അർജന്റീന കണ്ടുപഠിക്കണം, ഫ്രാൻസിനെ
text_fieldsദോഹ: ലയണൽ മെസ്സിയും കൂട്ടുകാരും ലുസൈലിന്റെ നടുത്തളത്തിൽ നാണംകെട്ട അതേ ദിവസം, പി.എസ്.ജിയിൽ അർജന്റീന നായകന്റെ സഹതാരം കിലിയൻ എംബാപ്പെയും സംഘവും വക്രയിലെ അൽ ജാനൂബ് സ്റ്റേഡിയത്തിൽ തകർപ്പൻ ജയവുമായി കിരീടം കാക്കാനുള്ള ദൗത്യങ്ങൾക്ക് തുടക്കമിടുകയായിരുന്നു.ഒരു ഗോൾ ലീഡ് നേടിയശേഷം ദുർബലരായ സൗദി അറേബ്യക്കു മുന്നിൽ മുട്ടിടിച്ച അർജന്റീന ഒടുവിൽ കളിചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ 2-1ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്.
എന്നാൽ, ആസ്ട്രേലിയക്കെതിരെ ഗ്രൂപ് ഡിയിൽ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രാൻസ് തുടക്കത്തിൽ വഴങ്ങിയ ഗോളിൽ 1-0ത്തിന് പിന്നിലായിരുന്നു. തിരിച്ചടിയിൽ പകച്ചു നിൽക്കാതെ നിരന്തരം ആക്രമിച്ചുകയറിയ ഫ്രാൻസ് 4-1ന്റെ ഗംഭീര ജയവുമായാണ് കളി അവസാനിപ്പിച്ചത്.
പ്രമുഖരില്ലാതെയും ഫ്രാൻസ്
പോൾ പോഗ്ബ, അന്റോണിയോ കാന്റെ, കരീം ബെൻസേമ എന്നീ സൂപ്പർതാരങ്ങളില്ലാതെയാണ് ഫ്രാൻസ് ഖത്തറിലെത്തിയത്. പോഗ്ബയും കാന്റെയുമില്ലാത്ത ഫ്രഞ്ച് മിഡ്ഫീൽഡിൽനിന്ന് ഭാവനാസമ്പന്നമായ നീക്കങ്ങൾ ഇതൾവിരിയില്ലെന്ന് കരുതിയവരേറെയായിരുന്നു. എന്നാൽ, ആ കണക്കുകൂട്ടലെല്ലാം ഫ്രഞ്ചുപട അസ്ഥാനത്താക്കി.
പരിചയസമ്പന്നരും പ്രഗല്ഭരുമായ അന്റോയിൻ ഗ്രീസ്മാൻ-ഉസ്മാൻ ഡെംബലെ-കിലിയൻ എംബാപ്പെ, ഒലിവർ ജിറൂഡ് എന്നിവർ മുന്നണിയിൽ തികഞ്ഞ ഒത്തിണക്കം കാട്ടിയതിനൊപ്പം മിഡ്ഫീൽഡിൽ ചുവാമെനിയും റാബിയോട്ടും തിളങ്ങിയതോടെ ഫ്രഞ്ചുകാർ തകർത്താടുകയായിരുന്നു.
അർജന്റീനയാകട്ടെ, പറഞ്ഞുപഠിപ്പിച്ച തങ്ങളുടെ മധ്യനിരയിൽനിന്ന് പരിക്കുകാരണം ലോ സെൽസോ പുറത്തായതോടെ കളിക്കു മുമ്പേതന്നെ അങ്കലാപ്പിലായിരുന്നുവെന്ന് വ്യക്തം. കളത്തിൽ തുടക്കം മുതൽ അത് തെളിഞ്ഞുനിന്നു. ലിയാൻഡ്രോ പരേഡസിനും റോഡ്രിഗോ ഡി പോളിനുമിടയിലെ കണ്ണി മുറിഞ്ഞു.
ഫലം, മുൻനിരയും മധ്യനിരയും തമ്മിലുള്ള കണക്ഷൻ നഷ്ടമായി. അതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. പകിട്ടുള്ള പകരക്കാരുടെ അഭാവം അർജൻറീനയെ കുഴക്കുന്നതിന്റെ സാക്ഷ്യമായിരുന്നു ലുസൈലിൽ. കരീം ബെൻസേമ പുറത്തായ ഇടത്തേക്ക് എത്തിയ വെറ്ററൻ സ്ട്രൈക്കർ ഒലിവർ ജിറൂഡ് രണ്ടു തകർപ്പൻ ഗോളുമായി കളംനിറഞ്ഞതിൽ അർജന്റീനക്ക് പകർത്താൻ ഒരുപാടുണ്ട്.
ജയിക്കാൻ ചങ്കുറപ്പുകൂടി വേണം
ആദ്യപകുതിയിൽ സൗദി ഗോൾമുഖം നിരന്തരം റെയ്ഡ് ചെയ്ത അർജന്റീനക്ക് പിഴച്ചത് രണ്ടാം പകുതിയിലാണ്. 48ാം മിനിറ്റിൽ സമനില ഗോൾ വഴങ്ങിയപ്പോൾതന്നെ ടീമിന് മാനസിക പ്രഹരമായി. അഞ്ചു മിനിറ്റിനുശേഷം സൗദി അപ്രതീക്ഷിതമായി ലീഡിലേക്ക് നിറയൊഴിച്ചതോടെ മെസ്സിയും സംഘവും മാനസികമായി അമ്പേ തകർന്നു.
37 മിനിറ്റ് ബാക്കിയുണ്ടായിരുന്നു അപ്പോൾ. ചെറുമീനുകൾക്കെതിരെ വമ്പൻ സ്രാവുകൾക്ക് അനായാസം തുഴഞ്ഞെത്താവുന്ന സമയം. പക്ഷേ, ലീഡ് വഴങ്ങിയതു മുതൽ കളത്തിൽ അർജന്റീനയുടെ 'ബോഡി ലാംഗ്വേജ്' പരാജിതരുടേതായിരുന്നു. ദുർബലരായ സൗദി തുടക്കം മുതൽ പുറത്തെടുത്ത വീറും വാശിയുംപോലും ഒരു ഘട്ടത്തിലും അർജന്റീനക്കുണ്ടായതേയില്ല.
ഇതിനു നേർവിപരീതമായി ഫ്രാൻസ് തുടക്കത്തിലേറ്റ പ്രഹരത്തിൽനിന്ന് സടകുടഞ്ഞ് കയറുകയായിരുന്നു. പാസുകൾ കോർത്തിണക്കി അവർ വല നെയ്തു കയറിയപ്പോൾ ആസ്ട്രേലിയ ചിത്രത്തിൽനിന്ന് മാഞ്ഞു. ജിറൂഡിന്റെ ഇരട്ടഗോളിനൊപ്പം എംബാപ്പെയും റാബിയറ്റും ലക്ഷ്യംകണ്ടതോടെ വമ്പൻ ജയംതന്നെ സ്വന്തമായി.
62 ശതമാനം പൊസഷനൊപ്പം 23 ഷോട്ടുകളാണ് അവർ എയ്തുവിട്ടത്. ടാർഗറ്റിലേക്കു പായിച്ച ഏഴിൽ നാലും ലക്ഷ്യത്തിലെത്തി. ഈ ലോകകപ്പിൽ ഇതുവരെ കണ്ട മികച്ച അറ്റാക്കിങ് ഗെയിമായിരുന്നു ചാമ്പ്യൻ ടീമിന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.