ലോകകപ്പ് സന്നാഹം; ജർമനിക്ക് നിറം മങ്ങിയ ജയം
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് കോംപ്ലക്സിൽ തടിച്ച് കൂടിയ ആയിര കണക്കിന് ആരാകർക്ക് നിരാശ സമ്മാനിച്ച് ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ജർമനിക്ക് നിറം മങ്ങിയ വിജയം. കളി അവസാനിക്കാൻ 10മിനിറ്റ് മാത്രം ശേഷിക്കെ നിക്കാളോസ് ഫുൾക്രഗ് നേടിയ ഗോളിലാണ് ജർമനി വിജയിച്ചത്. വമ്പൻ വിജയം പ്രതീക്ഷമായി എത്തിയ ജർമൻ പടയുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചായിരുന്നു ഒമാൻ ടീമിന്റെ പ്രകടനം. പലപ്പോഴും ഇരു വിങ്ങുകളിലൂടെയും ഒമാൻ നടത്തിയ ആക്രമണങ്ങൾ ജർമൻ ടീമിന്റെ പ്രഫഷനൽ മികവിൽ മാത്രം തട്ടിയകലുകയായിരുന്നു.
കളി തുടങ്ങിയ ആദ്യ പകുതിയിൽ ഒമാന്റെ ഗോൾമുഖത്തേക്ക് ഹാവെർട്സ, യൂസുഫ മൗക്കോക്ക, ഹേകഫ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആക്രമിച്ചായിരുന്നു ജർമനി കളിച്ചിരുന്നത്. എന്നാൽ, കനത്ത പ്രതിരോധമാണ് കംസി, അൽകബാദി, അൽഹാർത്തി എന്നിവരുടെ നേതൃത്വത്തിൽ റെഡ് വാരിയേഴ്സ് ഒരുക്കിയത്. ഇതിനിടെ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒമാന് തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാനായില്ല.
രണ്ടാം പകുതിയിൽ കുടുതൽ അക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിൽക്കുകയായിരുന്നു. ഒടുവിൽ 80ാം മിനിറ്റിൽ നിക്കോളാസ് ഫുൾക്രഗാണ് ജർമനിക്ക് വേണ്ടി വല കുലുക്കിയത്.

