ആർപ്പോ...ഖത്തറോ; ഇതുവരെ കണ്ടതല്ല; ഇവിടെ കളി മാറും
text_fieldsദോഹ: കളിയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടുപരിചയിച്ച പലതിനും മാറ്റിത്തിരുത്തലുകൾ വരുത്തുന്ന ലോകകപ്പാണ് ഖത്തറിൽ ആറുനാളുകൾക്കപ്പുറം പിറക്കാനിരിക്കുന്നത്. വനിത റഫറിമാരും 26 അംഗ ടീമുകളും അഞ്ച് സബ്സ്റ്റിറ്റ്യൂഷനും അടക്കം പലവിധ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ലോകകപ്പായിരിക്കും ഖത്തറിലേത്.
ഓഫ്സൈഡ് ടെക്നോളജി
വേഗത്തിലും കൃത്യമായും ഓഫ്സൈഡ് തീരുമാനങ്ങളെടുക്കാൻ ഉതകുന്ന രീതിയിൽ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സിസ്റ്റം ലോകകപ്പിൽ ഉപയോഗിക്കാൻ ജൂലൈയിലാണ് ഫിഫ തീരുമാനിച്ചത്. 'ഒരു കളിക്കാരന്റെ തല, ശരീരം, കാൽ എന്നിവയുടെ ഏതെങ്കിലും ഭാഗം എതിരാളികളുടെ ഹാഫിലാവുകയും (ഹാഫ് വേ ലൈൻ ഇതിൽ പെടില്ല) തല, ശരീരം, കാൽ എന്നിവയുടെ ഏതെങ്കിലും ഭാഗം തൊട്ടുപിന്നിലുള്ള എതിരാളിയെയും പന്തിനേയുംകാൾ എതിരാളികളുടെ ഗോൾലൈനിന് അടുത്താവുമ്പോഴാണ് ആ കളിക്കാരൻ ഓഫ്സൈഡ് ആവുന്നതെന്നാണ് ഫിഫ നിയമം.
ഓഫ്സൈഡ് തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാൻ ഖത്തറിൽ പന്തിൽ സെൻസർ ഘടിപ്പിക്കും. ഒപ്പം, കളിക്കാരുടെ ചലനങ്ങൾ പിന്തുടരാൻ ലിംബ ട്രാക്കിങ് കാമറ സിസ്റ്റവും ഉപയോഗിക്കും. റഫറിമാരുടെ തീരുമാനം കാണികൾക്ക് തെളിച്ചത്തോടെ മനസ്സിലാക്കുന്നതിനായി സ്റ്റേഡിയത്തിലെ സ്ക്രീനുകളിൽ ത്രീഡിഇമേജുകൾ ഉപയോഗിക്കും.
സബ്സ്റ്റിറ്റ്യൂഷനുകൾ
നേരത്തേയുണ്ടായിരുന്ന മൂന്നിൽനിന്ന് മാറി ഈ ലോകകപ്പിൽ ആദ്യമായി അഞ്ചു സബ്സ്റ്റിറ്റ്യൂഷനുകൾ അനുവദിക്കും. 2020ൽ കോവിഡ് കാലത്താണ് ഫിഫ അഞ്ചു പകരക്കാരെ അനുവദിക്കാൻ തുടങ്ങിയത്. ലോകകപ്പിൽ മത്സരങ്ങൾ എക്സ്ട്രാ ടൈമിലേക്ക് നീളുകയാണെങ്കിൽ അഞ്ചിനുപുറമെ ഒരു സബ്സ്റ്റിറ്റ്യൂഷൻ കൂടി അനുവദിക്കും. സ്പെയിനിലെ ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയർലീഗും ഉൾപ്പെടെ മിക്കവാറും മത്സരവേദികളിൽ രണ്ടു വർഷമായി അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകളുണ്ട്.
നവംബറിലെ കിക്കോഫ്
മുമ്പ് നടന്ന ലോകകപ്പുകളിൽനിന്ന് ഭിന്നമായി ഇക്കുറി ടൂർണമെന്റ് അരങ്ങേറുന്നത് നവംബറിലും ഡിസംബറിലുമായാണ്. മുമ്പ് ജൂൺ, ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയിരുന്നത്. ഖത്തറിലെ കൊടുംചൂടിൽ മത്സരങ്ങൾ നടത്തുന്നത് ഒഴിവാക്കാനാണ് ലോകകപ്പ് നവംബർ-ഡിസംബറിലേക്ക് മാറ്റിയത്. ജൂണിൽ 50 ഡിഗ്രി സെൽഷ്യസ് ഒക്കെയാണ് ഖത്തറിലെ താപനില. ടൂർണമെന്റ് സമയത്ത് 14 ഡിഗ്രി മുതൽ 31 ഡിഗ്രിവരെയായി ഇതുമാറും.
ടീമംഗങ്ങളുടെ എണ്ണം
ഇതുവരെ 23 അംഗ ടീമുകളാണ് ഓരോ രാജ്യത്തുനിന്നും ലോകകപ്പിനായി എത്തിയിരുന്നത്. എന്നാൽ, ഖത്തറിൽ 26 അംഗ ടീമിനെയാണ് ഓരോ നിരയും അണിനിരത്തുന്നത്. ടൂർണമെന്റ് പതിവിൽനിന്ന് മാറി നവംബറിൽ നടത്തുന്നതും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിബന്ധങ്ങളുമൊക്കെയാണ് ടീമംഗങ്ങളുടെ എണ്ണം ഉയർത്താൻ ഫിഫയെ പ്രേരിപ്പിച്ചത്. ലോകകപ്പ് പ്രാഥമിക ടീം അംഗങ്ങളുടെ എണ്ണം 35 ആയിരുന്നത് ഖത്തർ ലോകകപ്പിൽ 55 ആക്കി ഉയർത്തിയിട്ടുമുണ്ട്.
വനിതാ റഫറിമാർ
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ ഖത്തറിൽ 'കളംഭരിക്കും'. ടൂർണമെന്റിനായി തെരഞ്ഞെടുക്കപ്പെട്ട 36 റഫറിമാരിൽ മൂന്നുപേർ വനിതകളാണ്. ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട്, ജപ്പാന്റെ യമഷിത, റുവാണ്ടയുടെ സലീമ മുകൻസാംഗ എന്നിവരാണ് വിസിൽ മുഴക്കുന്ന വനിതകൾ. നേരത്തേ, യുവേഫ സൂപ്പർ കപ്പ്, ആഫ്രിക്കൻ നാഷൻസ് കപ്പ് അടക്കമുള്ള പുരുഷ ടൂർണമെന്റുകളിൽ ഇവർ കളി നിയന്ത്രിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഖത്തറിൽ 69 അസിസ്റ്റന്റ് റഫറിമാരിൽ മൂന്നുപേർ വനിതകളാണ്.