ആവേശ രാവിൽ ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങ്
text_fieldsദോഹ: കാൽപന്തുകളിയുടെ വിശ്വമേളക്ക് വിസിൽ മുഴങ്ങുംമുമ്പുള്ള ഉദ്ഘാടന ചടങ്ങിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ ചരിത്രവും സാംസ്കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തുന്നത്.
അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊരാൾ. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ്‌കൂക്കിന്റെ വിസ്മയ പ്രകടനമായിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണം. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്ന മ്യൂസിക് വിഡിയോ ഇന്ന് രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണത്തിന് അൽ ബൈത്ത് സ്റ്റേഡിയം സാക്ഷിയായി.
കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു.ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് ഇറങ്ങി തരംഗം തീർത്ത റിക്കി മാർട്ടിന്റെ 'ഗോൾ ഗോൾ ഗോൾ...അലെ അലെ അലെ'യും ഷക്കീറയുടെ 'വക്കാ വക്കാ'യുമെല്ലാം സ്റ്റേഡിയത്തിൽ മുഴങ്ങി.
മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങൾ ഒരുമിച്ച് വേദിയിലെത്തിയപ്പോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

