രാജാക്കന്മാർ വരിവരിവരിയായ്
text_fieldsആറാം കിരീടത്തിലേക്ക് ആദ്യ പരീക്ഷണം
ബ്രസീൽ x സെർബിയ
ദോഹ: രണ്ടു പതിറ്റാണ്ട് മുമ്പ് ഏഷ്യൻ മണ്ണിൽ മാറോടുചേർത്ത കിരീടത്തിലേക്ക് വീണ്ടും പന്തുതട്ടിക്കയറാൻ സാംബ സംഘം ഇന്ന് ഖത്തറിൽ കാണികളൊഴുകുന്ന ലുസൈൽ കളിമുറ്റത്തിറങ്ങുന്നു. കൗമാരവും കളിമികവും മൈതാനം വാഴുന്ന സമീപകാല ബ്രസീൽ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നുമായാണ് ടിറ്റെ സംഘം ബൂട്ടുകെട്ടുന്നത്. അലക്സാണ്ടർ മിത്രോവിച് ഉൾപ്പെടുന്ന കരുത്തരായ സെർബിയയാണ് എതിരാളികൾ.
26 അംഗ ടീമിൽ 16 പേർക്കും ഇത് കന്നി ലോകകപ്പാണെന്നത് കാനറിപ്പടയെ വേറിട്ടുനിർത്തുന്നു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, എഡർ മിലിറ്റാവോ, ബ്രൂണോ ഗിമറെയ്സ് തുടങ്ങി ഓരോ പൊസിഷനിലും ലോകം ജയിക്കാൻ കെൽപുള്ള ഇളമുറക്കാർ.
മുന്നിൽ നെയ്മർകൂടിയെത്തുമ്പോൾ ഗ്രൂപ് ജിയിൽ ടീമിന്റെ കുതിപ്പ് അനായാസമാകുമെന്നാണ് കണക്കുകൂട്ടൽ. 2018 മുതൽ ബ്രസീൽ കളിച്ച 50 കളികളിൽ 37ഉം ജയിച്ചെന്നത് ആനുകൂല്യമാകും. ഇരു ടീമുകളും തമ്മിൽ 2018ലെ ലോകകപ്പിൽ മുഖാമുഖം നിന്നപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു സാംബ വിജയം.
റയൽ മഡ്രിഡ് മുന്നേറ്റത്തിലെ കുന്തമുനയായ വിനീഷ്യസ് ജൂനിയറിന് കോച്ച് അവസരം നൽകുമോയെന്നതാണ് വലിയ ചോദ്യം. നെയ്മർ, റിച്ചാർലിസൺ, റഫീഞ്ഞ കൂട്ടുകെട്ടിന് കരുത്തുപകർന്ന് മധ്യനിരയിൽ ഫ്രെഡിനെ പരീക്ഷിക്കാനുള്ള സാധ്യത തള്ളാനാകില്ല.
അങ്ങനെയെങ്കിൽ വിനീഷ്യസ് പകരക്കാരുടെ ബെഞ്ചിലിരിക്കും. ഇതുൾപ്പെടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും കോച്ചിനെ പ്രതിസന്ധിയിലാക്കുന്ന പ്രതിഭാധാരാളിത്തം ടീമിന്റെ വിജയം ഉറപ്പാക്കണം. മറുവശത്ത്, യൂറോപ്പിലെ യോഗ്യത പോരാട്ടങ്ങളിൽ പോർചുഗലിനെ േപ്ലഓഫിലേക്ക് തള്ളിയാണ് സെർബിയ എത്തുന്നത്.
എട്ടു കളികളിൽ ആറും ജയിച്ച ടീം രണ്ടെണ്ണം സമനില വഴങ്ങുകയും ചെയ്തു. ഇങ്ങനെയൊക്കെയാകുമ്പോഴും യൂഗോസ്‍ലാവ്യയിൽനിന്ന് വേറിട്ട് രാജ്യം പിറവിയെടുത്തശേഷം ഇന്നുവരെയും സെർബിയ നോക്കൗട്ട് കണ്ടിട്ടില്ല. സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
ക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം
പോർചുഗൽ x ഘാന
ദോഹ: പറങ്കിപ്പടയെ നയിച്ച് അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഘാനക്കെതിരെ ഇറങ്ങുമ്പോൾ ലോകം കാത്തിരിക്കുകയാണ്. നിലവിൽ ഒരു ക്ലബുമായും കരാറില്ലാതെ ഖത്തർ ലോകകപ്പ് കളിക്കുന്ന ഏക താരമാകും റോണോ.
പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുനയിൽ നിർത്തി വിമർശനങ്ങളുമായി ടെലിവിഷൻ ചാനലിലെത്തുകയും പരിശീലകൻ ടെൻ ഹാഗിനെ ഇനി ബഹുമാനിക്കാനാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് താരം പുറത്തിറങ്ങിയത് ദേശീയ ടീമിലും പ്രശ്നങ്ങൾക്കിടയാക്കിയതായി വാർത്തകളുണ്ടായിരുന്നു. യുനൈറ്റഡിൽ ഒന്നിച്ചുകളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ താരവുമായി പ്രശ്നത്തിലാണെന്നും സൂചനകൾ വന്നു.
എന്നാൽ, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും കരിയറിൽ ആദ്യ ലോകകപ്പ് കിരീടനേട്ടമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറയുന്നു. ഖത്തറിൽ പഴയ വീര്യം കൂടുതൽ കരുത്തോടെ തെളിയിച്ചാലേ ജനുവരിയിൽ വീണ്ടും സജീവമാകുന്ന ട്രാൻസ്ഫറിൽ പുതിയ തട്ടകങ്ങൾ എളുപ്പം പിടിക്കാനാകൂ എന്നതും താരത്തെ കാത്തിരിക്കുന്നുണ്ട്.
ലോക റാങ്കിങ്ങിൽ 61ാമതുള്ള ആഫ്രിക്കൻ രാജ്യമായ ഘാന പോർചുഗലിന് അത്ര എളുപ്പമുള്ള എതിരാളികളാകാനിടയില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം അർജന്റീനയെ മറിച്ചിട്ട് ലോക പോരാട്ടവേദിയിൽ എന്തും സംഭവ്യമാണെന്ന് സൗദി അറേബ്യ തെളിയിച്ചതാണ്.
ആഴ്സനൽ കുന്തമുനയായ തോമസ് പാർട്ടി, അയാക്സ് താരം മുഹമ്മദ് ഖുദുസ് തുടങ്ങി നിരവധി പേർ ഘാന ജഴ്സിയിൽ ഇറങ്ങുന്നുണ്ട്. എന്നാലും, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരടങ്ങിയ ഗ്രൂപ് എച്ചിൽ ഫേവറിറ്റുകളാണ് പോർചുഗൽ. ആക്രമണത്തിലും മധ്യ, പ്രതിരോധ നിരകളിലും യൂറോപ്പിലെ മികച്ച താരങ്ങൾ ടീമിനെ മുന്നിൽ നിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.