ലോകകപ്പിനു പിന്നാലെ ഖത്തറിന് വീണ്ടും ഫുട്ബാൾ മേള
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങളെ വരവേൽക്കാൻ ഒരുങ്ങവെ ഖത്തറിന് ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയും. തിങ്കാളാഴ്ച രാവിലെ ചേർന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗമാണ് അടുത്തവർഷത്തെ വൻകരയുെട പോരാട്ട വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത്.
ഇതോടെ, രാജ്യത്തെയും അറബ് മേഖലയിലെയും ഫുട്ബാൾ പ്രേമികളെ കാത്തിരിക്കുന്നത് അടുത്തടുത്ത വർഷങ്ങളിലെ കാൽപന്ത് ഉത്സവ നാളുകൾ. ഏഷ്യൻകപ്പ് ടൂർണമെൻറ് തീയതി പിന്നീട് പ്രഖ്യാപിക്കും.
ചൈനയായിരുന്നു നേരത്തെ ഏഷ്യൻകപ്പ് ഫുട്ബാൾ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ചൈന പിൻവാങ്ങിയതോടെ പുതിയ വേദി തേടുകയായിരുന്നു. വേദിയൊരുക്കാൻ സന്നദ്ധരായി ഖത്തറിനൊപ്പം ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും രംഗത്തെത്തി.
ആസ്ട്രേലിയയും ഇന്തോനേഷ്യയും പിൻവാങ്ങിയതോടെ ഖത്തറും ദക്ഷിണ കൊറിയയും മാത്രമായി രംഗത്ത്. ഒടുവിൽ ഖത്തറിനെ വൻകരയുടെ ഫുട്ബാൾ മേളയുടെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു. മികച്ച എട്ട് സ്റ്റേഡിയങ്ങളുമായി ലോകകപ്പിന് വേദിയൊരുക്കുന്നതും ഖത്തറിന് അനുകൂല ഘടകമായി മാറി.