ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു; ലോകകപ്പ് ട്രോഫി അനാവരണം നടി നിർവഹിച്ചേക്കും
text_fieldsമുംബൈ: പത്താൻ സിനിമ വിവാദത്തിനിടെ ബോളിവുഡ് നടി ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു. ഞായറാഴ്ച നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കലാശപ്പോരിനു മുന്നോടിയായി ലുസൈൽ സ്റ്റേഡിയത്തിൽ വിജയികൾക്കുള്ള ട്രോഫിയുടെ അനാവരണം നടി നിർവഹിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ പുറത്തുവന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് ലോകം ഉറ്റുനോക്കുന്ന വിശ്വപോരാട്ട വേദിയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കുന്ന നേട്ടമാകും. ഇതാദ്യമായാകും ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫത്തേഹിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലൈറ്റ് ദി സ്കൈ' എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ലയണൽ മെസ്സിയുടെ അർജന്റീനയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
സംഘപരിവാർ സംഘടനകളിൽ നിന്ന് ഷാരൂഖ് ഖാൻ ചിത്രമായ പത്താനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക പദുകോൺ എത്തുന്നുണ്ട്. ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം. വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ 2023 ജനുവരി 23നാണ് തിയറ്ററുകളിൽ എത്തുന്നത്.

