദൗസരിയെത്തി. ഇടതുഭാഗത്തേക്ക് ദൗസരിയെടുത്ത കിക്കിനെ മുഴുനീളത്തിൽ ഡൈവ് ചെയ്ത് സെസ്നിയുടെ സൂപ്പർ സേവ്. റീബൗണ്ടിൽ വീണ്ടും അവസരം കിട്ടിയെങ്കിലും കന്നോ പുറത്തേക്കടിച്ചുതുലച്ചതോടെ ഒറ്റപ്പെട്ട പോളിഷ് കാണികൾക്ക് ഉത്സവമായി.

സൗദി കളിച്ചു, പോളണ്ട് ഗോളടിച്ചു

ഒരു ഗോളിനു പിന്നിലായിട്ടും ഒട്ടും ചോർന്നുപോയില്ല സൗദിയുടെ ശൗര്യം. സമനില ഗോൾ തേടി ഇടതടവില്ലാതെ അവർ ഇരച്ചുകയറി. വമ്പൻ ടീമുകൾക്കെതിരെ പ്രതിരോധത്തിലേക്ക് ഉൾവലിയുന്നതുപോലെ പോളണ്ട് പേടിച്ച് പിന്നിലിറങ്ങി കോട്ടകെട്ടി.

ഇതിനിടയിൽ പറ്റിയാൽ ലീഡുയർത്താമെന്ന കണക്കുകൂട്ടലിൽ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങൾ മാത്രം. സൗദി ഇരമ്പിയാർക്കുകയായിരുന്നു. ഏതു നിമിഷവും പിറന്നേക്കാവുന്ന സമനില ഗോളിന്റെ ഉന്മാദങ്ങളിലേക്ക് ഉറ്റുനോക്കുകയായിരുന്നു ഗാലറി.

എന്നാൽ, ആ കണക്കുകൂട്ടൽ തെറ്റിയത് സ്വന്തം കളിക്കാരനായ അൽ മാലികിയുടെ പിഴവിൽ സൗദി വലയിൽ വീണ്ടും പന്തെത്തിയപ്പോഴാണ്. അൽ ബുഹായി തട്ടിനീക്കിയ പന്തിനെ പാസ് ചെയ്യാനുള്ള നീക്കത്തിൽ അൽ മാലികിക്ക് പിഴച്ചു. ബൂട്ടിന്റെ നിയന്ത്രണത്തിൽനിന്ന് പന്ത് മെല്ലെയൊന്ന് തെന്നിനീങ്ങിയെത്തിയത് ലെവൻഡോവ്സ്കിക്കു മുന്നിൽ.

ലോകകപ്പിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ ഒരു ഗോൾ പോലുമടിക്കാനാവാതെ പഴികേട്ട പോളണ്ട് നായകന് ഇക്കുറി പിഴച്ചില്ല. പന്ത് ഉവൈസിന് പിടികൊടുക്കാതെ നിലംപറ്റെ വലയിലേക്ക്. അവസാന മിനിറ്റിൽ ഗോളി മാത്രം മുന്നിൽനിൽക്കെ, ലെവൻഡോവ്സ്കിക്കു ലഭിച്ച അവസരം ഉവൈസ് തകർപ്പൻ സേവിലൂടെ തടഞ്ഞിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatar worldcup 2022
News Summary - qatar world cup-football-saudi-poland
Next Story