Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഇംഗ്ലണ്ട് കമിങ് ഹോം

ഇംഗ്ലണ്ട് കമിങ് ഹോം

text_fields
bookmark_border
ഇംഗ്ലണ്ട് കമിങ് ഹോം
cancel

ദോഹ: 'ഇറ്റ്സ് കമിങ് ഹോം.. ഇറ്റ്സ് കമിങ് ഹോം ... ഇറ്റ്സ് കമിങ്, ഫുട്ബാൾ കമിങ് ഹോം...' പാടിപ്പാടി തളർന്ന വരികൾ വീണ്ടും പാടാനായി ഇംഗ്ലീഷ് ആരാധകർ അടുത്ത നാലു വർഷത്തേക്കുകൂടി നീട്ടിവെച്ചു. ഓരോ ലോകകപ്പ് ഫുട്ബാൾ മേളകൾക്ക് എവിടെ പന്തുരുളുേമ്പാഴും ആഴ്ചകൾക്കു മുേമ്പ ആതിഥേയ നഗരങ്ങളിലും ഇംഗ്ലീഷ് തെരുവുകളിലും ഉയർന്നുകേട്ട വരികൾ നവംബർ ആദ്യവാരം മുതൽ ഖത്തറിലെ തെരുവുകളിലും സജീവമായിരുന്നു.

ദോഹ കോർണിഷിലും ലുസൈലിലുമായി നേരത്തേയെത്തി തമ്പടിച്ച ഇംഗ്ലീഷ് ആരാധകർ 1996ൽ പുറത്തിറങ്ങിയ 'ത്രീ ലയൺസ്' വരികൾ പാടിത്തിമിർത്തപ്പോൾ ഇത്തവണ ഗാരെത് സൗത്ത്ഗേറ്റിന്റെ സംഘം കൂടുതൽ പ്രതീക്ഷകൾ നൽകി. 1966ൽ ബോബി മൂറും കൂട്ടുകാരും സമ്മാനിച്ച ലോകകപ്പ് ട്രോഫിയുടെ ഓർമകളിലാണ് ഇന്നും ഇംഗ്ലീഷുകാർ. വീണ്ടും ഒരു കപ്പ് എന്നസ്വപ്നം അര നൂറ്റാണ്ടു കടന്നിട്ടും സാക്ഷാത്കരിക്കാനാകാതെ ഹാരി കെയ്നും കീഴടങ്ങി.

ശനിയാഴ്ച രാത്രിയിൽ അൽബെയ്ത് സ്റ്റേഡിയത്തിലൂടെ ലോകം സാക്ഷിയായ ഉഗ്രപോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിനോട് 2-1ന് അടിയറവുപറഞ്ഞാണ് കിരീടസാധ്യത ഏറെ കൽപിക്കപ്പെട്ട ഇംഗ്ലീഷുകാരുടെ നാട്ടിലേക്കുള്ള മടക്കം. ഗരി ലിനേകർ, പീറ്റർ ഷിൽട്ടൻ, ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ, സ്റ്റീവൻ ജെറാഡ് തുടങ്ങിയ ലോകകപ്പിനു മുന്നിൽ വീണുപോയ ഇംഗ്ലീഷ് ഇതിഹാസങ്ങളുടെ പട്ടികയിൽ മറ്റൊരാളായി ഹാരി കെയ്നും മടങ്ങുകയാണ്. ഞായറാഴ്ച അൽ വക്റയിലെ ടീം ഹോട്ടലിൽനിന്ന് നാട്ടിലേക്ക് പറന്ന ഇംഗ്ലീഷ് പട ലണ്ടനിൽ വെറുംകൈയോടെ തിരിച്ചെത്തുേമ്പാൾ തെരുവിൽ സ്വീകരിക്കാൻ 'ഇറ്റ്സ് കമിങ് ഹോം..' മുഴങ്ങിയില്ല.

അതേസമയം, തോൽവിയും അപ്രതീക്ഷിതമായ പുറത്താകലും നിരാശപ്പെടുത്തിയെന്നായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ പ്രതികരണം. എന്നാൽ, ടീമിനെയും കളിക്കാരെയും മാനസികമായും ശാരീരികമായും അടുത്ത വെല്ലുവിളികൾ ഏറ്റെടുക്കാൻ ബിഗ് മാച്ച് പരിചയം സഹായകമാകുമെന്ന് അദ്ദേഹം പറയുന്നു. 'മത്സരത്തിനായി മുഴുവൻ സമർപ്പിച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒളിച്ചോടുന്നില്ല.

ഈ തിരിച്ചടി മറികടക്കാൻ സമയമെടുക്കും. ഇതെല്ലാം സ്പോർട്സിന്റെ ഭാഗം തന്നെയാണ്' -ക്വാർട്ടർ ഫൈനലിലെ മടക്കത്തെ കുറിച്ച് ഹാരി കെയ്ൻ പറയുന്നു. സമനില പിടിക്കാനുള്ള അവസരം ഹാരി കെയ്ൻ പാഴാക്കിയതിനെതിരെ കടുത്ത വിമർശനമാണ് ഇംഗ്ലീഷ് ആരാധകരിൽ നിന്നും ഉയരുന്നത്. കളിയിൽ 2-1ന് ഇംഗ്ലണ്ട് പിന്നിൽനിൽക്കെ 83ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ പുറത്തേക്ക് പറത്തിയതോടെ മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരം ഇംഗ്ലണ്ട് പാഴാക്കി. ഹാരി കെയ്ൻ എന്ന ഫുട്ബാളറെ ജീവിതത്തിലുടനീളം വേട്ടയാടുന്നതാണ് ആ പെനാൽറ്റി നഷ്ടമെന്നായിരുന്നു മുൻതാരം അൽഷിയറുടെ വാക്കുകൾ.

ഭാവി ഇംഗ്ലണ്ടിന്റേതാണ്

ക്വാർട്ടറിൽ മടങ്ങിയെങ്കിലും ആരാധകഹൃദയങ്ങളിൽ ഇടം നേടിയാണ് ഇംഗ്ലണ്ട് വിമാനം കയറിയത്. സ്കോർ ബോർഡിലെ കണക്കിൽ ഫ്രഞ്ച്കാർക്കുമുന്നിൽ തോറ്റവർ, ഈ ടൂർണമെൻറിലെ സ്ഥിരതയും ഫോമുമുള്ള സംഘമായി മാറിയിരുന്നു. പരിചയസമ്പന്നർക്കൊപ്പം മിടുക്കരായ ഒരു സംഘം യുവനിരയാണ് കരുത്ത്. 26 അംഗ ടീമിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ ജൂഡ് ബെല്ലിങ് ഹാം ഒഴികെ 25 പേരും ഇംഗ്ലീഷ് പ്രീമിയർലീഗ് താരങ്ങൾ.

മുൻനിരയിൽ നിറഞ്ഞുകളിച്ചവർ യുവതാരങ്ങൾ ഭാവി ഇംഗ്ലീഷ് പടയെ നയിക്കാൻ ശേഷിയുള്ളവർ. മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ (22 വയസ്സ്), ആഴ്സനലിന്റെ ബുകായോ സാക (21), യുനൈറ്റഡിന്റെ മാർകസ് റാഷ്ഫോഡ് (25), ജൂഡ് ബെല്ലിങ്ഹാം (19), മാസൺ മൗണ്ട് (23), വെസ്റ്റ്ഹാമിന്റെ ഡെക്ലാൻ റൈസ (23)... ഈ നിരയാകും അടുത്ത ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ തുറുപ്പുശീട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandWorld CupQatar World Cup
News Summary - England Coming Home
Next Story