പരാജയം യാഥാർഥ്യം; കനത്ത തോൽവിയിൽനിന്ന് കാത്ത സൗദി ഗോൾ കീപ്പറെ അഭിനന്ദിച്ച് പരിശീലകൻ
text_fieldsറിയാദ്: ബുധനാഴ്ച നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ മെക്‌സിക്കോയ്‌ക്കെതിരായ തോൽവി യാഥാർഥ്യമാണെന്ന് സൗദി അറേബ്യയുടെ കോച്ച് ഹെർവ് റെനാർഡ്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ച് നോക്കൗട്ട്
റൗണ്ടിൽ കടക്കുന്നതിൽ 'ഗ്രീൻ ഫാൽക്കൺസ്' പരാജയപ്പെട്ടു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൗദി ടീമിന്റെ മുഖ്യ പരിശീലകൻ. കനത്ത തോൽവിയിൽനിന്ന് ടീമിനെ രക്ഷിച്ചത് ഗോൾകീപ്പർ മുഹമ്മദ് അൽ-ഉവൈസാണെന്ന് പറഞ്ഞ റെനാർഡ് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
'കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എന്റെ ഭാഗത്തുനിന്ന് പരമാവധി ചെയ്യാൻ ശ്രമിച്ചു. എന്നാൽ മെക്സിക്കോ ടീമിന്റെ വേഗതയിലും കാഠിന്യ സ്വഭാവത്തിലും പൊരുതാൻ എന്റെ കളിക്കാർക്ക് സാധിച്ചില്ല. മുഹമ്മദ് അൽ-ഉവൈസ് ഞങ്ങളെ ദയനീയ പരാജയത്തിൽനിന്നാണ് രക്ഷിച്ചത്' -അദ്ദേഹം പറഞ്ഞു.
പരിക്കുകളും മറ്റും മൂലമുള്ള മികച്ച കളിക്കാരുടെ അഭാവം അർജന്റീനയും പോളണ്ടുമായുള്ള മത്സരങ്ങളിൽ കാഴ്ചവെച്ചതിനെക്കാൾ താഴ്ന്ന പ്രകടനത്തിലേക്ക് ഞങ്ങൾ പോകുന്നതിന് കാരണമായി. അവരുടെ പരിക്കുകൾക്ക് ശേഷം, ഞങ്ങൾക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവന്നു. അതുകൊണ്ട് തന്നെ മെക്സിക്കോയ്ക്ക് മുന്നിൽ, അവസാന മിനിറ്റുകളിലല്ലാതെ നന്നായി പൊരുതാൻ ഞങ്ങൾക്ക് സാധിച്ചില്ല -അദ്ദേഹം വിശദീകരിച്ചു.
'ഒരു വർഷത്തിന് ശേഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫൈനലുകൾക്കും തുടർന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുമായി ടീമിനെ സജ്ജമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' -റെനാർഡ് കൂട്ടിച്ചേർത്തു. കഠിന പരിശ്രമങ്ങൾക്കും ആത്മാർപ്പണത്തിനും തന്റെ കളിക്കാരെ അഭിനന്ദിച്ച റെനാർഡ്, 1994 ലോകകപ്പിലെ നേട്ടം സൗദി ദേശീയ ടീം ആവർത്തിച്ചുവെന്ന് വിലയിരുത്തി. 1994-ൽ യു.എസിൽ നടന്ന ഫിഫ ലോകകപ്പിലെ സൗദി അറേബ്യയുടെ ആദ്യ മത്സരം 'ഗ്രീൻ ഫാൽക്കൺസ്' എന്ന് വിളിപ്പേരുള്ള ടീമിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു.
ആദ്യ പങ്കാളിത്തത്തിൽ തന്നെ സൗദി ടീം നോക്കൗട്ട് റൗണ്ടിലെത്തിയ ലോക കപ്പായിരുന്നു അത്. മൊറോക്കോയ്ക്കും ബെൽജിയത്തിനും എതിരായ രണ്ട് വിജയങ്ങളും നെതർലൻഡ്‌സിന്റെ തോൽവിയും വഴി 1994-ൽ ആറ് പോയിന്റ് നേടിയാണ് ഗ്രീൻ ഫാൽക്കൺസ് രണ്ടാം റൗണ്ടിലെത്തിയത്. നോക്കൗട്ട് റൗണ്ടിൽ സ്വീഡനോട് 3-1ന് സൗദി പരാജയപ്പെട്ടു. അതിനുശേഷം ടീം മൊത്തം ആറ് ലോകകപ്പുകളിൽ കളിച്ചു. 1998-ലും 2006-ലും സിംഗിൾ പോയിന്റ് മാത്രമാണ് സൗദി നേടിയത്.
2018-ലെ റഷ്യൻ ലോകകപ്പിൽ, ഗ്രീൻ ഫാൽക്കൺസ് ഈജിപ്തിനെതിരെ വിജയം നേടുകയും റഷ്യയോടും ഉറുഗ്വേയോടും രണ്ട് തോൽവികൾ ഏറ്റുവാങ്ങുകയും ചെയ്ത ശേഷം ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി. ഈ ലോകകപ്പിൽ പോളണ്ടിനെതിരെയും മെക്‌സിക്കോയ്‌ക്കെതിരെയും തോറ്റ ശേഷം, മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് സൗദി ദേശീയ ടീം പുറത്തായി. അർജന്റീനയ്‌ക്കെതിരായ അട്ടിമറി വിജയത്തിൽ ലഭിച്ച മൂന്ന് പോയന്റുമായി സൗദി ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ്.