കഴുകൻമാരെ അരിഞ്ഞുവീഴ്ത്തി സോക്കറൂസ്; ലോകപ്പിൽ ഓസ്ട്രേലിയക്ക് നിർണായക വിജയം
text_fieldsദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഡിയില്‍ നടന്ന നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. കാർത്തേജിലെ കഴുകൻമാരെന്നറിയപ്പെടുന്ന ടുണീഷ്യയെ 1-0നാണ് ഓസ്ട്രേലിയ പരാജയപ്പടുത്തിയത്. അൽ ജനോബ് സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ ഒരു ഗോൾ ലീഡിനുശേഷം പ്രതിരോധകോട്ടകെട്ടിയാണ് ഓസ്ട്രേലിയ വിജയത്തിലേക്ക് ചുവടുവച്ചത്.
തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന ടുണീഷ്യ-ഓസ്ട്രേലിയ പോരാട്ടം വീറും വാശിയും കൊണ്ട് സമ്പന്നമായിരുന്നു. സ്കോർ കാർഡ് സൂചിപ്പിക്കുന്നത്ര വിരസമായിരുന്നില്ല മത്സരം. വിജയം അനിവാര്യമായിരുന്ന ഇരുടീമുകളും ആദ്യവസാനം പൊരുതിയാണ് കളിച്ചത്. എന്നാൽ പ്രതിരോധത്തിലെ മികവ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
23ാം മിനിറ്റിൽ മിച്ചൽ ഡ്യൂകിന്റെ മഴവിൽ ഹെഡ്ഡർ വലയിലായതോടെയാണ് ഓസ്ട്രേലിയ ഒന്ന് പൂജ്യത്തിന് മുന്നിലെത്തിയത്. ഗുഡ്‍വിന്റെ ക്രോസിൽ നിന്നായിരുന്നു കങ്കാരുക്കളുടെ ഗോൾ. ആദ്യ ഗോളിനുശേഷം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും നിരന്തരം അവർ ടുണീഷ്യൻ ഗോൾമുഖം റെയ്ക് ചെയ്യുന്നുണ്ടായിരുന്നു. മറുവശത്ത് ടുണീഷ്യയാകട്ടെ ഒരു ഗോളിനായുള്ള പോരാട്ടത്തിലും.
മികച്ച നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും പന്ത് വലയിലെത്തിക്കാൻ ടൂണീഷ്യക്കായില്ല. ക്യാപ്ടൻ യൂസുഫ് മസാക്നി മുൻനിര താരം ഇസാം ജബലി എന്നിവരായിരുന്നു ടുണീഷ്യൻ നീക്കങ്ങൾ മെനഞ്ഞത്. മിച്ചൽ ഡ്യൂക്, മാത്യു ലേക്കി, ഗുഡ്വിൻ, ഗോൾ കീപ്പർ മാത്യു റയാൻ എന്നിവരുടെ കൂട്ടായ പരിശ്രമങ്ങൾ ടുണീഷ്യൻ ആക്രമണങ്ങളെ അപ്രസക്തമാക്കിക്കൊണ്ടിരുന്നു.
മിഡ്ഫീൽഡിൽ ആരോൺ മൂയ് ഓസ്ട്രേലിയക്കായി മികവുപുലർത്തി. കളിയിലെ കണക്കുകൾ പരിശോധിച്ചാൽ ടുണീഷ്യയാണ് മുന്നിൽ. 58 ശതമാനം പൊസിഷനും 76 ശതമാനം പാസുകളിലെ കൃത്യതയും അവർക്ക് സ്വന്തമാണ്. എന്നാൽ ഗോളിലേക്ക് ഇതൊന്നും പരിണമിപ്പിക്കാൻ അവർക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

