വെൽക്കം ബ്ലൂ സാമുറായ്സ്; ആദ്യ സംഘമായി ജപ്പാൻ ഇന്ന് ലോകകപ്പ് നഗരിയിൽ
text_fieldsജപ്പാൻ ക്യാപ്റ്റൻ മായ യോഷിദോയുടെ ചിത്രം പതിച്ച
ദോഹയിലെ കെട്ടിടം
ദോഹ: കളിയുടെ മഹാപോരിടത്തിലേക്ക് ആദ്യ പടയാളികളായി ബ്ലൂ സാമുറായ് തിങ്കളാഴ്ച പറന്നിറങ്ങും. ലോകകപ്പ് ആവേശത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിനിൽക്കുന്ന ഖത്തറിന്റെ മണ്ണിലേക്ക് ആദ്യമെത്തുന്നവർ എന്ന പെരുമയോടെയാണ് ക്യാപ്റ്റൻ മായാ യോഷിദയുടെയും കോച്ച് ഹജിമെ മൊറിയാസുവിന്റെയും നേതൃത്വത്തിലുള്ള ജപ്പാൻ പടയെത്തുന്നത്. ലോകകപ്പിൽ മാറ്റുരക്കുന്ന 32 ടീമുകളിൽ ശേഷിക്കുന്നവർ വരുംദിവസങ്ങളിൽ മത്സര വേദിയിലെത്തും.
ലോകകപ്പിനുള്ള 26 അംഗ സംഘത്തെ ആദ്യം പ്രഖ്യാപിച്ചതും മുൻ ഏഷ്യൻ ചാമ്പ്യന്മാരും ലോക റാങ്കിങ്ങിൽ 24ാം സ്ഥാനക്കാരുമായ ജപ്പാനായിരുന്നു. ഹമദ് വിമാനത്താവളത്തിൽ വൻ ആഘോഷത്തോടെയാവും ആദ്യ സംഘത്തിന് ആതിഥേയർ സ്വീകരണം നൽകുന്നത്. ഹമദ് വിമാനത്താവളത്തിൽനിന്ന് 16 കിലോമീറ്റർ ദൂരെയുള്ള പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന്റെ താമസം. അവിടെനിന്ന് അഞ്ചു കിലോമീറ്റർ മാത്രം ദൂരെ ഖത്തറിന്റെ ചാമ്പ്യൻ ക്ലബായ അൽ സദ്ദിന്റെ പുതിയ ട്രെയിനിങ് സെന്ററാണ് ടീമിന്റെ പരിശീലനത്തിനായി സജ്ജീകരിച്ചത്.
10 ദിവസത്തോളം ഖത്തറിൽ പരിശീലനവും തയാറെടുപ്പും സജീവമാക്കിയശേഷം, നവംബർ 17ന് ദുബൈയിലെത്തി കാനഡയുമായി തങ്ങളുടെ അവസാന സന്നാഹമത്സരം കളിച്ചാണ് ജപ്പാന്റെ പടപ്പുറപ്പാണ്. ഗ്രൂപ് 'ഇ'യിൽ സ്പെയിൻ, കോസ്റ്ററീക, ജർമനി എന്നിവർക്കൊപ്പമാണ് ജപ്പാൻ കളിക്കുന്നത്. ജർമൻ ബുണ്ടസ് ലിഗ ക്ലബ് ഷാൽകെയുടെ പ്രതിരോധ ഭടൻ മായ യോഷിദ, മുൻ ഇന്റർ മിലാൻ പ്രതിരോധ മതിൽ യൂടോ നഗാടോമോ എന്നിവരും യൂറോപ്യൻ ക്ലബുകളിൽ പരിചയ സമ്പന്നരായ ഒരു പിടി താരങ്ങളുമായാണ് ജപ്പാൻ തങ്ങളുടെ തുടർച്ചയായ ഏഴാം ലോകകപ്പിനായി വരുന്നത്.
നാലു തവണ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ, 2019ൽ ഖത്തറിനു മുന്നിലായിരുന്നു ഏഷ്യാകപ്പിൽ കീഴടങ്ങിയത്.
മുൻ ലോകചാമ്പ്യന്മാരായ സ്പെയിൻ നവംബർ 18ന് എത്തും. ഗ്രൂപ് ഇയിൽ മത്സരിക്കുന്ന സ്പെയിനിന് നവംബർ 23ന് ക്രൊയേഷ്യക്കെതിരെ അൽ തുമാമ സ്റ്റേഡിയത്തിലാണ് ആദ്യ കളി.
അർജന്റീന അബൂദബി വഴി ദോഹയിലേക്ക്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലയണൽ മെസ്സിയും സംഘവും അബൂദബി വഴിയാണ് ദോഹയിലെത്തുന്നത്. ലീഗ് സീസൺ മത്സരങ്ങൾ അവസാനിച്ചശേഷം, ടീം നേരത്തേ അബൂദബിയിലാവും സംഗമിക്കുന്നത്. 13ന് അൽ നഹ്യാൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം 16ന് യു.എ.ഇ ദേശീയ ടീമിനെ നേരിടും. 17 മെസ്സിയും സംഘവും ദോഹയിലേക്കു പറക്കും.