എക്വഡോർ പെർഫക്ട്
text_fieldsകളിക്കാരുടെ സാങ്കേതികമികവും, വലിയമല്‍സരങ്ങളിലെ പരിചയസമ്പന്നതയും ആണ് എക്വഡോറിന് ഈ കളിയില്‍ സമ്പൂർണ മേല്‍ക്കൈ നല്‍കിയതെന്ന് പറയാം. യൂറോപ്യന്‍ സര്‍ക്യൂട്ടുകളില്‍ പരിചിതരായ എക്വഡോര്‍ താരങ്ങള്‍ക്ക് കളിയുടെ തുടക്കം മുതലേ ഗെയിംഡ്രൈവ് സെറ്റ് ചെയ്യാനായതും, പൊസിഷണല്‍ സ്വിചിങ്ങിലും, ബോള്‍ മൂവ്മെന്‍റിലും ഖത്തര്‍ താരങ്ങളുടെ മികവില്ലായ്മയെ നന്നായി ചൂഷണം ചെയ്യാനായതും ഖത്തര്‍ മധ്യനിരയെ തീര്‍ത്തും നിഷ്ക്രിയമാക്കാനായതും കാര്യങ്ങള്‍ എളുപ്പമാക്കി.
ആദ്യപന്ത് മുതലേ ഒരു ഗോള്‍ നേടി തങ്ങളുടെ പ്രതിരോധ ക്രമീകരണത്തില്‍ കടിച്ച് തൂങ്ങാനായിരുന്നു ഖത്തറിന്‍റെ പ്ലാന്‍. എന്നാൽ, എക്വഡോര്‍ മധ്യനിരയും പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്ന് അവയെ മുളയിലേ നുള്ളിക്കളഞ്ഞു. പലപ്പോഴും ഖത്തര്‍ നടത്തിയ ഒറ്റപ്പെട്ട പ്രത്യാക്രമണനീക്കങ്ങളെ എക്വഡോര്‍ ഡിഫന്‍സീവ് തേഡിലെത്തും മുമ്പേ ഇല്ലാതാക്കാന്‍ അവരുടെ മധ്യനിരയുടെ പൊസിഷണല്‍ സെന്‍സിലൂടെ സാധ്യമായി.
എക്വഡോര്‍ ടീമിന്‍റെ കളിഘടനയില്‍ അവരുടെ രണ്ട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ ക്വാളിറ്റി പരാമര്‍ശമര്‍ഹിക്കുന്നതാണ്. ടീം മൂവ്മെന്‍റിനെ കൃത്യമായി ബാലന്‍സ് ചെയ്യാനും, ട്രാന്‍സിഷനുകളെ വേഗത്തില്‍ നടപ്പിലാക്കാനും, ആക്രമണനിരയെയും പ്രതിരോധത്തെയും കൃത്യമായി ലിങ്ക് ചെയ്യാനായതുമാണ് കളിയെ നിര്‍വചിച്ചതെന്നാണ് കരുതുന്നത്. ഖത്തര്‍ ബോക്സില്‍ ഏത് സമയത്തും രണ്ടോ മൂന്നോ കളിക്കാരെ അവൈലബ്ള്‍ ആക്കാന്‍ അവര്‍ക്കായതും ഈ മധ്യനിരയുടെ യന്ത്രസമാനപ്രവര്‍ത്തനം മൂലമായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഗ്രൗണ്ടില്‍ മിഡ്പാസേജിലൂടെ തന്നെ ഖത്തര്‍ പ്രതിരോധത്തെ തുറക്കാന്‍ ഇക്വഡോര്‍ താരങ്ങളുടെ കളിമേന്മയെ വിളിച്ചോതുന്നതാണ്.
അധികം പരീക്ഷിക്കപ്പെടാത്തതാണെങ്കിലും സെന്‍സിബ്ളായ പ്രതിരോധവും വളരെ ആയാസരഹിതമായി പന്തിനെ പരിചരിച്ച ആക്രമണനിരയും ഇക്വഡോറിന് ഇനിയും മുമ്പോട്ട് പോവാനുള്ള ഊര്‍ജ്ജം നല്‍കുന്ന ഘടകങ്ങളാണ്.