ഖത്തറിൽ ഉദ്ഘാടന മത്സരം നിയന്ത്രിക്കാൻ ഇറ്റലിക്കാരൻ ഡാനിയൽ ഒർസാറ്റോ
text_fieldsദോഹ: മേളപ്പെരുക്കം തീർത്ത് ഞായറാഴ്ച തുടക്കമാകുന്ന ഫിഫ ലോകകപ്പിലെ കന്നി മത്സരത്തിൽ വിസിലൂതാൻ ഇറ്റലിക്കാരൻ റഫറി ഡാനിയൽ ഒർസാറ്റോയെത്തും. ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലാണ് മത്സരം. ആതിഥേയർക്ക് ലോകകപ്പിൽ അരങ്ങേറ്റമാണെന്ന പോലെ ഒർസാറ്റോക്കും ഇത് ആദ്യ മത്സരമാകും. നാട്ടുകാരായ സിറോ കാർബോൺ, അലിസാൺട്രോ ഗിയലറ്റ്നി എന്നിവർ സഹായികളായും മസിമിലാനോ ഇറാറ്റി 'വാറി'ലുമുണ്ടാകും. റൊമാനിയക്കാരൻ ഇറ്റ്സ്വാൻ കൊവാക്സ് ആണ് ഫോർത്ത് റഫറി.
പ്രധാന റഫറിമാരായി മൊത്തം 36 പേരാണുള്ളത്. സഹായികളായി 69 പേരും. വിഡിയോ മാച്ച് ഒഫീഷ്യലുകൾ 24. പ്രാഥമിക റൗണ്ടിലെ പ്രകടന മികവ് പരിഗണിച്ചാകും നോക്കൗട്ടിൽ റഫറിമാരുടെ വിന്യാസം. ഏറ്റവും മികച്ചവർക്ക് നിർണായക മത്സരങ്ങളുടെ ചുമതല നൽകും.
50ഓളം റഫറിമാരെ ഷോർട് ലിസ്റ്റ് ചെയ്തതിൽനിന്നാണ് അവസാന 36 പേരിലേക്ക് ഇത്തവണ ഫിഫ എത്തിയത്. 25നും 45നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് ഏറ്റവും മികച്ചവരെ 16 അംഗ വിദഗ്ധരാണ് തെരഞ്ഞെടുത്തത്. ഇവർക്ക് മേൽനോട്ടം നൽകി ഫിഫ ചീഫ് റഫറിയും മെഡിക്കൽ പ്രതിനിധിയുമുണ്ടായിരുന്നു.
മൂന്നു വനിതകളും ഇത്തവണ ഉണ്ടെന്നതാണ് സവിശേഷത. ഇതിൽ യൂറോപ്യൻ, ഏഷ്യൻ പ്രതിനിധികൾക്ക് പുറമെ ചരിത്രത്തിലാദ്യമായി ആഫ്രിക്കയിൽനിന്നും വനിത റഫറിയുണ്ട്.