ജർമൻ ടീം ഒമാനിൽ; സന്നാഹ മത്സരം ഇന്ന്
text_fieldsജർമൻ ടീം അംഗങ്ങൾ സുൽത്താൻ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലനത്തിൽ -വി.കെ. ഷെഫീർ
മസ്കത്ത്: ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജർമൻ ടീം ഒമാനിലെത്തി. തിങ്കളാഴ്ച അർധരാത്രിയോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീമിന് ഊഷ്മള വരവേൽപ് നൽകി. താരങ്ങളെ ഒരുനോക്കു കാണാനായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ തടിച്ചുകൂടി. ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലീം ബിൻ സഈദ് അൽ വഹൈബി ജർമൻ ഫുട്ബാൾ അധികൃതരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ടീം ഒമാനിലെത്തിയത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ധാരണയിലെത്തിയത്.
കോച്ച് ഹൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ ജർമൻ ടീം സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ ചൊവ്വാഴ്ച വൈകീട്ട് പരിശീലനം നടത്തി. മേഖലയിൽ തന്നെ മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. ഖത്തറിന് സമാനമായ കാലാവസ്ഥയാണ് ഒമാനിലേത്. അതുകൊണ്ട് ഇവിടത്തെ പരിശീലനവും സന്നാഹ മത്സരവും ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ജർമൻ പടയുടെ കണക്ക് കൂട്ടൽ. ബാഴ്സലോണ താരവും ഗോൾകീപ്പറുമായ ആന്ദ്രെ ടെർസ്റ്റീഗൻ അസുഖം കാരണം ഒമാനിലെത്തിയിട്ടില്ല. ബാക്കിയുള്ള താരങ്ങളെല്ലാം ടീമിനൊപ്പം ചേർന്നു. ഒമാൻ ദേശീയ ടീമുമായി ബുധനാഴ്ച സന്നാഹ മത്സരവും കളിക്കും. രാത്രി ഒമ്പതിനാണ് മത്സരം. ഇതിനുശേഷം വ്യാഴാഴ്ച ടീം ഖത്തറിലേക്ക് തിരിക്കും. കോച്ച് ഹൻസി ഫ്ലിക്ക് ഫസ്റ്റ് ചോയ്സ് ടീമിനെ മത്സരത്തിനിറക്കുമെന്നാണ് കരുതുന്നത്. കൂടുതൽ താരങ്ങൾക്ക് അവസരം കൊടുക്കാനായി രണ്ടാം പകുതിയിൽ പല മാറ്റങ്ങൾക്കും മുതിർന്നേക്കും. മലയാളികളടക്കമുള്ള നിരവധി ജർമൻ ആരാധകർ ഇതിനകം ടിക്കറ്റ് സ്വന്തമാക്കി.
ജർമൻ ടീം ഒരു തവണ മാത്രമാണ് മസ്കത്തിൽ ഒമാനുമായി ഏറ്റുമുട്ടിയത്. 1998 ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജർമനി വിജയിച്ചു. ജർഗൻ കോഹ്ലർ, ജോർഗ് ഹെൻറിച്ച് എന്നിവരായിരുന്നു ജർമനിക്കുവേണ്ടി ഗോളടിച്ചത്. ഖത്തർ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമെന്ന പകിട്ടുമായാണ് ജർമൻ പട ഇത്തവണ ലോകമാമാങ്കത്തിനെത്തുന്നത്. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് 'ജെ'യിൽ പത്തിൽ ഒമ്പതും ജയിച്ചിട്ടുണ്ട്. 36 ഗോളാണ് അടിച്ചുകൂട്ടിയതെങ്കിൽ തിരിച്ച് വാങ്ങിയത് വെറും നാലെണ്ണം മാത്രം. ഗ്രൂപ് 'ഇ'യിൽ നവംബർ 23ന് ജപ്പാൻ, 27ന് സ്പെയിൻ, ഡിസംബർ ഒന്നിന് കോസ്റ്ററീക എന്നിവർക്കെതിരെയാണ് ആദ്യ റൗണ്ടിലെ മത്സരങ്ങൾ.
അതേസമയം, കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ ഒമാനെ സംബന്ധിച്ചിടത്തോളം ലോകോത്തര നിലവാരമുള്ള ടീമിനെ നേരിടാനുള്ള മികച്ച അവസരമാണ് സന്നാഹത്തിലൂടെ കൈവന്നത്. ദേശീയ ടീമിൽ ഭൂരിഭാഗം പേരും സീബ് ക്ലബിന്റെ താരങ്ങളാണ്. അടുത്തിടെ എ.എഫ്.സി കപ്പിൽ കിരീടം നേടിയ ക്ലബ്, ഒമാന്‍ ഫുട്ബാൾ മൈതാനത്ത് പുതിയ മേൽവിലാസം നേടിക്കൊടുത്തു.
ദേശീയ ഫുട്ബാള്‍ ടീം മസ്കത്തിലെ പൊലീസ് സ്റ്റേഡിയത്തിലാണ് പരിശീലനം. വിവിധ ക്ലബുകളില്‍ കളിക്കുന്ന മുഴുവന്‍ താരങ്ങളും ഇതിനകം ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. ഞായറാഴ്ച നടന്ന പരിശീലന സെഷന് വീക്ഷിക്കുന്നതിന് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് മുഹ്സിന് ബിന്‍ ഹമദ് അല്‍ മസ്റൂറി, ബോര്‍ഡ് അംഗം ഖുതൈബ ബിന്‍ സഈദ് അല്‍ ജീലാനി എന്നിവരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

