ഖത്തറിൽ പന്തുരുളുന്നത് അറബ് ലോകത്തിന്റെ ലോകകപ്പിന്
text_fieldsദുബൈ: പൊൻകിരീടം നോട്ടമിട്ട് 32 വമ്പന്മാർ ഖത്തറിൽ ബൂട്ട് കെട്ടുമ്പോൾ ഗാലറിയിലിരുന്ന് കളി കാണാൻ മറ്റു ഗൾഫ് രാഷ്ട്രങ്ങളെ കിട്ടില്ല. ഇറങ്ങിക്കളിക്കളിക്കുകയാണ് യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങൾ. അറബ് ലോകത്തിലെ ആദ്യ ലോകകപ്പിനെ വരവേൽക്കാൻ കച്ചമുറുക്കി സർവ സജ്ജമായിരിക്കുകയാണ് യു.എ.ഇ. ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്തവരോട് 'കേറി വാടാ മക്കളെ' എന്നു പറഞ്ഞ് വിളിക്കുകയാണ് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ.
ഖത്തർ ലോകകപ്പ് അറബ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞത്. പറയുക മാത്രമല്ല, ലോകകപ്പിന് അകമഴിഞ്ഞ പിന്തുണ നൽകി പ്രവൃത്തിച്ച് കാണിക്കുക കൂടിയാണ് അദ്ദേഹം. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടക്കുന്ന ആറ് ലോക നഗരങ്ങളിൽ ഒന്ന് ദുബൈയാണ്.
യു.എ.ഇ. സൗദിയും യു.എ.ഇയും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ കുറഞ്ഞ നിരക്കിൽ മൾട്ടിപ്ൾ എൻട്രി വിസയാണ് ഖത്തറിലെ കാണികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്ടങ്ങാടിയിൽനിന്ന് ബസിൽ കയറി കൊച്ചിയിലെത്തി ഐ.എസ്.എല്ലും കണ്ട് രാത്രി തിരിച്ച് വീട്ടിലെത്തുന്ന അതേ ലാഘവത്തോടെ റിയാദിൽനിന്നും ദുബൈയിൽനിന്നും മസ്കത്തിൽനിന്നുമെല്ലാം ദോഹയിലെത്തി ലോകകപ്പും കണ്ട് തിരിച്ചെത്താം.
എല്ലാ ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും വിമാനത്തിൽ ഒരുമണിക്കൂറിൽ താഴെ മതി ഖത്തറിലെത്താൻ. കാറെടുത്തു പോയാലും ആറോ ഏഴോ മണിക്കൂർകൊണ്ട് ദോഹ പിടിക്കാം. മൾട്ടിപ്ൾ എൻട്രി വിസ ലഭിക്കുന്നതോടെ ഇഷ്ടമുള്ള സമയത്ത് പോകാനും വരാനും കഴിയും. വെറും 100 ദിർഹമിനാണ് യു.എ.ഇ മൾട്ടിപ്ൾ എൻട്രി വിസ നൽകുന്നത്.
ഷട്ട്ൽ സർവിസിന് സമാനമായി ദിവസവും നൂറോളം അധിക സർവിസുകളാണ് ഓരോ ഗൾഫ് രാജ്യവും ഏർപ്പെടുത്തുന്നത്. മിഡ്ലീസ്റ്റിലെ ആദ്യ ലോകകപ്പിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം മറ്റു മിഡ്ലീസ്റ്റ് രാഷ്ട്രങ്ങളും തയാറെടുപ്പിലാണ്. മത്സരം നടക്കുന്നത് ഖത്തറിലാണെങ്കിലും ആരവം മുഴങ്ങുന്നത് ഇവിടെയാണ്.
സാമ്പത്തിക ഗോൾമഴ
മഹാമാരിയിൽ ലോകം മുഴുവൻ ഉലഞ്ഞപ്പോഴും മിഡ്ലീസ്റ്റും ഗൾഫ് രാഷ്ട്രങ്ങളും കണക്കു കൂട്ടി കാത്തിരുന്നത് രണ്ട് ഇവന്റുകൾക്കായിരുന്നു. ഒന്ന് ദുബൈ എക്സ്പോ, രണ്ട് ഖത്തർ ലോകകപ്പ്. മിഡ്ലീസ്റ്റിനൊന്നടങ്കം ഊർജവും ആത്മവിശ്വാസവും പകർന്നാണ് ദുബൈ എക്സ്പോ കടന്നുപോയത്. അവിടെ നിന്ന് കാലം ഏറെ മാറിയെങ്കിലും സാമ്പത്തിക പ്രതിസന്ധി എന്ന വലിയൊരു വാൾ മിഡ്ലീസ്റ്റ് രാജ്യങ്ങളുടെ മുകളിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ടൂൾ ബോക്സാണ് ഖത്തർ ലോകകപ്പ്.
ഖത്തറിൽ എത്തുന്നവരിൽ 10 ലക്ഷം ഫാൻസും യു.എ.ഇയിൽ വരുമെന്നാണ് സ്പോർട്സ് കൗൺസിലിന്റെ കണക്കുകൂട്ടൽ. ഈ കണക്ക് തെറ്റില്ലെന്നാണ് ഹോട്ടൽ ബുക്കിങ് നൽകുന്ന സൂചന. വമ്പൻ ഹോട്ടലുകളിലെ റൂമുകളിൽ നല്ലൊരു ശതമാനവും ഫുട്ബാൾ ഫാൻസ് കൈയടക്കികഴിഞ്ഞു. അർജന്റീന, ബ്രസീൽ ഫാൻസുകാരുടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ തരംതിരിച്ചാണ് ഇവർക്ക് മുറികൾ അനുവദിച്ചിരിക്കുന്നത്. ദുബൈയുടെ ബജറ്റ് വിമാനമായ ൈഫ്ല ദുബൈ ലോകകപ്പ് സമയത്ത് ദിവസവും ദോഹയിലേക്ക് നൂറോളം സർവിസ് നടത്തുമെന്ന പ്രഖ്യാപനത്തിൽ തന്നെയുണ്ട് ഇവിടെ നിന്നുള്ള ഫാൻസിന്റെ ഒഴുക്ക്.
സന്ദർശക വിസയിലെത്തുന്നവർക്ക് യു.എ.ഇയിൽ വസ്തുവാങ്ങാൻ കഴിയില്ല. എന്നാൽ, ലോകകപ്പിനായി എത്തുന്നവർക്ക് വസ്തു വാങ്ങുന്നതിനും തടസ്സമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ. യൂറോപ് അടക്കമുള്ള രാജ്യങ്ങളിലെ വൻ ബിസിനസ് സംഘങ്ങളുടെ വരവ് പ്രതീക്ഷിച്ചാണ് ഇത്തരം വിട്ടുവീഴ്ചകൾ നടത്തുന്നത്.
മിക്ക ഗൾഫ് രാജ്യങ്ങളും ഫാൻസ് സോണുകൾ ഒരുക്കുന്നുണ്ട്. ഇഷ്ടഭക്ഷണവും ആസ്വദിച്ച് ബിഗ് സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് ഫാൻ സോണുകളിൽ ഒരുങ്ങുന്നത്. ആഡംബര റസ്റ്റാറന്റുകളിലെ ഭക്ഷണത്തിനും ആരവങ്ങൾക്കും നടുവിലായിരിക്കും ബിഗ് സ്ക്രീനുകൾ ഒരുങ്ങുക. തത്സമയ സംഗീത പരിപാടികളും കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള മത്സരങ്ങളും ഇവിടെയുണ്ടാകും.
ലോകകപ്പിന് ടിക്കറ്റെടുത്ത് മറ്റ് ഗൾഫ് രാജ്യങ്ങളിലെത്തുന്നവർക്ക് ഇടവേള ദിനങ്ങളിൽ കളി കാണാനും താമസിക്കാനും ആസ്വദിക്കാനുമുള്ള അവസരങ്ങളായിരിക്കും ഫാൻ സോണുകൾ ഒരുക്കുക. ദുബൈ എക്സ്പോ സിറ്റിയിലെ അൽവാസൽ പ്ലാസയിൽ കളിക്കമ്പക്കാർക്കായി ഫാൻ സോൺ ഒരുങ്ങുന്നുണ്ട്.
ക്രൂഡോയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ അടുത്തകാലത്ത് ഗൾഫിലെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിരുന്നു. ഇതോടെയാണ് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ ശ്രമം സജീവമാക്കിയത്. ഇതിലേക്കുള്ള മികച്ച ചുവടുവെപ്പാകും ലോകകപ്പ്. എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ടൂറിസം മേഖലയെ തൊട്ടുണർത്തുന്നതായിരിക്കും ഈ ലോകമാമാങ്കം. 2029 ലോകകപ്പിന് ചരടുവലിക്കാൻ സൗദിയെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

