'ലോകകപ്പിന്റെ ആവേശത്തിൽ മറക്കരുത് ഈ മനുഷ്യനെ...'; അന്തരിച്ച ഇന്ത്യൻ ഫുട്ബാൾ താരം ബാബു മണിയുടെ ഓർമകളുമായി ഫേസ്ബുക്ക് പോസ്റ്റ്
text_fieldsബാബു മണി
ഖത്തറിൽ ലോക ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാനിരിക്കെ 1984ൽ കൊൽക്കത്ത നെഹ്രുകപ്പിൽ അർജന്‍റീനയെ നേരിട്ട ഇന്ത്യൻ ടീമംഗം ബാബു മണിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. തൃശൂർ രാമവർമപുരം സിവിൽ ഡിഫൻസ് അക്കാദമി സ്റ്റേഷൻ ഓഫിസർ സലിം ഇ.കെയാണ് ശനിയാഴ്ച അന്തരിച്ച ബാബു മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ജോർജ് ബുറുച്ചാഗ ഉൾപ്പെടുന്ന അർജന്‍റീന ടീമിനോട് ഒറ്റ ഗോളിന് തോറ്റ സിറിച്ച് മി ലോവന്റെ ഇന്ത്യൻ സ്കോഡിൽ അംഗമായിരുന്നു ബാബു മണി. ഫുട്ബാൾ കരിയറിൽ കേരളവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന കർണാടക സ്വദേശിയാണ് ബാബു മണി. കൊൽക്കത്തയിലെ മൈതാനങ്ങളിൽ അരങ്ങുവാണ താരം 55 തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
സലിം ഇ.കെയുടെ ഫേസ് ബുക്ക് പോസ്റ്റ്
1986 ലോകകപ്പിൽ സാക്ഷാൽ മറഡോണ നയിച്ച അർജന്റീന ടീം ഫൈനൽ മൽസരത്തിൽ രണ്ട് ഗോളിന് മുന്നിൽ നിൽക്കുമ്പോൾ എട്ടു മിനുട്ടിനിടെ രണ്ട് ഗോളടിച്ച് ജർമ്മനി എൺപത്തിരണ്ടാം മിനുട്ടിൽ സമനില പിടിച്ചത് ഓർമ്മയുണ്ടോ ? ആ സമനിലപ്പൂട്ടു ഭേദിച്ച, ജർമനിയുടെ വിഖ്യാത ഗോൾ കീപ്പർ ഹറാൾഡ് ഷൂമാക്കറുടെ 'നടകടത്തി'യ ആ ഗോളടിച്ച ഒരു ഏഴാം നമ്പറുകാരനെ ഓർമ്മയുണ്ടോ ? ജോർജ് ബുറുച്ചാഗ...
അദ്ദേഹമുൾപ്പെട്ട അർജന്റീനയുടെ ടീമിനെയിരുന്നു 1984 ൽ കൽക്കത്ത നെഹ്രുകപ്പിൽ ഇന്ത്യനേരിട്ടത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായം. അർജന്റീനയോട് ഒറ്റ ഗോളിന് തോറ്റ സിറിച്ച് മി ലോവന്റെ ഇന്ത്യൻ സ്കോഡിൽ അംഗമായിരുന്നു ബാബു മണി. എൺപതുകളിൽ ഇന്ത്യൻ ഫുട്ബോളിന്റെ തലസ്ഥാനമായിരുന്ന കൽക്കത്തയിലെ മൈതാനങ്ങളിൽ ശിശിർ ഘോഷും ബാബു മണിയും അരങ്ങുവാഴുന്നത് കണ്ട് എത്രയോ ഫുട്ബോൾ പ്രേമികൾ സ്വകാര്യമായി ചോദിക്കുമായിരുന്നു " ഈ ബാബുമണി മലയാളിയല്ലേ ?"
ബാബു മണിയുടെ ഫുട്ബോൾ കരിയറിന് കേരളവുമായി ബാബു മണി തന്നെ പലപ്പോഴും ഓർത്തു പറയുന്ന അഭേദ്യമായ ചില ബന്ധങ്ങളുണ്ടായിരുന്നു എന്നത് സത്യം. 1981 ൽ എറണാകുളത്തു നടന്ന ബി.സി.റോയ് ട്രോഫിക്കായുള്ള ജൂനിയർ നാഷനലിലാണ് ബാബുമണി എന്ന ഫുട്ബോളർ ആദ്യമായികാണികളുടെ ശ്രദ്ധ നേടുന്നത്. പിന്നീട് സീനിയർ തലത്തിൽ കർണാടകക്കായി ബാബു മണി അരങ്ങേറ്റം കുറിക്കുന്നതും മലയാളികൾക്ക് മുന്നിൽ തന്നെ 1981 -82 സീസണിലെ ത്യശൂർ സന്തോഷ് ട്രോഫിയിൽ.
തൃശൂരിലെ പ്രകടനം ബാംഗ്ലൂർ ഐ.ടി. ഐ.ടീമിൽ നിന്നും ഈ ബാംഗ്ലൂർ അശോക് നഗർ സ്വദേശിയെ എത്തിച്ചത് കൽക്കത്തൻ ത്രിമൂർത്തികളിൽ ഒന്നായ മുഹമ്മദൻ സ്പോർട്ടിംഗിലേക്ക്. അത് ഒരു തുടക്കം മാത്രം. അസാധ്യമായ സ്പീഡും പന്തടക്കവും വേഗതയും പ്രകടിപ്പിച്ച ബാബു മണി ഇറാൻ കാരായ ജാംഷഡ് നസീരിയും മജീദ് ബഷ്കറുമൊക്കെ ചേർന്ന് ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളിലെല്ലാം മുഹമ്മദൻസിന്റെ വെന്നിക്കൊടി പാറിച്ചു. 1983 ലെ ഫെഡറേഷൻ കപ്പ് മുഹമ്മദൻസിന്റെ ഷെൽഫിലെത്തി.
പതുക്കെ ഇന്ത്യൻ ടീമിന്റെ റൈറ്റ് ഔട്ട് പോസിഷനിൽ സിറിച്ച് മിലോവന് പോലും മറ്റൊരു ഓപ്ഷനില്ലാതെയായി. 1984 ലും എ.എഫ് സി. കപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ബാബു മണി 1985 ലും 1987 ൽ ബാബു മണിയുടെ ക്യാപ്റ്റൻസിയിലും ഇന്ത്യ സാഫ് കപ്പ് ചാമ്പ്യൻമാരായി. 1987 ൽ കോഴിക്കോട് നടന്ന നെഹ്രു കപ്പിലും ബാബു മണി ഇന്ത്യൻ ടീം അംഗമായിരുന്നു.
എന്നും യുവതാരങ്ങൾക്ക് അവസരം നൽകിയിരുന്ന കോച്ച് അമൽദത്തമായിരുന്നു കൽക്കത്തയിലെ ബാബു മണിയുടെ ഗോഡ്ഫാദർ. മൂന്ന് വർഷത്തോളം നീണ്ടു നിന്ന മുഹമ്മദൻസിനൊപ്പമുള്ള കരിയർ അവസാനിപ്പിച്ച് 1984ലാണ് ബാബു മണി മോഹൻബഗാനിൽ ചേരുന്നത്.പ്രസിദ്ധമായ ശിശിർ ഘോഷ് ബാബു മണികൂട്ടുകെട്ടു പിറക്കുന്നത് ഈ സമയത്താണ് . എട്ടു വർഷത്തോളം ബഗാന്റെ ജഴ്സിയിൽ മണി കളത്തിലിറങ്ങി.

മോഹൻ ബഗാന്റെ 84,86, 92 സീസണിലെ കൽക്കത്ത ലീഗ് വിജയത്തിലും 87 ലെ ഐ.എഫ്.എ ഷീൽഡ് നേട്ടത്തിലും 84,85,86 വർഷങ്ങളിൽ ഡ്യൂറാണ്ട് കപ്പ് ചാമ്പ്യൻസ് ആകുന്നതിലും 85 ലും 92 ലും റോവേർസ് കപ്പ് വിജയത്തിലും 86,87,92,93 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ് നേട്ടങ്ങളിലും ബാബു മണി പങ്കാളിയായി.ഈസ്റ്റ് ബംഗാൾ ടീമിന് വേണ്ടി ജഴ്സിയണിഞ്ഞ മൂന്ന് സീസണുകളിൽ 90,91 വർഷങ്ങളിൽ ഡ്യൂറാണ്ട് കപ്പും 90 ൽ റോവേർസ് കപ്പും 91 ൽ കൽക്കത്ത ലീഗും 90 ലും 91 ലും ഐ.എഫ്.എ. ഷീൽഡും കൽക്കത്തയിൽ സ്ഥിര താമസമാക്കിയ ഈ കർണാടകക്കാരന്റെ മികവു കൊണ്ടു കൂടി ഈ സ്റ്റ് ബംഗാളിന്റെ കൈകളിലെത്തി.
കൃഷ്ണേന്തു റോയ്, അലോക് മുഖർജി, സുദിപ് ചാറ്റർജി, പ്രശാന്ത ബാനർജി, ദേബാശിഷ് മിശ്ര, ശശിർ ഘോഷ്, ബികാസ് പാഞ്ചി , മനോരഞ്ജൻ ഭട്ടാചാർജി,കിഷാനുഡേ, തരുൺ ഡേ കൃഷ്ണേന്ദുറോയ്, സുബിർ സർക്കാർ ക്രിഷ്ണ ഗോപാൽ ചൗധരി ഇവർക്കൊക്കെ ഇടയിൽ നിന്ന് ഒരു വ്യാഴവട്ടക്കാലം കൽക്കത്തൻ ടീമുകളുടെയും ഇന്ത്യൻ ടീമിന്റേയും പ്ലേയിംഗ് ഇലവനിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരാളുടെ പ്രതിഭ എന്തായിരിക്കും.....
ആ ബാബു മണി ഇന്നലെ രാത്രി അന്തരിച്ചു. എല്ലാവരും ലോകകപ്പിന്റെ തിരക്കിലാവും എങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളുടെ ഗണത്തിൽ പെടുന്ന 55 തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞ ഈ മനുഷ്യനെ ഒരു നിമിഷം ഒന്ന് ഓർത്തിട്ടു പോകുക.
പ്രണാമം
ലജന്‍റ് ബാബു മണി....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

