Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഇൻജുറി ഷോക്ക്;...

ഇൻജുറി ഷോക്ക്; ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ; ജയത്തോടെ വീരോചിത മടക്കം

text_fields
bookmark_border
ഇൻജുറി ഷോക്ക്; ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ; ജയത്തോടെ വീരോചിത മടക്കം
cancel

ദോഹ: പ്രമുഖരെയെല്ലാം ബെഞ്ചിലിരുത്തി യുവ നിരയെ കളത്തിലിറക്കിയ ബ്രസീലിന് കാമറൂൺ ഷോക്ക്. ഗ്രൂപ് ജിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂൺ ബ്രസീലിനെ അട്ടിമറിച്ചു.

തോറ്റെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ് ചാമ്പ്യന്മാർ. സെർബിയയെ 2-3ന് വീഴ്ത്തി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കയറി. ബ്രസീലിനും സ്വിറ്റ്സർലൻഡിനും ആറു പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്രസീൽ മുന്നിലെത്തി. പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയാണ് ബ്രസീലിന്‍റെ എതിരാളികൾ.

പോർചുഗൽ സ്വിസ് പടയെ നേരിടും. വമ്പന്മാരെ അട്ടിമറിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ കാമറൂണിന് കണ്ണീർമടക്കം. മൂന്നാമതുള്ള കാമറൂണിന് നാലു പോയന്‍റാണുള്ളത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിൽ അവസാന പകുതിയുടെ ഇൻജുറി ടൈമിലാണ് (90+2ാം മിനിറ്റിൽ) ബ്രസീലിന്‍റെ നെഞ്ചകം തകർത്ത് കാമറൂൺ വലകുലുക്കിയത്. വിൻസെന്‍റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. വലതുവിങ്ങിൽനിന്ന് ജെറോം എൻഗോം എംബെകെലി ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഒന്നാന്തരം ഹെഡ്ഡറിലൂടെ അബൂബക്കൽ വലയിലെത്തിച്ചു.

ഗോളിനുപിന്നാലെ ജഴ്സിയൂരിയ നായകന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കിട്ടിയെങ്കിലും കരുത്തരെ വീഴ്ത്തിയതിന്റെ ചിരിയുമായാണ് അബൂബക്കർ കളത്തിൽനിന്ന് കയറിയത്. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും മത്സരത്തിൽ ബ്രസീലിനു തന്നെയായിരുന്നു മുൻതൂക്കം. ആന്റണിയും മാര്‍ട്ടിനെല്ലിയും ആല്‍വസും റോഡ്രിഗോയും ഫ്രെഡും എഡേഴ്‌സണുമെല്ലാം അണിനിരന്ന ടീമിന് പക്ഷേ ഗോൾ മാത്രം നേടാനായില്ല. മുന്നേറ്റത്തിലും പന്തടക്കത്തിലും ഉൾപ്പെടെ ബ്രസീൽ ബഹുദൂരം മുന്നിലെത്തിയെങ്കിലും കാമറൂൺ പ്രതിരോധ മതിൽ ഭേദിക്കാൻ യുവ താരങ്ങൾക്കായില്ല. വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് ബ്രസീൽ ഏഴു ഷോട്ടുകൾ തൊടുത്തെങ്കിലും ഗോളി ഡെവിസ് എപ്പസിയുടെ സേവുകളാണ് കാമറൂണിന്‍റെ രക്ഷക്കെത്തിയത്.

മത്സരത്തിൽ 35 ശതമാനം മാത്രം പന്ത് കൈവശം വെച്ച കാമറൂൺ മൂന്നു ഷോട്ടുകളാണ് ബ്രസീൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് തൊടുത്തത്. അവസാന നിമിഷം സമനില ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ കാമറൂണിന്‍റെ തുടർച്ചയായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. 51ാം മിനിറ്റിൽ കാമറൂൺ താരം അബൂബകറിന്‍റെ ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പുറത്തേക്ക്. പിന്നാലെ ബ്രസിലീന്‍റെ കൗണ്ടർ അറ്റാക്കിങ്.

56ാം മിനിറ്റില്‍ പന്തുമായി ഒറ്റക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി കിടിലൻ ഷോട്ട് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും അവിശ്വസനീയമായി ഡെവിസ് അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോക്കും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 78ാം മിനിറ്റിൽ കാമറൂൺ താരം ഒലിവിയർ എൻചാമിന്‍റെ 20 വാരെ അകലെ നിന്ന് നിലംപറ്റെയുള്ള കിടിലൻ ഷോട്ട് ഗോളി എഡേഴ്സൺ കൈയിലൊതുക്കി.

ആദ്യ പകുതി ഒപ്പത്തിനൊപ്പം

മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ ബ്രസീലിന്‍റെ മുന്നേറ്റമായിരുന്നു. 14ാം മിനിറ്റിൽ ബ്രസീലിന് സുവർണാവസരം. വലതുവിങ്ങിൽനിന്നുള്ള ഫ്രെഡിന്‍റെ ക്രോസിന് മാർട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡർ. ഗോളെന്ന് തോന്നിപ്പിച്ച പന്ത് ഡേവിസ് എപ്പസി തട്ടിയകറ്റി.

19ാം മിനിറ്റിൽ ബ്രസീൽ ബോക്സിൽ അപകടം വിതച്ച് കാമറൂണിന്‍റെ തുടരെയുള്ള മുന്നേറ്റം. പിന്നാലെ ബ്രസീലിന്‍റെ കൗണ്ടർ അറ്റാക്കിങ്. ബോക്സിനകത്തുനിന്നുള്ള കൂട്ടപൊരിച്ചിലിനിടെ ഫ്രെഡിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 25ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ കാമറൂൺ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിനകത്തേക്ക് കയറി മാർട്ടിനെല്ലി പോസ്റ്റിനു സമാന്തരമായി ക്രോസ് നൽകിയെങ്കിലും ഗബ്രിയേൽ ജീസസിന് മുതലെടുക്കാനായില്ല.

30ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്നുള്ള ബ്രസീലിന്‍റെ ഫ്രീകിക്ക് കാമറൂൺ മതിലിൽ തട്ടി തെറിച്ചു. 33ാം മിനിറ്റിൽ ബോക്സിനു മുന്നിൽ ബ്രസീലിന് അനുകൂലമായി വീണ്ടുമൊരു ഫ്രീകിക്ക്. കിക്കെടുത്ത ഡാനി ആൽവ്സിന്‍റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 38ാം മിനിറ്റിൽ ആന്‍റണിയുടെ ദുർബലമായ ഷോട്ട് കാമറൂൺ ഗോളി കൈയിലൊതുക്കി.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പ്രതിരോധ താരങ്ങളെ മറികടന്ന് മാർട്ടിനെല്ലി ഒരു കിടിലൻ ഷോട്ട് തൊടുത്തെങ്കിലും കാമറൂൺ ഗോളി തട്ടിയകറ്റി. പിന്നാലെ കോർണറിൽനിന്നുള്ള ഒരു സെറ്റ്പീസും ബ്രസീലിന് മുതലെടുക്കാനായില്ല. ഇൻജുറി ടൈമിന്‍റെ മൂന്നാം മിനിറ്റിൽ കാമറൂണിന് സുവർണാവസരം. ഇടതുവിങ്ങിൽനിന്നുള്ള എൻഗമാലുവിന്‍റെ ക്രോസ് എംബിയുമൊ ഒന്നാന്തരം ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് പായിച്ചെങ്കിലും എഡേഴ്സൺ തട്ടിയകറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupbrazil
News Summary - Cameroon defeat Brazil
Next Story