എന്തുകൊണ്ട് ഞങ്ങൾ കപ്പ് നേടും...
text_fieldsകാൽപന്തുകളിയുടെ ലോക മാമാങ്കത്തിന് ഇന്ന് വൈകീട്ട് ഖത്തറിന്റെ മൊഞ്ചുള്ള മൈതാനത്ത് പന്തുരുളുമ്പോൾ ആവേശത്തിന്റെ അർമാദിപ്പിലാണ് മലപ്പുറവും. തങ്ങളുടെ പ്രിയ ടീമിനായി കട്ടൗട്ടുകളും ബോർഡുകളും അലങ്കാരങ്ങളും ഒരുക്കി കാത്തിരിക്കുകയാണവർ. കളിമികവിന്റെ അടവുകളോരോന്നും മലപ്പുറത്തെ ആരാധകർക്ക് മനഃപാഠമാണ്. ലോകകപ്പിൽ അങ്കത്തിനിറങ്ങുന്ന പ്രധാനപ്പെട്ട എട്ടു ടീമുകളുടെ വിജയസാധ്യതകൾ വിലയിരുത്തുകയാണ് ഓരോ ടീമിന്റെയും ആരാധകർ.
അർജന്റീനൻ ആരാധകരേ ശാന്തരാകുവിൻ...
തിരൂർ: ഒരുപക്ഷേ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ അവസാന ലോകകപ്പാവും ഖത്തറിലേത്. ലോകത്തും പ്രത്യേകിച്ച് മലയാളികൾക്കിടയിലും ഏറ്റവും കൂടുതൽ ആരാധകരുള്ളത് അർജന്റീനക്കൊപ്പമാണ്. കോപ്പ അമേരിക്കയിലൂടെ ഇതിഹാസം രചിച്ച മെസ്സി ഇത്തവണ ഖത്തർ ലോകകപ്പ് കിരീട നേട്ടത്തിലൂടെ ഫുട്ബാൾ കരിയർ പൂർണമാക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ തന്റെ കരിയറിലെ അവസാന ലോകകപ്പിലാണ് കിട്ടാക്കനിയായ ലോകകിരീടം ചൂടി ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞത്. ഫുട്ബാളിലെ മിശിഹയായ മെസ്സിയും ഖത്തർ ലോകകപ്പിലൂടെ ചരിത്രം കുറിക്കുമെന്നാണ് അവരുടെ പ്രത്യാശ. ഖത്തറിൽ അർജന്റീനയുടെ ചുണക്കുട്ടികൾ കിരീടം ഉയർത്തുമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. കാരണം, ഇതിഹാസതാരം മറഡോണക്കു ശേഷം അർജന്റീന ആരാധകർ അത്രമേൽ സ്വപ്നം കാണുന്നു ഖത്തർ ലോക കിരീടം.
തിരൂർ നടുവിലങ്ങാടിയിൽ അർജന്റീന ആരാധകർ ലയണൽ മെസ്സിയുടെ കട്ടൗട്ടുമായി
റൊണാൾഡോയിൽ പ്രതീക്ഷയർപ്പിച്ച്...
മഞ്ചേരി: ഇത്തവണ കപ്പില്ലെങ്കിൽ പിന്നെ ഇല്ല എന്നാണ് പാലക്കുളത്തെ പോർചുഗൽ ആരാധകർ പറയുന്നത്. കാരണം മറ്റൊന്നുമല്ല, മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച ടീമാണ് ഇത്തവണ ഖത്തറിലെത്തിയത്. സൂപ്പർ താരം റൊണാൾഡോയുടെ അവസാന ലോകകപ്പ് കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും മികച്ച ഫോമിലാണ്. അവസാന സൗഹൃദ മത്സരത്തിൽ നൈജീരിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ടീം പരാജയപ്പെടുത്തിയത്. ലോകകപ്പിന് ഒരുങ്ങിയെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഗ്രൂപ് 'എച്ചി'ൽ പോർചുഗലിന് പുറമെ ഘാന, ഉറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകളാണ് ഉള്ളത്. ചാമ്പ്യന്മാരായിത്തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നും ഇവർ വിശ്വസിക്കുന്നു. വി.കെ. അമീർ, വി.കെ. അനസ്, പി. ഷഫീഖ്, സി.പി. റഷീദ്, വി. ഷിറിൻ, പി. നൗഷിബ്, എം. ഫായിസ്, എം. ലത്തീഫ് തുടങ്ങിയവരാണ് പോർചുഗലിന് വേണ്ടി ആർപ്പുവിളിക്കാനുള്ളത്.
മഞ്ചേരി പാലക്കുളത്തെ പോർചുഗൽ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രത്തിനൊപ്പം
ജെറെമി ഡോക്കിൽ വിശ്വാസം അർപ്പിച്ച് 'ബെൽജിയംകാർ'
എടപ്പാൾ: 'വൻ പുലികൾ വാഴുന്ന കാട്ടിൽ ഒരു നരിയെങ്കിലും ആവാതെ തരമില്ലല്ലോ...' എന്ന സിനിമ ഡയലോഗാണ് ബെൽജിയം ആരാധകർ പറയുന്നത്. വെളിയങ്കോട് പഴഞ്ഞിപ്പാലത്ത് 18ഉം 20ഉം അടി ഉയരമുള്ള മെസ്സിയുടെയും നെയ്മറിന്റെ കട്ടൗട്ടിനിടയിൽ ബെൽജിയം ആരാധകരും അലങ്കാരങ്ങൾ മേശമാക്കിയിട്ടില്ല. കെവിൻ ഡിബ്രുയിനെയാണ് ബെൽജിയത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം അറ്റാക്കിങ് മീഡ് ഫീൽഡറായ 21കാരൻ ജെറെമി ഡോക്കു കൂടി അണിനിരക്കുന്നത്തോടെ ടീം വേറെ ലെവൽ ആകുമെന്ന് ആരാധകർ പറയുന്നു. ഡോക്കു ഇടത് റൈറ്റ് മിഡായും ലെഫ്റ്റ് മിഡായും കളിക്കാൻ അനുയോജ്യനാണ്. മുൻനിരയിലെ ലിയാൻഡ്രോ ട്രൊസാർഡ്, ഹസാർഡ് എന്നിവർക്കൊപ്പം പ്രമുഖ താരം ലുക്കാക്കുവിന്റെ പ്രകടനവും നിർണായകമാണ്. പരിക്ക് വേട്ടയാടിയിരുന്ന ലുക്കാക്കു ലോകകപ്പിൽ മത്സരങ്ങളിൽ തിരിച്ചുവരും. യാൻ വെർട്ടോംഗനും ടോബി ആൽഡെർവെയ്റെൾഡും പ്രതിരോധത്തിൽ അണിനിരക്കുന്നതോടെ ബെൽജിയം മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറും. തിബൗ കുർട്വയുടെ ചോരാത്ത കൈകൾ ബെൽജിയം ഗോൾവലക്ക് ശക്തിപകരുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഗ്രൂപ് എഫിലാണ് ബെൽജിയം ഉള്ളത്. കാനഡ, മൊറോകോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് എതിരാളികൾ.
വെളിയങ്കോട് പഴഞ്ഞിപ്പാലത്ത് ബെൽജിയം ടീമിന്റെ ഫ്ലക്സിന് മുന്നിൽആരാധകർ
ബ്രസീൽ ആറാം കിരീടത്തിൽ മുത്തമിടും
നിലമ്പൂർ: ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ ആറാം കിരീടം ചൂടുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിലമ്പൂർ താഴെ ചന്തക്കുന്നിലെ ചെസ് ക്ലബ് ബ്രസീൽ ഫാൻസ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബാനറുകളിലൊന്ന് സ്ഥാപിച്ചാണ് ലോകകപ്പിൽ ആറാം തവണയും നെയ്മറും ടീമും മുത്തമിടുമെന്ന് ക്ലബ് ഭാരവാഹികൾ ആണയിടുന്നത്. ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാം നിരയിലുള്ള കളിക്കാരാണ് ഞങ്ങളുടേത്. കളിയുടെ സർവ മേഖലയിലും മികവുണ്ട്. അതുകൊണ്ടുതന്നെ ഖത്തറിൽ ബ്രസീൽ കപ്പ് അടിക്കുകതന്നെ ചെയ്യുമെന്നാണ് ഇവർ പറയുന്നത്. പി. രാജൻ, കെ.പി. അർഷദ്, സി.ടി. ബാസിത്ത്, കെ.പി. അംജദ്, പി.ടി. നിഷാദ്, എം.കെ. നൗഫൽ, എം. ഷിബിൽ, എ. റംഷി റെമോ, പി.ടി. ഫാസിൽ, സി.കെ. ജിൽഷാദ്, എ.കെ. സജീർ തുടങ്ങി ചെസ് ക്ലബിനെ നയിക്കുന്ന പട ഉറച്ച ആത്മവിശ്വാസത്തിലാണ്.
നിലമ്പൂർ താഴെ ചന്തക്കുന്ന് ചെസ് ക്ലബ് ബ്രസീൽ ഫാൻസ്
സ്പാനിഷ് കാത്തിരിപ്പിന് ഇത്തവണ വിരാമമാകും
പൊന്നാനി: 12 വർഷത്തെ കാത്തിരിപ്പിന് ഖത്തറിൽ വിരാമമാകുമെന്നാണ് മാറഞ്ചേരിയിലെ സ്പെയിൻ ആരാധകരുടെ പക്ഷം. യുവരക്തങ്ങളുടെ ശക്തിയിൽ ഇത്തവണ സ്പാനിഷ് പട കപ്പടിക്കുമെന്നാണ് ഈ യുവാക്കൾ പറയുന്നത്. പരിചയസമ്പന്നരായ സെർജിയോ റാമോസും തിയാഗോ അൽകൻറാരയുമില്ലെങ്കിലും പെഡ്രി, ഗാവി എന്നിവരുൾപ്പെടെയുള്ള യുവ താരങ്ങളെയാണ് സ്പെയിൻ കോച്ച് ലൂയിസ് എൻറിഖ് ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിനിറക്കുന്നത്. സെന്റര്‍ മിഡ്ഫീല്‍ഡിലാണ് സ്ഥാനമെങ്കിലും പെഡ്രിയെ ഇടതു വിങ്ങിലും വലതു വിങ്ങിലും പ്രതീക്ഷിക്കാം. മുന്നേറ്റ നിരക്ക് പന്തെത്തിച്ച് നല്‍കുന്നതിനൊപ്പം പിന്നിലേക്ക് ഇറങ്ങിവന്ന് പന്ത് ശേഖരിച്ച് മുന്നേറുന്നതും പെഡ്രിയുടെ ശീലമാണ്.
ഗോൾ വല കാക്കാൻ പരിചയ സമ്പന്നനായ ഉനയ് സിമോൺ ഉണ്ടെന്നതും പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. ഡാനി കാർവഹാൽ, സീസർ അസ്പിലിക്കേറ്റ, എറിക് ഗാർഷ്യ, ടോറസ്, ഹ്യഗോ ഗലിമൻ, ലപോർട്ട, ജോർദി ആൽബ, ജോസ് ഗയ എന്നിവരാണ് പ്രതിരോധ നിരക്കാർ. ബാഴ്സിലോണയുടെ 'എൻജിനായ' സെർജി ബുസ്ക്വറ്റ്സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർക്കോസ് ലോറെന്റെ, പെഡ്രി, കൊകെ എന്നിവർ മധ്യനിരയിൽ കളിക്കും. യെറേമി പിനോ, ഫെറാൻ ടോറസ്, നികോ വില്യംസ്, അൽവാരോ മൊറാട്ട, മാർകോ അസൻഷ്യോ, പബ്ലോ സെറാബിയ, ഡാനി ഒൽമോ, അൻസു ഫാറ്റി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുക.
മാറഞ്ചേരി മുക്കാല എം.ജി റോഡിലെ സ്പെയിൻ
ആരാധകർ
ഇംഗ്ലീഷ് പാസാകും
മലപ്പുറം: ലോകകപ്പിൽ ഇത്തവണ ഇംഗ്ലീഷ് ക്ലാസ് പാസാകുമെന്ന് ആരാധകർ. ഗോൾ വല മുതൽ മുന്നേറ്റം വരെ ശക്തമായ ടീമാണ് ഇംഗ്ലണ്ടിനുള്ളത്. കോച്ച് ഗാരേത് സൗത്ത് ഗേറ്റിന്റെ കൂടി തന്ത്രങ്ങളാകുമ്പോൾ മികച്ച പ്രകടനം നടത്തും. യൂറോ കപ്പിൽ ഫൈനലിൽ ഇറ്റലിയോട് കാലിടറിയെങ്കിലും ലോകകപ്പിൽ പിഴവുകളെല്ലാം തിരുത്തി ടീം കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷ. മുന്നേറ്റ നിരയിൽ ഹാരികെയ്നും റഹീം സ്റ്റെൽലിങ്ങും മാർക്കസ് റാഷ്ഫോഡും അടക്കം നല്ല ഫോമിലുള്ള താരങ്ങളാണ്. മധ്യനിരയിലെ മേസൻ മൗണ്ട്, ജാക് ഗ്രീലിഷ്, ഫിലിപ് ഫോഡൻ, സാക്ക, ജെയിംസ് മാഡിസൺ താരങ്ങളും മുന്നേറ്റത്തിന് പന്തെത്തിക്കാൻ കളത്തിൽ നിറയും. പ്രതിരോധത്തിൽ ഹാരി മഗ്വെർ, കീറർ ട്രിപ്പെർ, എറിക് ഡയർ, ജോൺ സ്റ്റോൺസ്, കെയിൽ വാക്കർ അടക്കമുള്ളവർ കരുത്ത് കാണിക്കും. വല കാക്കാൻ ജോർഡൻ ഫിക്ഫോഡുമുണ്ടാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകളിലെ താരങ്ങളാണ് ടീമിലുള്ളവർ. 2018 ലോകകപ്പിൽ സെമിയിൽ ക്രൊയേഷ്യയോട് 2 -1ന് പരാജയപ്പെട്ടാണ് ടീം പുറത്തു പോയത്. ഇത്തവണ കപ്പ് നേടാൻ കഴിയട്ടെ എന്ന് കോഡൂർ വലിയാടിലെ ആരാധകരായ പി.ടി. റംഷാദ് അലി, വി.പി. മുനീർ, പി.ടി. ബാസിത്ത് അലി, പി.പി. റിയാസ്, ശഫീഖ് ഊരോതൊടി, വി.ടി. റാഫി, പി. സൈഫുല്ല, മുനീർ കടമ്പോട്ട്, വി. ഫിറോസ് എന്നിവർ പറഞ്ഞു. ഗ്രൂപ് ബിയിലാണ് ഇംഗ്ലണ്ട്. എതിരാളികളായി അമേരിക്ക, ഇറാൻ, വെയ്സ് എന്നിവരുമുണ്ട്.
കോഡൂർ വലിയാടിലെ ഇംഗ്ലണ്ട് ആരാധകർ ടീം പതാകയുമായി
എംബാപ്പെയുടെ ഫ്രഞ്ച് പട കപ്പുയര്‍ത്തും
കൊണ്ടോട്ടി: ഖത്തര്‍ ലോകകപ്പില്‍ കപ്പുയര്‍ത്തുന്ന ടീം ഫ്രഞ്ച് പട തന്നെയെന്ന് ആരാധകര്‍. ലോകത്തിലെ അപകടകാരികളായ മൂന്ന് സ്ട്രൈക്കര്‍മാരുള്ള ടീം വേറെയില്ലെന്നാണ് ഇവരുടെ പക്ഷം. ഏത് പ്രതിരോധവും തകര്‍ക്കാന്‍ കെല്പുള്ള എംബാപ്പെ, ബെൻസേമ, ഗ്രീസ്മാന് തുടങ്ങിയ സംഘത്തിലാണ് ഫ്രാന്‍സ് ആരാധകരുടെ പ്രതീക്ഷ. പോഗ്ബ, കാന്റെ എന്നിവരുടെ അഭാവം നികത്താൻ കമവിങ്ക, ചൗമേനി, റാബിയോട്ട് തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രഞ്ച് മധ്യനിരക്ക് കഴിയുമെന്ന് ഫ്രഞ്ച് ഫുട്ബാള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ പ്രതിനിധി മൂസ വിലയിരുത്തി. പരിചയസമ്പന്നനായ ക്യാപ്റ്റന്‍ ലോറിസിന്റെ കീഴില്‍ ഇറങ്ങുന്ന ഫ്രഞ്ച് പടക്ക് ഖത്തര്‍ കീഴടക്കാനുള്ള മികച്ച പടയാളികള്‍ ഉണ്ട്. ഭാഗ്യവുംകൂടി തുണച്ചാല്‍ ഫ്രഞ്ച് വിപ്ലവം കാണാമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. ഫ്രഞ്ച് പടക്ക് തുണയര്പ്പിച്ച് ബോര്‍ഡുകളും ബാനറുകളുമായി ഫാന്‍സ് അസോസിയേഷന് മലബാറില്‍ സജീവമാണ്.
ഫ്രഞ്ച് പടക്ക് പിന്തുണയേകി സ്ഥാപിച്ച
ബോര്‍ഡുകള്‍ക്കൊപ്പം ആരാധകര്‍
പ്രതീക്ഷ തോമസ് മുള്ളറിലും ജർമൻ കരുത്തിലും
പെരിന്തൽമണ്ണ: എട്ടുതവണ ഫൈനലിലെത്തുകയും നാലുതവണ കപ്പടിക്കുകയും ചെയ്ത ജർമൻ പടക്കാണ് ഇത്തവണ വേൾഡ് കപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടാവുകയെന്നാണ് കരുവാരകുണ്ട് കക്കറയിലെ യങ്സ്റ്റാർ ക്ലബ് അംഗങ്ങൾ കൂടിയായ ജർമൻ ഫാൻസിന്റെ ഉറച്ച വിശ്വാസം. അതിനു നിരത്തുന്ന കാരണങ്ങളും പലതാണ്. ക്യാപ്റ്റൻ കിമ്മിച്ചിനോടൊപ്പം പ്രധാന സ്ട്രൈക്കർ തോമസ് മുള്ളറും ഗനബറിയും ഹവാട്ടസും സെനയും ഗോൾകീപ്പർ മാനുവൽനൂയറും അടക്കം എടുത്തുപറയാവുന്ന താരനിരയാണ് ടീമിന്റെ കരുത്ത്. കക്കറയിലെ നിധിൻ, സി.പി. ഡാനിഷ്, അഫ്സൽ മുഹമ്മദ്, എം. സഫറുദ്ദീൻ, ഉമ്മർ, ഖാദർ, ബെന്നി, വിദേശത്തുള്ള ഹർഷദ് ഹാരിഫ് തുടങ്ങിയവർ ചേർന്ന് ടീമിനു വേണ്ടി ഇവർ കൂറ്റൻ ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിലും ചെൽസിയിലും കളിക്കുന്നവരാണ് ജർമനിയുടെ പ്രധാന കളിക്കാർ. യൂറോ കപ്പ് കഴിഞ്ഞ ശേഷം ജർമൻ ടീമിന്റെ പരിശീലനമേറ്റെടുത്ത ഹാൻസി ഫ്ലിക്കിന്റെ തന്ത്രങ്ങളും ഇത്തവണ കാണാം. കൊറിയയോടാണ് ജർമനിയുടെ ആദ്യമത്സരം. ഈസി വാക്ക് ഓവറാണ് പ്രതീക്ഷ. കരുവാരകുണ്ട് കക്കറയിലെ 80ഓളം പേരുള്ള യങ്സ്റ്റാർ ക്ലബിൽ അർജന്റീന, ബ്രസീൽ, പോർചുഗൽ ടീമുകൾക്കാണ് ആരാധകരേറെ. പക്ഷേ, ജർമൻ ടീമിലുള്ള വിശ്വാസമാണ് ഫാൻസിന്റെ കരുത്തെന്ന് ഫുട്ബാൾ കളിക്കാരൻ കൂടിയായ എം. സഫറുദ്ദീൻ പറയുന്നു.
കരുവാരകുണ്ട് കക്കറയിലെ ജർമൻ ടീം ഫാൻസ് അംഗങ്ങളായ നിധിൻ, എം. സഫറുദ്ദീൻ, ഉമ്മർ, ഖാദർ എന്നിവർ ടീമിനായി സ്ഥാപിച്ച ഫ്ലക്സിനു മുന്നിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

