Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightവീണ്ടും ഗാക്പോ;...

വീണ്ടും ഗാക്പോ; ഖത്തറിനെതിരെ ഓറഞ്ചുപട മുന്നിൽ

text_fields
bookmark_border
വീണ്ടും ഗാക്പോ; ഖത്തറിനെതിരെ ഓറഞ്ചുപട മുന്നിൽ
cancel

കരുത്തരുടെ ഗ്രൂപിൽ ആദ്യ രണ്ടു കളികളിലും വീണ് സമനിലയെങ്കിലും പ്രതീക്ഷിച്ച് അവസാന അങ്കത്തിനിറങ്ങിയ ഖത്തറിനെതിരെ ആദ്യ പകുതിയിൽ ഗോളടിച്ച് ഡച്ചുപട മുന്നിൽ. ഗ്രൂപ് മത്സരങ്ങളിൽ മൂന്നിലും ഗോളടിച്ചവനെന്ന റെക്കോഡ് സ്വ​ന്തം പേരിലാക്കി കോഡി ഗാക്പോയാണ് 21ാം മിനിറ്റിൽ നെതർലൻഡ്സിന് ലീഡ് ഉറപ്പാക്കിയത്.

മരണപ്പോരാട്ടവുമായി അൽബൈത് മൈതാനത്ത് സ്വന്തം കാണികൾക്കു മുന്നിൽ ഇറങ്ങിയ ആതിഥേയരെ വരച്ചവരയിൽ നിർത്തിയായിരുന്നു ഓറഞ്ചുപടയോട്ടം.

ആദ്യ പകുതിയിലേറെയും ഖത്തർ പകുതിയിൽ തമ്പടിച്ച കളിയിൽ ഡച്ചു പടക്കായിരുന്നു സമഗ്രാധിപത്യം. പരീക്ഷണങ്ങൾക്ക് മുതിരാതെ മുൻനിരയെ തന്നെ ഇറക്കി കളിയും കളവും നിയന്ത്രിച്ച വാൻ ഗാലിന്റെ പദ്ധതികൾ അതേ പടി നടപ്പാക്കി ഡച്ചുകാർ പന്തു തട്ടിയപ്പോൾ ആതിഥേയർ പലപ്പോഴും കാഴ്ചക്കാരായി. തുടക്കത്തിലേ അവസരങ്ങൾ സൃഷ്ടിച്ച നെതർലൻഡ്സ് ഏറെ വൈകാതെ ഗോളും നേടി. ഖത്തർ പ്രതിരോധം ചുറ്റും നിൽക്കെയായിരുന്നു ഗാക്പോയുടെ നിലംപറ്റിയുള്ള കിടിലൻ ഷോട്ട്. ​അരികുചേർന്നെത്തിയ പന്ത് വരുതിയിലാക്കാൻ ആതിഥേയ ഗോളി ചാടിയെങ്കിലും അതിനു മുമ്പ് ഗോൾ വീണുകഴിഞ്ഞിരുന്നു.

ഒരു ലോകകപ്പിലെ തുടർച്ചയായ മൂന്നുകളികളിൽ ഗോൾ നേടുന്ന ആദ്യ ഡച്ചു താരമാണ് ഗാക്പോ. പോർച്ചുഗലിന്റെ യുസേബിയോ ഉൾപ്പെടെ മൂന്നു പേർ മറ്റു രാജ്യങ്ങൾക്കായി ഈ റെക്കോഡ് നേടിയിട്ടുണ്ട്. മൂന്നാം കളിയിലും ഗോൾ നേടിയതോടെ പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോയുടെ പിൻഗാമിയായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിടുന്ന ഗാക്പോ ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ വൻതുക സ്വന്തമാക്കുമെന്നുറപ്പായി. ഗോൾ വീണതോടെ നിശ്ശബ്ദത അടയാളപ്പെട്ടുകിടന്ന മൈതാനത്ത് പിന്നെയും ഡച്ചുമുന്നേറ്റം തന്നെയായിരുന്നു മൈതാനം കണ്ടത്. പതിയെ മനസ്സാന്നിധ്യം വീണ്ടെടുത്ത ഖത്തർ ശക്തമായ ആക്രമണങ്ങളുമായി തിരിച്ചെത്തിയതോടെ ഡച്ച് പ്രതിരോധവും ഉണർന്നു. അബ്ദുൽ ഹകീം ഹസൻ നയിച്ച സമാനമായൊരു നീക്കം അപായ സൂചന തീർത്തെങ്കിലും ലക്ഷ്യത്തിനരികെ പിഴച്ചു.

ഗ്രൂപിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ എക്വഡോറിനെതിരെ ഗോളടിച്ച സെനഗാളും മുന്നിലാണ്. ജയിച്ചാൽ നെതർലൻഡ്സും സെനഗാളും ഗ്രൂപിലെ ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടക്കും. റഷ്യൻ ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീമും നോക്കൗട്ടിലെത്തിയിരുന്നില്ല. ആ പേരുദോഷം തീർക്കുന്നതാകും സെനഗാളിന്റെ മുന്നേറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupNetherlandsQatar
News Summary - Netherlands ahead against Qatar
Next Story