അലിസൺ മുതൽ നോയർ വരെ; ബാറിന് കീഴിലെ അഞ്ച് കാവൽ പക്ഷികൾ
text_fieldsദോഹ:പ്രതിരോധത്തിലെ അവസാന നിരയെന്ന് അറിയപ്പെടുന്ന ഗോൾ കീപ്പർമാർ, ആക്രമണങ്ങൾക്ക് തുടക്കമിടുന്നത് അവരാണ്. മൈതാനത്ത് മികച്ച പ്രകടനങ്ങളാൽ പ്രത്യേക ശ്രദ്ധ നേടുന്നവരാണ് കീപ്പർമാരിലധികവും. ഖത്തർ ലോകകപ്പിലും ഗോൾവല കാക്കുന്ന 32 കീപ്പർമാരിൽ വേറിട്ടുനിൽക്കുന്ന അഞ്ചു പേരിതാ. ഈ ലോകകപ്പിെൻറ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കുന്നവരിൽ ഇവരിലൊരാളാകാനും സാധ്യതകളേറെയാണ്.
തിബോ കോർട്ടുവാ
2018ലെ റഷ്യൻ ലോകകപ്പ് ഗോൾഡൻ ഗ്ലൗ ജേതാവ്. 2018ൽ ബെൽജിയത്തിനെ സെമി ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഗോൾ പോസ്റ്റുകൾക്കിടയിൽ അദ്ദേഹത്തിെൻറ പ്രകടനത്തെ അടിവരയിടുന്നതായിരുന്നു ഈ വർഷം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റിയൽ മഡ്രിഡിനുവേണ്ടി ലിവർപൂളിനെതിരായ പ്രകടനം. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് തിബോ മികച്ച നീക്കങ്ങളിലൂടെ തട്ടിയകറ്റിയത്. തിബോയുടെ ഉയരമായ രണ്ട് മീറ്റർ നീളവും ബാറിനു കീഴിൽ അദ്ദേഹത്തിന് തുണയാകുന്നു. ബെൽജിയത്തിനായി 96 മത്സരങ്ങളിൽ ഗോൾകീപ്പറായി.
അലിസൺ ബെക്കർ
ബ്രസീലിനായി 57 തവണ കളത്തിലിറങ്ങിയ താരം. വല തുളക്കുമെന്ന് കരുതുന്ന ഷോട്ടുകളെ കിടിലൻ സേവുകളുമായി തടയിടുന്നവൻ. വൺ-ടു-വൺ നീക്കങ്ങളിലും മിടുക്കനാണ് അലിസൺ. പ്രീമിയർ ലീഗിൽ ലിവർപൂളിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭാധനൻ. ഈ സീസണിൽ പ്രകടനം അൽപം പിറകോട്ടാണെങ്കിലും 2022 ലോകകപ്പിലെ കാനറിപ്പടയുടെ അവിഭാജ്യ ഘടകം. 2019ലെ മികച്ച ഫിഫ ഗോൾകീപ്പർ ബഹുമതി ലഭിച്ച അലിസൺ ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗോൾവല കാക്കാൻ ലോകകപ്പിനെത്തുന്നത്. ബ്രസീലിെൻറ ആറാം ലോകകിരീടത്തിന് പ്രതീക്ഷയേറ്റുന്ന താരം കൂടിയാണ് അലിസൺ.
മാനുവൽ നോയർ
ജർമനിയുടെ പ്രതീക്ഷകളത്രയും മാന്വൽ നോയർ എന്ന അതികായനെ ചുറ്റിപ്പറ്റിയാണ്. 113 തവണ ജർമനിക്കായി ഗ്ലൗസ് അണിഞ്ഞ നോയർ, ഇത് നാലാം തവണയാണ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. സ്വീപർ ക്വീപ്പർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നോയർ, പെനാൽട്ടി ലൈനിന് പുറത്തുനിന്നുള്ള നീക്കങ്ങളിലൂടെയും ശ്രദ്ധേയനാണ്. തോളെല്ലിനേറ്റ പരിക്കിൽനിന്നും മുക്തമായി ലോകകപ്പിനെത്തുന്ന ജർമൻ താരം, ബയേൺ മ്യൂണിക്കിനൊപ്പമാണ് ക്ലബ് ഫുട്ബാളിൽ.
എഡ്വേർഡ് മെൻഡി
2021ലെ ഫിഫ, യുവേഫ ഗോൾകീപ്പർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ സെനഗാൾ ഗോൾകീപ്പർ. സെനഗാളിനെ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യന്മാരാക്കുന്നതിലും ഖത്തറിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും താരത്തിെൻറ പങ്ക് നിസ്തുലമെന്ന് പറയാം. ചെൽസിയുടെ വിശ്വസ്തനായ കാവൽഭടൻ. മെൻഡിയുടെ പ്രകടനം തുടരുകയാണെങ്കിൽ ലോകകപ്പിൽ സെനഗാളിെൻറ മുന്നേറ്റത്തിന് ഫുട്ബാൾ ലോകം സാക്ഷ്യംവഹിക്കും
എമിലിയാനോ മാർട്ടിനെസ്
ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം ലയണൽ മെസ്സിയുടെ അർജന്റീനൻ പടയുടെ വിശ്വസ്തനായ കാവലാളായി മാറിയ താരം. ഡിബു എന്ന വിളിപ്പേരുള്ള മാർട്ടിനെസ് ഇതുവരെ 18 തവണ അർജൻറീനയെ പ്രതിനിധാനംചെയ്ത് കളത്തിലിറങ്ങി. 2020ൽ ബ്രസീലിനെ കീഴടക്കി അർജൻറീനയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കുന്നതിലെ പ്രധാന പങ്കാളി കൂടിയാണ് എമിലിയാനോ മാർട്ടിനെസ്. മാർട്ടിനെസിെൻറ അസാമാന്യ പ്രകടനം അർജൻറീനയുടെ മൂന്നാം കിരീട പ്രതീക്ഷകൾക്ക് കൂടിയാണ് ചിറക് വിരിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കുവേണ്ടിയാണ് മാർട്ടിനെസ് കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

