അബ്ബാസുണ്ടോ? കളിവിവരങ്ങൾ അറിയാൻ വിക്കിപീഡിയ വേണ്ട...
text_fieldsഅബ്ബാസ് ദോഹയിലെ റസ്റ്റാറന്റിൽ ജോലിക്കിടെ
ചായ ഓർഡർ ചെയ്ത് മേശയിൽ കൊണ്ടുവെച്ചശേഷം അബ്ബാസ് 1990 ലോകകപ്പിൽ കളത്തിലിറങ്ങിയ റുമേനിയൻ ടീമിന്റെ കഥ പറയും. ജോർജ് ഹാഗി, അഡ്രിയാൻ പൊപെസ്ക്യൂ, സിൽവിയു ലങ്, മരിയസ് ലകാറ്റസ് തുടങ്ങി അന്ന് കളി ആവേശപൂർവം കണ്ടവർപോലും മറന്നുപോയ െപ്ലയിങ് ഇലവൻ മണിമണിയായി നിരത്തും. അപ്പോൾ ഇറ്റലി ടീമിനെ ഓർമയുണ്ടോ? ചോദ്യം ആറിത്തണുക്കുംമുമ്പേ അടുത്ത ടേബിളിൽ സെർവ് ചെയ്ത് ക്ഷണത്തിൽ തിരിച്ചെത്തും. പിന്നെ വാൾട്ടർ സെംഗ, ഫ്രാങ്കോ ബരേസി, റോബർട്ടോ ബാജിയോ, ഗിയൂസെപ്പെ ബെർഗോണി, പോളോ മാൾഡീനി, സാൽവതോർ സ്കില്ലാച്ചി... ഒറ്റശ്വാസത്തിൽ ഇറ്റലിയും റെഡി...
ഖത്തർ ലോകകപ്പിന് വേദിയൊരുക്കുമ്പോൾ പ്രവാസലോകത്തെ കളിക്കമ്പക്കാരുടെ അതിശയിപ്പിക്കുന്ന പരിച്ഛേദമാണ് മലപ്പുറം പരുവമണ്ണ സ്വദേശി അബ്ബാസ്. ഫുട്ബാളിനെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങൾ വള്ളിപുള്ളി തെറ്റാതെ തലച്ചോറിൽ സൂക്ഷിക്കുന്ന അബ്ബാസ് ദോഹയിലെ നജ്മയിൽ മലയാളി ഉടമസ്ഥതയിലുള്ള സെഞ്ച്വറി റസ്റ്റാറന്റിലെ ജീവനക്കാരനാണ്. ദേശീയ ടീമുകൾക്കു പുറമെ പ്രമുഖ ക്ലബുകളിലെ താരങ്ങളും ഇലവനുമൊക്കെ വിക്കിപീഡിയയെ വെല്ലുന്ന മിടുക്കിൽ മനസ്സിൽ സൂക്ഷിക്കുന്നു. സൂപ്പർതാരങ്ങളുടെ ഉദയം മുതൽ ഇന്നേവരെയുള്ള നാൾവഴികളും നാവിൻതുമ്പിലുണ്ട്. ഒപ്പം ഓരോ ടീമിന്റെയും കേളീശൈലിയും ശക്തിദൗർബല്യങ്ങളും കായിക വിദഗ്ധനെപ്പോലെ വിലയിരുത്തും.
1990 മുതൽ എല്ലാ ലോകകപ്പുകളിലെയും മത്സരങ്ങൾ അബ്ബാസ് കണ്ടിട്ടുണ്ട്. അന്നുമുതലിങ്ങോട്ട് പ്രമുഖ ടീമുകളുടെയെല്ലാം െപ്ലയിങ് ഇലവൻ ഹൃദിസ്ഥം. അർജന്റീന, ബ്രസീൽ, നെതർലൻഡ്സ്, ഇറ്റലി, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി കാമറൂണും സെനഗാളും സൗദിയുമടക്കമുള്ള രാജ്യങ്ങൾ കാലാകാലങ്ങളിൽ കളത്തിലിറക്കുന്ന കളിക്കാരുടെ വിവരങ്ങൾ കമ്പ്യൂട്ടറിനെ അതിശയിപ്പിക്കുന്ന കൃത്യതയിൽ പറഞ്ഞുതരും. ഓരോ കളിക്കാരും ക്ലബ് തലത്തിൽ ഏതു ടീമുകൾക്കാണ് ജഴ്സിയണിഞ്ഞിരുന്നത് എന്നതും മനഃപാഠമാണ്. 1978 മുതൽ ലോകകപ്പിൽ ടോപ്സ്കോറർമാരായവരുടെ പേരും രാജ്യങ്ങളും കിറുകൃത്യമായി പറഞ്ഞുതരും. ഫുട്ബാളിലെ അറിയപ്പെടാത്ത പല കഥകളും ഭക്ഷണത്തോടൊപ്പം വിളമ്പും.
ഉച്ച 12 മണി മുതൽ രാത്രി 12 മണി വരെയാണ് റസ്റ്റാറന്റിലെ ജോലിസമയം. ഇതുകഴിഞ്ഞ് പുലർച്ച മൂന്നുമണിവരെ മൊബൈലിൽ കളി കാണും. ലോകത്തെ പ്രമുഖ ലീഗുകളിലെ കളികൾ മുഴുവൻ കാണാറുണ്ട്. ലൈവ് കാണാൻ പറ്റിയില്ലെങ്കിൽ യൂട്യൂബിൽ ഹൈലൈറ്റ്സ് കാണും. ഇതിനിടയിൽ അൽപം മാപ്പിളപ്പാട്ടും. മാപ്പിളപ്പാട്ടിന്റെയും ചരിത്രവും വിവരങ്ങളും കളിയെപ്പോലെതന്നെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. പുലർച്ച മൂന്നുമണി മുതൽ 11 മണി വരെയാണ് ഉറക്കം. വീണ്ടും 12 മണിക്ക് ജോലി. ഫുട്ബാളിനോടും മാപ്പിളപ്പാട്ടിനോടുമുള്ള പ്രിയമാണ് ജീവിതത്തെ സരസമായി മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അബ്ബാസിന്റെ പക്ഷം. അഞ്ചു വർഷം സൗദിയിൽ ജോലി ചെയ്തശേഷമാണ് ഖത്തറിലെത്തിയത്. ദോഹയിലെ ഹോട്ടലിൽ ഇപ്പോൾ അഞ്ചുവർഷം പിന്നിടുന്നു. നാട്ടിൽ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാനാണ് കളിക്കമ്പവുമായി അബ്ബാസ് കടൽ കടന്നത്.
ഈ 46കാരന്റെ ഫുട്ബാൾകമ്പം ദോഹയിലും പ്രശസ്തമാണ്. ഹോട്ടലിലെത്തുന്ന കളിക്കമ്പക്കാർ അബ്ബാസുമായി സംവദിക്കാനും സമയം കണ്ടെത്തുന്നു. കടുത്ത ബ്രസീൽ ആരാധകനാണിദ്ദേഹം. ഇത്തവണ ലോകകപ്പിൽ ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളിലൊന്നാവും ചാമ്പ്യന്മാരെന്നാണ് അബ്ബാസിന്റെ പ്രവചനം. ഖത്തറിൽ വിരുന്നെത്തിയ ബ്രസീലിന്റെ ഏതെങ്കിലുമൊരു കളി കാണാനുള്ള ശ്രമത്തിലാണ്. ഖത്തറിലെ ലോകകപ്പ്, വമ്പൻ പോരാട്ടങ്ങൾ നേരിട്ടുകാണാൻ മലയാളികൾക്ക് മികച്ച അവസരമൊരുക്കിയെന്ന് അബ്ബാസ് ചൂണ്ടിക്കാട്ടുന്നു. നാട്ടിൽനിന്ന് കളി കാണാൻ കൂട്ടുകാരും ബന്ധുക്കളുമൊക്കെ വരുന്നതിന്റെ ത്രില്ലുമുണ്ട്. ഖത്തർ മണ്ണിലെ വിശ്വമേള വൻ വിജയമായി മാറുമെന്നതിൽ അബ്ബാസിന് സംശയമൊന്നുമില്ല.