ആദ്യപകുതിപിന്നിട്ടു, രണ്ടിലൊരാൾ പുറത്തേക്ക്; ക്രൊയേഷ്യക്കും ബെൽജിയത്തിനും ജീവൻമരണ പോരാട്ടം
text_fieldsദോഹ: അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ തീപാറും പോരാട്ടം. ഗ്രൂപ്പ് എഫിലെ അവസാന മത്സരങ്ങൾ ആദ്യ പകുതി പിന്നിടുമ്പോൾ നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യക്കും ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തിനും ജീവൻമരണ പോരാട്ടം. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോളുകളൊന്നും നേടിയിട്ടില്ല.
അൽതുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാനഡക്കെതിരെ മൊറോക്കോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്നതിനാൽ തന്നെ ബെൽജിയത്തിന് ജയം അനിവാര്യമായി. ക്രൊയേഷ്യക്ക് സമനില പിടിച്ചാലും അഞ്ചുപോയന്റുമായി പ്രീക്വാർട്ടറിലേക്ക് കയറാം. അതേ സമയം 3 പോയന്റ് മാത്രമുള്ള ബെൽജിയത്തിന് മത്സരത്തിൽ ജയം അനിവാര്യമാണ്.
15ാം മിനിറ്റിൽ ഫ്രീകിക്കിനൊടുവിൽ മുള പൊട്ടിയ കൂട്ടപ്പൊരിച്ചിലിനുള്ളിൽ പെനൽറ്റി ബോക്സിനകത്തിട്ട് ക്രമാരിച്ചിനെ വീഴ്ത്തിയതിന് ബെൽജിയം താരം കരാസ്കോക്കെതിരെ റഫറി ആന്റണി ടെയ്‍ലർ പെനൽറ്റി വിധിച്ചിരുന്നു. പെനൽറ്റി കിക്കെടുക്കാനായി ലൂക്ക മോഡ്രിച്ച് ഒരുങ്ങിയെങ്കിലും വാർ ചെക്കിങ്ങിൽ ഓഫ് സൈഡെന്ന് തെളിയുകയായിരുന്നു.