സാക്ഷികളാവാൻ ബോളിവുഡ് താരനിര
text_fieldsസഞ്ജയ് കപൂർ, ഷനായ കപൂർ, അനന്യ പാണ്ഡെ, ചുങ്കി പാണ്ഡെ, ആദിത്യ റോയ് കപൂർ
എന്നിവർ ദോഹയിൽ
ദോഹ: ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് സാക്ഷികളാവാൻ ബോളിവുഡ് താരനിരയും. ആമിർ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ ആദ്യഘട്ടത്തിൽ വന്നുപോയശേഷം കൂടുതൽ താരങ്ങളാണ് അവസാന ഘട്ടത്തിൽ മുംബൈയിൽനിന്ന് ദോഹയിലേക്ക് പറന്നെത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെ, അനന്യയുടെ പിതാവും നടനുമായ ചുങ്കി പാണ്ഡെ, നടൻ ആദിത്യ റോയ് കപൂർ, നടൻ സഞ്ജയ് കപൂർ, മകളും നടിയുമായ ഷനായ കപൂർ തുടങ്ങിയവർ അർജന്റീന-ക്രൊയേഷ്യ സെമി ഫൈനൽ മത്സരത്തിന് ദൃക്സാക്ഷികളായി ലുസൈൽ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനന്യയും ചുങ്കി പാണ്ഡെയും അർജന്റീന ജഴ്സിയണിഞ്ഞാണ് ഗാലറിയുടെ ആവേശത്തിൽ പങ്കാളികളായത്.
'പിതാവ് ചുങ്കി പാണ്ഡെയോടൊപ്പം ഖത്തർ ലോകകപ്പ് സെമിഫൈനലിലെ രസകരമായ നിമിഷങ്ങൾ. അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത് നേരിട്ടു കാണുകയെന്നത് മികച്ച അനുഭവമായിരുന്നു. മെസ്സി എന്തൊരു ലെജൻഡ് ആണെന്നത് കണ്ടുകൊണ്ടിരിക്കുന്നു' -അനന്യ ട്വിറ്ററിൽ കുറിച്ചു.
മെസ്സി ഗോൾ നേടുമ്പോൾ ഗാലറിയിലെ തങ്ങളുടെ ആവേശനിമിഷങ്ങളുടെ വിഡിയോയാണ് സഞ്ജയ് കപൂർ ട്വിറ്ററിൽ പങ്കുവെച്ചത്. 'ഒരു ലോകകപ്പ് സെമിയിൽ മെസ്സി ഗോൾ നേടുമ്പോൾ അതു കാണാൻ ഞാൻ സ്റ്റേഡിയത്തിലുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.എല്ലായിടത്തുനിന്നും 'മെസ്സി, മെസ്സി' എന്ന് ആർത്തുവിളിക്കുന്ന 85,000 അർജന്റീന ആരാധകരോടൊപ്പം അതു കാണുകയെന്നത് അവിശ്വസനീയമായ മുഹൂർത്തമായിരുന്നു' -സഞ്ജയ് കപൂർ ട്വീറ്റ് ചെയ്തു.

