മെസ്സിയോട് പെരുത്തിഷ്ടം; അംബേദ്കർ ഹംസു ഖത്തറിൽ
text_fieldsമട്ടാഞ്ചേരി: ഫുട്ബാൾ പ്രേമികളുടെയും കളിക്കാരുടെയും നാടായ മട്ടാഞ്ചേരിയിൽനിന്ന് അംബേദ്കർ ഹംസു ഫുട്ബാൾ ലോകകപ്പ് കാണാൻ ഖത്തറിലെത്തി. കോമ്പാറമുക്ക് എം.കെ.എസ് പറമ്പിൽ താമസിക്കുന്ന ഹംസു ഭരണഘടന ശിൽപിയായ അംബേദ്കറിനോടുള്ള സ്നേഹംകൊണ്ടാണ് പേരിനോപ്പം അംബേദ്കർ എന്നുകൂടി ചേർത്തത്. തന്റെ ഓട്ടോറിക്ഷക്കും കൂൾബാറിനും അംബേദ്കർ എന്നാണ് പേരിട്ടിരിക്കുന്നത്. അർജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകൻകൂടിയാണ് ഹംസു.
അർജന്റീന ആദ്യ കളിയിൽ തോറ്റതിൽ നിരാശനായിരുന്നു. ഇഷ്ട ടീമിന്റെ തോൽവിയുടെ വിഷമത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ഹംസു ഖത്തറിലേക്ക് പുറപ്പെട്ടത്. അടുത്ത കളി അർജന്റീന വിജയിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. അത് നേരിട്ട് കാണമെന്നും ആഗ്രഹിച്ചു. ഖത്തറിലെത്തിയ ശേഷം ലൂസൈൻ ഐക്കോണിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന അർജന്റീന -മെക്സികോ മത്സരത്തിൽ ഇഷ്ട ടീമിന്റെ വിജയം നേരിട്ട് കണ്ട സന്തോഷത്തിലാണ് ഹംസു. മകൻ അഭിലാഷ് ഗുസ്തിയിൽ കേരള കേസരി പട്ടം നേടിയിട്ടുണ്ട്.