ലോകകപ്പ് ഉത്സവമേളക്കൊരുങ്ങി കതാറ
text_fieldsകതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ഇബ്രാഹിം അൽ സുലൈതി, സാംസ്കാരിക വിഭാഗം ഡയറക്ടർ ഖാലിദ് അൽ സായിദ് എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തർ കളിയുത്സവത്തെ വരവേൽക്കുമ്പോൾ കലയുടെ ലോകവേദിയായി മാറാൻ ഒരുങ്ങി ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനമായ കതാറ.
വിപുലമായ പരിപാടികളുമായി ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കതാറ വില്ലേജ്. വിശ്വമേളക്ക് കിക്കോഫ് കുറിക്കുന്നതിന് രണ്ടുദിവസം മുമ്പായി നവംബര്‍ 18 മുതല്‍ കതാറയില്‍ പരിപാടികള്‍ക്ക് തുടക്കമാവും. ടൂർണമെന്റ് കാലത്തുടനീളം നീണ്ടുനിൽക്കുന്ന തരത്തിലാണ് ഒരു മാസത്തെ കലാപരിപാടികൾ ആസൂത്രണം ചെയ്തത്. ഖത്തറിന്റെ സാംസ്കാരിക പ്രൗഢി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായാണ് ലോകകപ്പിനെ കതാറ കാണുന്നത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ കതാറ വില്ലേജ് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ക്ക് വേദിയാകും.
22 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ അണിനിരത്തി ഉത്സവങ്ങള്‍, മ്യൂസിക് ഷോകള്‍, പ്രദര്‍ശനങ്ങള്‍, ലൈവ് ഷോ എന്നിങ്ങനെ 51 പരിപാടികളിലായി 300ലേറെ കലാ-സാംസ്കാരിക വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കതാറ അധികൃതര്‍ വ്യക്തമാക്കി. കതാറയില്‍ നടന്നുവരാറുള്ള ദൗ ഫെസ്റ്റിവലും ലോകകപ്പ് സമയത്താണ് നടക്കുന്നത്.
ഖത്തരി ജീവിതത്തിന്റെ ചരിത്രങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും തുഴഞ്ഞെത്തുന്ന ഫെസ്റ്റിവലിന്റെ 12ാം പതിപ്പാണ് ഇത്തവണത്തേത്.
വിവിധ അറബ് രാജ്യങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും. നവംബർ 18ന് സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലോടെയാകും ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്.