ചിരകാല സ്വപ്നം പൂവണിയുന്നു.. ഖത്തറിന് നന്ദി
text_fieldsഖത്തറിന് ലോകകപ്പ് നടത്താൻ നറുക്ക് വീണ അന്ന് മനസ്സിൽ മൊട്ടിട്ട മോഹമാണ് ലോകകപ്പ് ഫുട്ബാൾ നേരിൽ കാണുകയെന്നത്. അതിതാ കൺമുന്നിൽ എത്തിയിരിക്കുന്നു. നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുന്നു.
25 വർഷത്തെ ജോലിക്കുശേഷം റിട്ടയർ ചെയ്ത് അന്ന് മുതൽ പിന്നെ ടിക്കറ്റിനുള്ള കാത്തിരിപ്പായി. ആദ്യഘട്ട നറുക്കെടുപ്പിൽ മൂന്നുകോടി ഫുട്ബാൾ പ്രേമികളിൽനിന്ന് ഭാഗ്യംകൊണ്ട് നാലു ടിക്കറ്റുകൾ കിട്ടി. പക്ഷെ, പിതാവ് അബൂബക്കർ ഹാജി വാർധക്യ സഹചമായ രോഗങ്ങളാൽ ആശുപത്രിയിലായതോടെ ലോകകപ്പ് യാത്ര ഉറപ്പിലാതെയായി. മെസ്സിയുടെയും ആസിഫ് സഹിറിൻെറയും ഷറഫലിയുടെയും ആരാധകനായ പിതാവ് ഒടുവിൽ ലോക കപ്പിന് കാത്തുനിൽക്കാതെ ഈ ലോകത്തോട് വിടപറഞ്ഞു പോയി. ഖത്തറിലേക്കുള്ള മോഹം വീണ്ടും മുളപൊട്ടി. പക്ഷെ, അപ്പോഴേക്കും ബ്രസീൽ, അർജൻറീന ടീമുകളുടെ ടിക്കറ്റുകൾ തീർന്നിരുന്നു.
മെസ്സിയെ കാണാനുള്ള മോഹത്തിനു മേൽ കരിനിഴൽ വീണു. പക്ഷെ, മോഹം ഉപേക്ഷിക്കാതെ മറ്റുവഴികൾ തേടി. ഒടുവിൽ തോമസ് കുക്കിലൂടെ ഫിഫയുടെ ഹോസ്പിറ്റാലിറ്റി ടിക്കറ്റിനുള്ള ശ്രമമായി. വൻ തുക മുടക്കി കാത്തിരുന്നു. അർജൻറീന-പോളണ്ട് മൽസരത്തിൻെറ ടിക്കറ്റ് കൊറിയർ വഴി ഒരാഴ്ചമുമ്പ് കൈയിലെത്തി. വിശ്വം ജയിച്ച ആവേശത്തോടെ ഞാൻ ഖത്തറിലേക്ക് പറക്കാനൊരുങ്ങി.
18-ാം തീയതി കരിപ്പൂരിൽനിന്നും വെള്ളിമേഘങ്ങളെ കീറിമുറിച്ച് വിമാനം ഖത്തറിനെ ലക്ഷ്യമാക്കി പറന്നുയർന്നപ്പോൾ ഒരു സ്വപ്നം പൂവണിയുകയായിരുന്നു. വിമാനത്തിൽ കൂടെ ഒരു അതിഥി ഉണ്ടായിരുന്നു. ഫിഫയുടെ പ്രത്യേക ക്ഷണം ലഭിച്ച ഫുട്ബാൾ അഭ്യാസി എടപ്പാൾകാരൻ റാസി. റാസിയെ പരിശീലിപ്പിച്ചത് എൻെറ ശിഷ്യൻ കൂടിയായ കോച്ച് സുബ്രഹ്മണ്യനാണ് എന്നത് സന്തോഷം ഇരട്ടിയാക്കി. കൂടെ റാസിയുടെ പിതാവ് നാസറും.
ഖത്തറിൽ വിമാനം നിലംതൊട്ടപ്പോൾ മരുമകൻ നജിബും ഭാര്യ റഷയും പുറത്തു കാത്തുനിന്നിരുന്നു. നജീബ് ലോകകപ്പ് വളൻറീയർ കൂടിയാണ്. അന്നുതന്നെ ലുസൈൻ സ്റ്റേഡിയം കാണാൻ ഓടി. കൂടെ ചെമ്മാടുകാരൻ ഷംസുതുജയും കൂട്ടുകാരൻ ഷാജിദും. കൺമുന്നിൽ ഏഷ്യയുടെ മറക്കാന സ്റ്റേഡിയം ലുസൈൽ സ്വർണ വർണത്തിൽ വെട്ടിത്തിളങ്ങുന്നത് നോക്കിനിന്നു. ഖത്തറിൻെറ തീരുമാനംപോലെ ഉറപ്പുള്ള ലുസൈൽ ഒരു വിസ്മയം തന്നെ. നിർമാണ വിസ്മയം.
ഇനി കിക്കോഫിനുള്ള കാത്തിരിപ്പാണ്. അർജൻറീന പോളണ്ട് അടക്കം ഒമ്പത് കളികൾ നേരിൽ കാണാം. പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈസൽ മത്സരങ്ങൾ ടിക്കറ്റ് കിട്ടിയിട്ടില്ല. എനിക്ക് പക്ഷെ, 30-ാം തീയതി മെസ്സിയുടെ മാന്ത്രികക്കാലുകൾ കണ്ടാൽ മതി. ബാക്കി ഖത്തർ ഒരുക്കിയ വലിയ സ്ക്രീനുകളിൽ കാണാം. ഏതൊരു മലയാളിയുംപോലെ ഞാനും ഖത്തറിനോട് നന്ദി പറയുന്നു. കൈയകലകത്ത് ലോകകപ്പ് കൊണ്ടു വന്ന് ഇതാ കണ്ടോളൂ എന്ന് പറഞ്ഞ ഖത്തറിനോട് നാം കടപ്പെട്ടിരിക്കുന്നു. അവരുടെ പാറപോലെ ഉറച്ച മനസ്സിനോട്.
ലുസൈലിൽ ഡിസംബർ 18ൻെറ കുളിരുള്ള രാത്രിയിൽ പുതിയ ലോകകപ്പ് ചാമ്പ്യൻ പിറവി എടുക്കുംവരെ നമുക്ക് കാത്തിരിക്കാം. ലോകത്തിൻെർ ഹൃദയസ്പന്ദനം പന്തിനൊപ്പം ഉയർന്നു നൽകുന്ന ഒരു മാസക്കാലം -ഒടുവിൽ മെസ്സിയും നെയ്മറും ഫൈനലിൽ നേർക്കുവരുമെന്ന് ഞാനും തീവ്രമായി ആഗ്രഹിക്കുന്നു. ഏതൊരു ശരാശരി ഫുട്ബാൾ പ്രേമിയെപ്പോലതന്നെ
(ഫുട്ബാൾ പരിശീലകനും അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് കായിക വിഭാഗം മുൻ മേധാവിയുമാണ് ലേഖകൻ. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ അസോസിയേറ്റ് പ്രഫസർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

