Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightകൊളംബിയ ആന്റ് ടു...

കൊളംബിയ ആന്റ് ടു എസ്കോബാർസ്...

text_fields
bookmark_border
കൊളംബിയ ആന്റ് ടു എസ്കോബാർസ്...
cancel

1993 ഡിസംബർ 2. കൊളംബിയയിൽ ആ വാർത്ത ചുഴലിക്കാറ്റായി പടർന്നുകയറി. 44ാം ജന്മദിനാഘോഷം കഴിഞ്ഞതിന് തൊട്ടുപിന്നാലെ പാേബ്ലാ എസ്കോബാർ വെടിയേറ്റുമരിച്ചിരിക്കുന്നു. ഡ്രഗ് മാഫിയയുടെയയും ഗ്യാങ് വാറുകളുടെയും ഗോഡ് ഫാദർ പാേബ്ലായുടെ മരണം ഗ്രാമ-നഗരങ്ങളെ ഇളക്കിമറിച്ചു. ഒരേ സമയം നായകനും വില്ലനും ആയിരുന്നയാളുടെ മരണവാർത്ത തെരുവുകളെ അരാജകത്വത്തിലെത്തിച്ചു. കർശനചിട്ടകളാൽ പാേബ്ലാ നടത്തിയിരുന്ന അധോലോക സാമ്രാജ്യം നാഥനില്ലാതെയായതോടെ രാക്ഷസരൂപം പൂണ്ടു. പാേബ്ലാ പോയതോടെ പുതിയ ബോസുമാർ അവതരിക്കാൻ തുടങ്ങി. ബോംബേറുകളും വെടിവെപ്പുകളും കൊലപാതകങ്ങളും പതിവുകഥകളായി. പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്തെ ഫുട്ബാൾ ക്ലബുകളും ഡ്രഗ് മാഫിയയും തമ്മിൽ പ്രത്യക്ഷത്തിൽ തന്നെ ബന്ധമുണ്ടായിരുന്നു. ഒരർഥത്തിൽ ആ മാഫിയയുടെ തണലിൽ തഴച്ചുവളർന്ന ക്ലബുകളിലൂടെയും മൈതാനങ്ങളിലൂടെയുമാണ് കൊളംബിയൻ ഫുട്ബാൾ എഴുന്നേറ്റുനിന്നതെന്ന് പറയാം. കാർലോസ് വാൾഡറമയും ഹിഗ്വിറ്റയും ആസ്പ്രില്ലയും എസ്കോബാറുമെല്ലാം ചേരുന്ന കൊളംബിയയുടെ സുവർണതലമുറ കാൽപന്തിൻെറ പുതിയ ശക്തിദുർഗമായി. 1991നും 1993നും ഇടയിലുള്ള 26 മത്സരങ്ങളിൽ 25ലും കൊളംബിയ വെന്നിക്കൊടി പാറിച്ചു. യോഗ്യതമത്സരത്തിൽ കരുത്തരായ അർജന്റീനയെ ബ്വേനസ് ഐയ്റിസിലിട്ട് എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് കൊളംബിയ കത്തിച്ചുകളഞ്ഞു.

രാജ്യമാകെ അശുഭ കാലാവസ്ഥയിലിരിക്കുമ്പോഴും 1994 ലോകകപ്പിൽ കൊളംബിയ ശുഭവാർത്തകൾ പ്രതീക്ഷിച്ചു. ഫുട്ബാൾ ആരവങ്ങൾ രാജ്യത്തെ ഒരുവേള ഒന്നിപ്പിക്കുമെന്നും സംഘർഷങ്ങൾക്ക് അയവുവരുമെന്നും എല്ലാവരും വിശ്വസിച്ചു. ചൂതാട്ടകേന്ദ്രങ്ങളിൽ കൊളംബിയ ഹോട്ട് ചോയ്സായി. ടൂർണമെന്റിലെ ഫേവറിറ്റുകളാണ് കൊളംബിയയെന്ന് സാക്ഷാൽ പെലെപോലും മൊഴിഞ്ഞു. എന്നാൽ ലോകകപ്പിന് കിക്കോഫ് മുഴങ്ങിയതോടെ കഥമാറി. ആദ്യ മത്സരത്തിൽ റുമേനിയയോട് 3-1ന്റെ ഞെട്ടിക്കുന്ന തോൽവി.

അതോടെ കൊളംബിയൻ തെരുവുകൾ ക്ഷുഭിതമായി. ചൂതാട്ട കേന്ദ്രങ്ങളിൽ പണം നഷ്ടപ്പെട്ടവർക്ക് സമനില തെറ്റി. പരിശീലകനും താരങ്ങൾക്കും നിരവധി ഭീഷണികളെത്തി. വെറ്ററൻ മിഡ്ഫീൽഡർ ബറബാസിനെ ടീമിലുൾപ്പെടുത്തിയാൽ ടീമിനെ ഒന്നാകെ കൊന്നുകളയുമെന്നായിരുന്നു പരിശീലകൻ ഫ്രാൻസിസ്കോ മറ്റുരാനക്കെത്തിയ ഒരു സന്ദേശം. രാജ്യത്തെ സാഹചര്യങ്ങളിൽ പെട്ടുലഞ്ഞാണ് പലതാരങ്ങളും ലോകകപ്പിനെത്തിയത്. ഉദാഹരണമായി പറഞ്ഞാൽ പ്രതിരോധ താരം ലൂയിസ് ഹെരേരയുടെ മകനെ തട്ടിക്കൊണ്ടുപോയി. മകൻ പിന്നീട് തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരത്തിന് ശേഷം തൻെറ സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ട വാർത്തകൂടി അദ്ദേഹത്തെ തേടിയെത്തി. പലതരം സംഘർഷങ്ങൾക്കിടയിലാണ് ഓരോ താരവും കടന്നുപോയത്. യു.എസ്.എക്കെതിരായ നിർണായക മത്സരത്തിന് ഇറങ്ങുമ്പോഴും താരങ്ങളിലേറെപ്പേരും മാനസികമായി വലിയ സമ്മർദം അനുഭവിച്ചിരുന്നു. സൗഹൃദ മത്സരങ്ങളിൽ തങ്ങൾ തകർത്തെറിഞ്ഞിരുന്ന യു.എസ്.എയോടും 2-1ൻെറ തോൽവി. മത്സരത്തിൻെറ 34ാം മിനിറ്റിൽ ആന്ദ്രേ എസ്കോബാറിൻെറ കാലിൽനിന്നും സെൽഫ് ഗോൾ വീണതോടെ മത്സരത്തിലെയും ലോകകപ്പിലെയും വിധി ഏറെക്കുറെ തീരുമാനമായിരുന്നു.

• ബൈബിൾ വായിക്കുന്ന എസ്കോബാർ

പാേബ്ലാ എസ്കോബാറുമായി പേരിലുള്ള സാമ്യമല്ലാതെ മറ്റൊന്നും ആന്ദ്രെക്കില്ലായിരുന്നു. മറ്റു പല ഫുട്ബാൾ താരങ്ങൾക്കും ഡ്രഗ് മാഫിയയുമായി ഇടപഴകിയപ്പോഴും വഴിമാറിനടന്ന സൗമ്യൻ. അമ്മയുടെയും വിവാഹം ഉറപ്പിച്ച കാമുകിയുടെയും ചിത്രങ്ങൾ ബൈബിളിൻെറ ബുക്മാർക്കായി സൂക്ഷിക്കുന്നയാൾ. അച്ചടക്കമുള്ള പ്രതിരോധ ഭടനായ ആന്ദ്രെയുമായി ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാൻ കരാർ ഉറപ്പിച്ചിരുന്നതായും വാർത്തകൾ പരന്നിരുന്നു. പക്ഷേ തൻെറ ജീവിതത്തിൽ കുറിച്ച ഒരേ ഒരു സെൽഫ് ഗോൾ ആന്ദ്രെയുടെ ജീവിതത്തെ ഭസ്മമാക്കാൻ ശേഷിയുള്ളതായിരുന്നു.

സ്വന്തം കാലിൽനിന്നും തട്ടിത്തെറിച്ച പന്ത് സ്വന്തം പോസ്റ്റിൻെറ വലക്കെട്ടുകളെ മുട്ടിയുരുമ്മിയ നിമിഷത്തിൽ തന്നെ ആന്ദ്രേക്ക് വെടിയേറ്റിരുന്നു. യു.എസ്.എയുടെ ജോൺ ഹാർക്സ് പെനാൽറ്റി ബോക്സിലേക്ക് കൊടുത്ത ക്രോസിന് തടയിടുവാനുള്ള ആത്മാർഥ ശ്രമത്തിനിടെ സംഭവിച്ച ഒരു നിമിഷത്തെ പിഴവ്. സെൽഫ്ഗോളിന് ശേഷം മൈതാനത്ത് നിന്നെഴുന്നേറ്റ ആന്ദ്രെയുടെ മുഖത്ത് പാപഭാരത്തിൻെറ കനം തൂങ്ങിനിന്നു. ആ സെൽഫ് ഗോളിൽ നിന്നും തിരിച്ചുവരാൻ ടീമിന് ഒരിക്കൽപോലുമായില്ല. കൊട്ടുംകുരവയുമായി വന്ന കൊളംബിയ ആരാധകരെല്ലാം നിശ്ശബ്ദരായി മടങ്ങി. തോൽവിയുടെ പാപഭാരങ്ങളെല്ലാം ആന്ദ്രെയുടെ മേൽ മൂടി നിന്നു. ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ ഇവയെല്ലാം ഡ്രിബിൾ ചെയ്യാൻ അയാൾ ശ്രമിച്ചു.

''ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. എത്ര ബുദ്ധിമുട്ടേറിയ സമയമാണെങ്കിലും നമുക്ക് എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്.'' -ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ bogota el tiempo പത്രത്തിന് ആന്ദ്രേ നൽകിയ വാക്കുകൾ ഇങ്ങനെയായിരുന്നു. കൊളംബിയൻ തെരുവുകളുടെ ക്രൗര്യത്തെ അറിയുന്ന സഹതാരങ്ങളും പരിശീലകരും സൂക്ഷിക്കണമെന്ന് ആന്ദ്രെക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ തന്റെ മുഖം തൻെറ ജനങ്ങൾ കാണട്ടെയെന്നായിരുന്നു താരത്തിൻെറ നിലപാട്. ആരാണോ ആ മുഖം കാണാൻ പാടില്ലായിരുന്നത്, അവരുടെ മുമ്പിൽ തന്നെ ആന്ദ്രേ ആ രാത്രിയിൽ ചെന്നുപെട്ടു. നിശാക്ലബിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ ആന്ദ്രേയെ സെൽഫ് ഗോളിനെക്കുറിച്ചുള്ള പരിഹാസങ്ങളുമായി ഏതാനുംപേർ പൊതിഞ്ഞു. ക്ഷുഭിതനായ ആന്ദ്രെ പുറത്തേക്കിറങ്ങി തൻെറ കാറിനടുത്തെത്തി. മുള്ളുവെച്ച വാക്കുകളുമായി നാലംഗസംഘം പിന്തുടർന്നു. ആർക്കും സംഭവിക്കാവുന്ന ഒരു പിഴയാണ് തനിക്കും സംഭവിച്ചതെന്ന് ആന്ദ്രെ വിശദീകരിക്കാൻ ശ്രമിച്ചു. വിശദീകരണത്തിന് കൂടുതൽ സമയം ലഭിച്ചില്ല. അസ്ഥിയും മാംസവും തുളച്ച് തുരുതുരെ വെടിയുണ്ടകളെത്തി. ഗോൾ..ഗോൾ എന്നാർത്തുവിളിച്ചായിരുന്നു ആ നിറയൊഴിക്കൽ. സെൽഫ് ഗോളിനുശേഷമുള്ള അതേ നിസ്സഹായതയോടെ ആന്ദ്രെ കാർ ടയറിൽ ചാരിയിരുന്നു. ആംബുലൻസ് വന്നപ്പോഴേക്കും വൈകിയിരുന്നു. പത്രങ്ങൾ അച്ചുനിരത്തി -ആന്ദ്രെ എസ്കോബാർ വെടിയേറ്റുമരിച്ചു.

പാ​െബ്ലാ എസ്കോബാർ

കൊളംബിയയുടെ തോൽവിയിൽ ബെറ്റിങ് കേന്ദ്രത്തിൽ പണം നഷ്ടപ്പെട്ടവരാണ് കൊലക്കുപിന്നിലെന്നായിരുന്നു പ്രബല വാദം. വാക്കേറ്റത്തിനൊടുവിലുണ്ടായ വെടിയുതിർക്കലാണ് കാരണമെന്നും ഡ്രഗ് മാഫിയയയാണ് കൊലപാതകികളെന്നുമെല്ലാം വാർത്തകൾ പരന്നു. കൊലപാതക വാർത്ത കാൽപന്ത് പ്രേമികളിൽ കടുത്ത നിരാശയും പ്രതിഷേധവും സൃഷ്ടിച്ചു. വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു. ഇന്നും പലപേരുകളിൽ, പല ഓർമകളിൽ എസ്കോബാർ ജീവിച്ചുകൊണ്ടേയിരിക്കുന്നു. കൊളംബിയൻ പരിശീലകനായിരുന്ന ഫ്രാൻസിസ്കോ മറ്റുരാന പറഞ്ഞതാണ് ശരി. ''ഫുട്ബാളെന്ന മനോഹര ഗെയിമല്ല, സമൂഹമാണ് ആന്ദ്രെയെ കൊന്നത്''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columbiaqatar world cupAndres Escobar
News Summary - columbia and two Escobars
Next Story