Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightനിങ്ങളാണ് ഹൃദയവും...

നിങ്ങളാണ് ഹൃദയവും ആത്മാവും പുഞ്ചിരിയും

text_fields
bookmark_border
നിങ്ങളാണ് ഹൃദയവും ആത്മാവും പുഞ്ചിരിയും
cancel

ദോഹ: 'നിങ്ങളാണ് ഈ ലോകകപ്പിന്റെ ഹൃദയവും ആത്മാവും പുഞ്ചിരിയുമെല്ലാം. നിങ്ങളില്ലാതെ ഈ വിശ്വമേള സാക്ഷാത്കരിക്കപ്പെടില്ല' -കഴിഞ്ഞ മാർച്ചിൽ ഫിഫ വളന്റിയർ പദ്ധതിക്ക് തുടക്കംകുറിച്ചുകൊണ്ട് ഫിഫ പ്രസിഡൻറ് ജിയാനി ഇഫൻറിനോ പറഞ്ഞ വാക്കുകൾ ലോകകപ്പ് വേദികളിലെത്തുന്ന ദശലക്ഷം കാണികളിൽ ഓരോരുത്തരും ഇതിനകം അനുഭവിച്ചറിഞ്ഞുകഴിഞ്ഞു.

29 ദിനങ്ങളിലായി, 32 രാജ്യങ്ങളും അവരുടെ 831 താരങ്ങളും മാറ്റുരക്കുന്ന, 120ഓളം ലോകരാജ്യങ്ങളിൽനിന്നായി 15 ലക്ഷം കാണികളെത്തുന്ന ലോകകപ്പിന്റെ നട്ടെല്ലാവുന്നത് 20,000 വളന്റിയർമാരാണ്. മലയാളികൾ ഉൾപ്പെടെ 80ഓളം രാജ്യങ്ങളിൽനിന്ന് പലവിധ ഭാഷകൾ സംസാരിക്കുന്ന ഈ വളന്റിയർ സംഘങ്ങളാണ് ലോകകപ്പ് വിജയത്തിന്റെ നട്ടെല്ലായി മാറുന്നത്.

വിമാനത്താവളത്തിൽനിന്നും ഹൃദ്യമായ പുഞ്ചിരിയോടെ വരവേൽക്കുന്ന വളന്റിയർമാർ, മെട്രോ സ്റ്റേഷൻ, ബസുകൾ, ആഘോഷവേദികൾ, സ്റ്റേഡിയം പരിസരം, ഗാലറി തുടങ്ങി ഖത്തറിൽ എവിടെയും സഹായത്തിനായി ഇരു കൈയും നീട്ടി കാത്തിരിപ്പുണ്ട്. ലോകകപ്പിന് പന്തുരുണ്ടത് നവംബർ 20നാണെങ്കിലും അക്രഡിറ്റേഷൻ സെൻറർ, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ ഒക്ടോബർ മുതൽ വളന്റിയർമാർ ജോലി തുടങ്ങിയിട്ടുണ്ട്.

മലയാളിക്കരുത്തായി മല്ലു വളന്റിയേഴ്സ്

ലോകകപ്പിലെ മലയാളി വളന്റിയർ സാന്നിധ്യത്തിൽ നട്ടെല്ലാണ് ഖത്തർ മല്ലു വളന്റിയേഴ്സ് (ക്യു.എം.വി). പത്തോ പതിനഞ്ചോ ആളുകളിൽനിന്ന് ആരംഭിച്ച് ഇന്ന് 1400 പേരുടെ സംഘമായി മാറിയ ഈ കൂട്ടായ്മയിൽനിന്നും വലിയൊരു സംഘമാണ് ലോകകപ്പ് സംഘാടനത്തിൽ ഭാഗമാവുന്നത്.

2019ൽ മിഡിലീസ്റ്റിൽ ആദ്യമായെത്തിയ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി വളന്റിയർ പരിശീലനത്തിനെത്തി പരിചയപ്പെട്ട സുഹൃത്തുക്കൾ ചാമ്പ്യൻഷിപ് വിവരങ്ങൾ കൈമാറുന്നതിനായി തുടങ്ങിയ ഒരു വാട്സ്ആപ് ഗ്രൂപ്പാണ് ക്യു.എം.വിയായി മാറിയതെന്ന് തുടക്കക്കാരിൽ ഒരാളായ മുഹമ്മദ് സുഹൈൽ അലി പറഞ്ഞു.

ഖത്തറിലെ കായിക ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ എല്ലാ ഇവൻറുകളുടെയും വളന്റിയർ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മലയാളികൾക്കിടയിൽ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോമായി ക്യു.എം.വി പിന്നീട് മാറി.

നാനാ മേഖലയിൽ തൊഴിലെടുക്കുന്നവർ ഗ്രൂപ്പിലുണ്ടെന്നതിനാൽ തൊഴിൽ സംബന്ധമായ വിവരങ്ങളും ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഇവിടെ ലഭിക്കും. 20 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള അംഗങ്ങളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള ജീവനക്കാരും പുറമേ, സ്വന്തമായി ബിസിനസ് ചെയ്യുന്നവരും ഉൾപ്പെടും.

ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിനു പുറമേ, അനോക്ക് ബീച്ച് ഗെയിംസ്, ഫിഫ ക്ലബ് ലോകകപ്പുകൾ, അമീർ കപ്പ് ഫൈനൽ, ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗ്, ആഫ്രിക്കൻ സൂപ്പർ കപ്പ് ഫൈനലുകൾ, ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്, ഖത്തർ ടോട്ടൽ ഓപൺ ടെന്നിസ്, ഖത്തർ ഓപൺ ടെന്നിസ്, മോട്ടോ ജി.പി, ഫോർമുല വൺ ചാമ്പ്യൻഷിപ്, വേൾഡ് പാഡൽ ചാമ്പ്യൻഷിപ് തുടങ്ങിയവയിലെല്ലാം ഗ്രൂപ് അംഗങ്ങൾ സജീവമായിരുന്നു.

വളന്റിയേഴ്സ്...ദിസ് വേ...

ഖത്തർ ലോകകപ്പ് വളന്റിയർമാരുടെ ബ്രാൻഡ് അംബാസഡറായി മാറിയിരിക്കുകയാണ് കെനിയക്കാരൻ അബൂബക്കർ അബ്ബാസ്. ലോകകപ്പിന്റെ പ്രധാന ആഘോഷ വേദിയായ സൂഖ് വാഖിഫിലെത്തുന്ന സഞ്ചാരികൾക്ക് ദോഹ മെട്രോ സ്റ്റേഷനിലേക്ക് വഴികാണിക്കുന്ന 23കാരൻ തന്റെ ജോലിയെ കാഴ്ചക്കാർക്കും ആസ്വാദ്യകരമാക്കി അവതരിപ്പിച്ചാണ് വിദേശ മാധ്യമങ്ങളിലും കാണികളുടെ ഹൃദയങ്ങളിലും ഇടം നേടിയത്.

ഖ​ത്ത​ർ മ​ല്ലു വ​ള​ന്റി​യ​ർ അം​ഗ​ങ്ങ​ൾ

ദിശാസൂചന നൽകുന്ന അടയാളം നീട്ടിപ്പിടിച്ച് അബൂബക്കർ അബ്ബാസ് 'മെത്രോാാാ... ദിസ് വേ...' എന്ന് നീട്ടിവിളിച്ചാണ് സഞ്ചാരികളെ ആകർഷിച്ചത്. പിന്നീട് ഈ കാഴ്ച സഞ്ചാരികളും അനുകരിച്ചുതുടങ്ങി. സമൂഹമാധ്യമങ്ങളിൽ കെനിയക്കാരൻ വൈറലായി മാറിയതോടെ മറ്റു വളന്റിയർമാരും അബൂബക്കർ അബ്ബാസിനെ അനുകരിച്ച്, വളന്റിയർ ജോലികൾക്ക് കൂടുതൽ സ്വീകാര്യത നൽകി.

ഇപ്പോൾ, ലോകകപ്പിന്റെ എട്ടു സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനും ഫാൻ സോണും മറ്റ് ആഘോ വേദികളിലുമെല്ലാം 'മെത്രോ...' എന്ന് നീട്ടിവിളിക്കുമ്പോൾ കാണികൾ 'ദിസ് വേ...' എന്ന് ഏറ്റുചൊല്ലും. വളന്റിയർ ദൗത്യത്തിന് കൂടുതൽ സ്വീകാര്യത നൽകിയ അബൂബക്കർ അബ്ബാസിനെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-അമേരിക്ക മത്സരത്തിന്റെ പ്രധാന അതിഥികളിൽ ഒരാളായി ക്ഷണിച്ചാണ് സംഘാടകർ ആദരിച്ചത്.

ആരവങ്ങളിൽനിന്ന് അകലെയെങ്കിലും ലാസ്റ്റ് മൈലിൽ ഹാപ്പിയാണ്

കളിയോടുള്ള ആവേശവുമായാണ് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ എ.ആർ. അബ്ദുൽ ഗഫൂർ ലോകകപ്പ് വളന്റിയറാവുന്നത്. ഖത്തർ വേദിയാവുന്ന ഒട്ടുമിക്ക അന്താരാഷ്ട്ര മേളകളിലും വളന്റിയർ സാന്നിധ്യമായി സജീവമാകുന്ന ഇദ്ദേഹം ഇത്തവണ ലോകകപ്പിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ലാസ്റ്റ് മൈൽ വളന്റിയർ കുപ്പായത്തിലാണുള്ളത്.

'ലാസ്റ്റ് മൈൽ' പേരുപോലെതന്നെ ഗാലറി ആരവങ്ങളിൽനിന്നെല്ലാം അകലെ കാണികൾക്ക് മത്സരവേദിയിലേക്കുള്ള യാത്ര സുഖകരമാക്കുന്ന ഡ്യൂട്ടി. ഓരോ മത്സരത്തിനും നാലു മണിക്കൂർ മുമ്പായി പണി തുടങ്ങണം. കാണികൾക്ക് വാഹന പാർക്കിങ്, സ്റ്റേഡിയത്തിലേക്കുള്ള വഴി, ടിക്കറ്റ്-ഹയ്യാ കാർഡുകളിലെ പ്രശ്നം പരിഹരിക്കൽ അങ്ങനെയാണ് ഇവരുടെ ജോലി.

അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സ് സൂ​ഖ് വാ​ഖി​ഫി​ലെ ജോ​ലി​ക്കി​ട​യി​ൽ

സ്റ്റേഡിയത്തിൽ കളി മുറുകുമ്പോൾ കാണികളെ സഹായിക്കലാണ് ഗഫൂറിനെപ്പോലെ ആയിരത്തോളം ലാസ്റ്റ് മൈൽ വളന്റിയർമാരുടെ ഡ്യൂട്ടി. കളി തുടങ്ങി, പുറത്തെ തിരക്കെല്ലാം ഒന്നടങ്ങിയാൽ സ്റ്റേഡിയത്തിലെത്തി കളി കാണാൻ അനുവാദമുണ്ട്. എന്നാൽ, രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുശേഷം തിരികെ ജോലിയിലെത്തണം.

കളിയാരവം നഷ്ടമാവുന്നെങ്കിലും വളന്റിയർ കുപ്പായത്തിലൂടെ ലോകകപ്പിന്റെ ചരിത്രനിമിഷത്തിൽ പങ്കാളികളാകുന്നതിന്റെ അഭിമാനത്തിലാണ് ഗഫൂറിനെപ്പോലെ ആയിരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volunteersqatar world cup 2022volunteers day
News Summary - International Volunteer Day
Next Story