സെൽഫ്ഗോളും പെനാൽറ്റിയും വഴങ്ങി ലീഡ് നേടിയിട്ടും ബഹ്റൈനോട് പരാജയപ്പെട്ട് ഖത്തർ
text_fieldsഅറേബ്യൻ ഗൾഫ് കപ്പിൽ ബഹ്റൈനെതിരെ അഹ്മദ് അലാവുദ്ദീൻ ഖത്തറിന്റെ ഗോൾ നേടുന്നു
ദോഹ: അറേബ്യൻ ഗൾഫ് കപ്പിൽ തുടർ ജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഖത്തറിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനാണ് അന്നാബികളെ അടിയറവു പറയിച്ചത്. അഹ്മദ് അലാവുദ്ദീന്റെ ഗോളിൽ 34ാം മിനിറ്റിൽ മുന്നിലെത്തിയശേഷമാണ് ഖത്തർ തോൽവി വഴങ്ങിയത്. 2002നുശേഷം ഗൾഫ് കപ്പിൽ ബഹ്റൈനെതിരെ ജയം നേടിയിട്ടില്ലെന്ന നിരാശ മായ്ക്കുമെന്ന് പ്രതീക്ഷിച്ച കളിയിൽ മുഹമ്മദ് വാദിന്റെ സെൽഫ്ഗോളും അബ്ദുല്ല യൂസുഫ് ഹിലാലിന്റെ ഫിനിഷുമാണ് പിന്നിൽനിന്ന ബഹ്റൈന്റെ തിരിച്ചുവരവിലേക്ക് വല കുലുക്കിയത്. മത്സരം സമനിലയിലാവുമെന്നുറപ്പിച്ചുനിൽക്കെ 89ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെയായിരുന്നു ഹിലാൽ വിജയഗോൾ കുറിച്ചത്.
ലോകകപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ, പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ഖത്തർ യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിനെയാണ് ഗൾഫ്കപ്പിൽ അണിനിരത്തുന്നത്. ആദ്യകളിയിൽ കുവൈത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ യുവനിര ബഹ്റൈനെതിരെയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. മത്സരത്തിൽ കരുത്തരായ എതിരാളികൾക്കെതിരെ പന്തിന്മേൽ മേധാവിത്വം കാട്ടിയെങ്കിലും പ്രതിരോധനിരയിലെ പാളിച്ചകൾ പരാജയത്തിലേക്കു വഴിവെക്കുകയായിരുന്നു. ഡിഫൻഡർ വാദിന്റെ പിഴവാണ് രണ്ടുതവണയും വിനയായത്.
34ാം മിനിറ്റിൽ അലി അസ്സദലിയയുടെ ക്രോസിനെ ബഹ്റൈൻ ഗോളി ഇബ്രാഹിം ലുഫ്ത തട്ടിപ്പുറത്തിട്ടപ്പോൾ ലഭിച്ച കോർണർ കിക്കിൽനിന്നായിരുന്നു ഖത്തർ ലീഡെടുത്തത്.
കോർണർകിക്കിൽ എതിർ ഡിഫൻഡിനെ നിഷ്പ്രഭമാക്കി ഉയർന്നുചാടിയ അലാവുദ്ദീൻ ഉതിർത്ത ഫ്രീ ഹെഡർ ലുഫ്തക്ക് അവസരമൊന്നും നൽകാതെ ഉടനടി വലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഖത്തർ ഒരു ഗോളിനു മുന്നിലായിരുന്നു.
72ാം മിനിറ്റുവരെ അത് തുടർന്നു. എന്നാൽ, കാമിൽ അൽ അസ്വദിന്റെ ഷോട്ടിന് കാൽവെച്ച വാദിന്റെ കണക്കുകൂട്ടലുകൾ പിഴച്ച് പന്ത് സ്വന്തം വലയിലേക്ക് ഗതിമാറിയപ്പോൾ ഖത്തറുകാരന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. 89ാം മിനിറ്റിൽ ബോക്സിൽ വാദ് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു ബഹ്റൈന് പെനാൽറ്റി അനുവദിച്ചത്.
കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ബഹ്റൈൻ ആറു പോയന്റുമായി ഗ്രൂപ് ‘ബി’യിൽ ഒന്നാം സ്ഥാനത്താണിപ്പോൾ. ഖത്തർ മൂന്നു പോയന്റുമായി രണ്ടാമതാണുള്ളത്. യു.എ.ഇയെ തോൽപിച്ച കുവൈത്തിനും മൂന്നു പോയന്റുണ്ട്. രണ്ടു മത്സരങ്ങളും തോറ്റ യു.എ.ഇ സെമി കാണില്ലെന്നുറപ്പായിക്കഴിഞ്ഞു.
ഈ മാസം 13ന് നടക്കുന്ന അവസാന മത്സരത്തിൽ യു.എ.ഇയെ തോൽപിക്കാനായാൽ ഖത്തറിന് സെമിയിലേക്ക് മുന്നേറാം.
അന്ന് ബഹ്റൈനും കുവൈത്തും ഏറ്റുമുട്ടും. ഗ്രൂപ് ‘എ’യിൽ ഇറാഖിനും ഒമാനും നാലു പോയന്റ് വീതമാണുള്ളത്. സൗദി അറേബ്യക്ക് മൂന്നും. രണ്ടു കളികളും തോറ്റ യമൻ സെമി കാണാതെ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

