ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം പി.എസ്.ജിക്ക്; മാർസെയിലിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി
text_fieldsഫ്രഞ്ച് സൂപ്പർ കപ്പ് കിരീടവുമായി പി.എസ്.ജി ടീം അംഗങ്ങൾ
കുവൈത്ത് സിറ്റി: ജാബിർ സ്റ്റേഡിയത്തെ തീപിടിപ്പിച്ച പോരാട്ടത്തിൽ മാർസെയിലിനെ പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീമിന് ഫ്രഞ്ച് സൂപ്പർ കപ്പ് കിരീടം. വ്യാഴാഴ്ച രാത്രി ജാബിർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് പി.എസ്.ജി കിരീടത്തിൽ മുത്തമിട്ടത്.
കുവൈത്തിലെ തണുത്ത രാത്രിയിലും സ്റ്റേഡിയം നിറഞ്ഞ കാണികളുടെ പിന്തുണയിൽ ഉണർന്നുകളിച്ച ടീമുകൾ മൽസരത്തെ ചൂടുപിടിപ്പിച്ചു. ആദ്യ പകുതിയിൽ ഭൂരിഭാഗവും പി.എസ്.ജിയുടെ നിയന്ത്രണത്തിലായിരുന്നു. പതിമൂന്നാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ഇടവേളക്ക് ശേഷം മാർസെയിൽ തിരിച്ചുവരവിനുള്ള ശ്രമം ശക്തമാക്കി. 75ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്കോർ സമനിലയിൽ എത്തിച്ചു.
87ാം മിനിറ്റിൽ പി.എസ്.ജിയെ ഞെട്ടിച്ച് മാർസെയിൽ മുന്നിലെത്തി. ഇതോടെ ശക്തമായ ആക്രമണവുമായി കളം നിറഞ്ഞ പി.എസ്.ജി അവസാന ഘട്ടത്തിൽ സമനില നേടി മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. ഷൂട്ടൗട്ടിൽ നിർണായക സേവുകൾ നടത്തി പി.എസ്.ജിയുടെ ഗോൾകീപ്പർ 4-1 ന്റെ തകർപ്പൻ വിജയം സമ്മാനിച്ചു.
രാജ്യത്ത് വിരുന്നെത്തിയ മൽസരത്തെ ആഘോഷപൂർവമാണ് കുവൈത്തിൽ വരവേറ്റത്. മൽസരത്തിന് സ്റ്റേഡിയത്തിൽ മുമ്പ് പ്രത്യേക വിനോദ, ആഘോഷ പരിപാടികൾ നടന്നു. കനത്ത തണുപ്പിലും 52,000ത്തിലധികം കാണികളാണ് മൽസരം കാണാൻ ജാബിർ അൽ അഹ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

