റെക്കോഡ് ജിറൂഡ്; ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം
text_fieldsദോഹ: ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഒളിവിയർ ജിറൂഡ്. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരെ വല കുലുക്കിയാണ് താരം സുവർണ നേട്ടത്തിലെത്തിയത്.
മത്സരത്തിന്‍റെ 44ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. എംബാപ്പെയാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്സിനു വെളിയിൽനിന്ന് എംബാപ്പെ നൽകിയ പാസ് സ്വീകരിച്ച് ജിറൂഡ് വലയുടെ വലതു മൂലയിലേക്ക് പന്ത് പായിച്ചു. പോളണ്ട് ഗോളി വോയ്സിച്ച് ഷെസ്നി ഈസമയം കാഴ്ചക്കാരനായിരുന്നു.
ഇതോടെ 52 രാജ്യാന്തര ഗോളുകൾ നേടിയ ജിറൂഡ് ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. 116 മത്സരങ്ങളിൽനിന്നാണ് താരത്തിന്‍റെ നേട്ടം. 123 മത്സരങ്ങളിൽനിന്ന് 51 ഗോളുകൾ നേടിയ തിയറി ഒന്റിയെയാണ് മറികടന്നത്.
പട്ടികയില്‍ മൂന്നാമത് 42 ഗോളുകള്‍ നേടിയ ഗ്രീസ്മാനാണ്. മിഷേല്‍ പ്ലാറ്റിനി (41 ഗോള്‍), കരീം ബെന്‍സേമ (37 ഗോള്‍) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

